ഗാസയിൽ വെടിനിർത്തൽ നടപ്പായില്ല. ഇന്ത്യൻ സമയം ഞായറാഴ്ച ഉച്ചയ്ക്ക് 12 (പ്രാദേശികസമയം രാവിലെ 8 30) മണിക്കായിരുന്നു വെടിനിർത്തൽ നിലവിൽ വരേണ്ടിയിരുന്നത്. ബന്ദികളാക്കപ്പെട്ടവരുടെ ലിസ്റ്റ് ഹമാസ് പുറത്ത് വിടാതെ വെടിനിർത്തൽ അംഗീകരിക്കില്ലെന്നും ഹമാസിനെതിരെയുള്ള ആക്രമണം തുടരുമെന്നുമാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചിരിക്കുന്നത്. വെടിനിർത്തൽ നടപ്പാക്കേണ്ടതില്ലെന്ന് അദ്ദേഹം സൈന്യത്തിന് നിർദേശം നൽകി.
വെടിനിർത്തല്‍ വെെകുമെന്ന് ആശങ്കയിലാണ് മധ്യസ്ഥരും ഗാസയിലെ ജനങ്ങളും. ആദ്യ ഘട്ടത്തിന്റെ ഭാഗമായി ഇന്ന് മോചിപ്പിക്കുന്നവരുടെ പേരുവിവരങ്ങൾ ഹമാസ് കൈമാറാത്തതാണ് വെടിനിർത്തൽ വൈകാൻ കാരണമെന്നാണ് പുറത്തുവരുന്ന വിവരം. ബന്ദികളെക്കുറിച്ച് വ്യക്തത ലഭിക്കാതെ വെടിനിർത്തല്‍ ആരംഭിക്കില്ലെന്നാണ് ഇസ്രയേൽ പ്രധാന മന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നിലപാട്. വെടിനിർത്തൽ പ്രാബല്യത്തിൽ വരാത്തതിനാൽ ഗാസയില്‍ ആക്രമണം തുടരുന്നതായി ഇസ്രയേല്‍ പ്രതിരോധ സേനയും അറിയിച്ചു.
വെടിനിർത്തല്‍ കരാറിന്റെ ആദ്യഘട്ടത്തിന്റെ ഭാഗമായി ഒന്നാം ദിനമായ ഇന്ന് ബന്ദികളായ മൂന്ന് ഇസ്രയേൽ സിവിലിയൻ സ്ത്രീകളെ മോചിപ്പിക്കുമെന്നായിരുന്നു ഹമാസ് അറയിച്ചിരുന്നത്. എന്നാല്‍ ഇവരുടെ പേരുവിവരങ്ങള്‍ ഹമാസ് വെളിപ്പെടുത്തിയില്ല. സാങ്കേതിക തടസങ്ങള്‍ മൂലമാണ് ബന്ദികളുടെ ലിസ്റ്റ് കൈമാറുന്നത് വൈകുന്നതെന്നാണ് ഹമാസ് പറയുന്നത്.
ആവശ്യമെങ്കിൽ യുദ്ധം പുനരാരംഭിക്കുമെന്ന് നെതന്യാഹു മുൻപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.വെടിനിർത്തൽ താത്കാലികമാണെന്നും ആവശ്യമുണ്ടെന്ന് തോന്നിയാൽ തങ്ങൾ യുദ്ധം പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഎസ് പ്രസിഡന്റ് ജോ ബൈഡനും നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപും തങ്ങളുടെ ഈ നിലപാടിനെ പിന്തുണച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.ഇതോടെയാണ് വെടിനിർത്തൽ അനിശ്ചിത്വത്തിലായത്