വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിനെ തുടർന്ന് ഇസ്രയേല്‍ മോചിപ്പിച്ച 90 പലസ്തീന് തടവുകാർക്ക് വെസ്റ്റ് ബാങ്കിലെ റാമല്ലയില്‍ വൻ വരവേൽപ്പ്. സ്ഥലത്ത് ആഹ്ലാദപ്രകടനങ്ങള്‍ അനുവദിക്കില്ലെന്ന ഇസ്രയേല്‍ സൈന്യത്തിന്റെ മുന്നറിയിപ്പുകള്‍ അവഗണിച്ച് ആയിരക്കണക്കിന് ആളുകളാണ് ഇവരെ സ്വീകരിക്കാന്‍ എത്തിയത്. 3 ഇസ്രയേല്‍ ബന്ദികളെ ഹമാസ് മോചിപ്പിച്ചതിന് പിന്നാലെയാണ് ഇസ്രയേല്‍ 90 തടവുകാരെ മോചിപ്പിച്ചത്.
തിങ്കളാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ ഒരു മണിയോടെയാണ്, 90 പലസ്തീന് തടവുകാരെയും വഹിച്ചുകൊണ്ട് റെഡ് ക്രോസ് ബസുകള്‍ അധിനിവേശ വെസ്റ്റ് ബാങ്കിലെ റാമല്ലയില്‍ എത്തിയത്. ഫലസ്തീൻ പതാകകൾ വീശി മണിക്കൂറുകളോളം തണുപ്പിൽ ഉറ്റവരെ സ്വീകരിക്കാൻ കുടുംബങ്ങൾ കാത്തുനിന്നിരുന്നു. അധിനിവേശ വെസ്റ്റ് ബാങ്കില്‍ നിന്നും ജറുസലേമില്‍ നിന്നുമുള്ള 69 സ്ത്രീകളും 12 വയസു മുതല്‍ 21 വയസു വരെയുള്ള കൗമാരക്കാരും വിട്ടയച്ചവരിൽ ഉണ്ട്.2024 മാർച്ചിൽ ഇസ്രായേലിൽ തടവിലാക്കപ്പെട്ട പലസ്തീൻ പത്രപ്രവർത്തക ബുഷ്റ അൽ-തവിൽ തിങ്കളാഴ്ച മോചിപ്പിച്ച തടവുകാരിൽ ഉൾപ്പെടുന്നു.
