മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവരെ മരിച്ചവരായി കണക്കാക്കും. അടുത്ത ബന്ധുക്കൾക്ക് ധനസഹായം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ശുപാര്‍ശകള്‍ നൽകുന്നതിനായാണ് നടപടിയെന്ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
ഉരുള്‍ പൊട്ടലില്‍ കാണാതായവരുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ള എഫ്ഐആര്‍ വിശദാംശങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും ശേഖരിക്കാൻ റവന്യു ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നൽകിയതായി ഉത്തരവില്‍ പറയുന്നു.
ഇവരുടെ അടുത്ത ബന്ധുക്കള്‍ക്കു ധനസഹായം നല്‍കാനും തീരുമാനിച്ചു. ഇതിനായി സര്‍ക്കാര്‍ രണ്ടു സമിതികള്‍ രൂപീകരിച്ചു. സംസ്ഥാനതലത്തിലും പ്രാദേശികതലത്തിലും സമിതികള്‍ ഉണ്ടാകും. വില്ലേജ് ഓഫിസര്‍, പഞ്ചായത്ത് സെക്രട്ടറി, അതത് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ എന്നിവരടങ്ങുന്ന പ്രാദേശിക സമിതി ആദ്യം പട്ടിക തയാറാക്കി സമര്‍പ്പിക്കും. ആഭ്യന്തരവകുപ്പ് അഡീ. ചീഫ് സെക്രട്ടറി, റവന്യൂ, തദ്ദേശ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ എന്നിവരടങ്ങുന്നതാണ് സംസ്ഥാനതല സമിതി.
കാണാതായവരുടെ ബന്ധുക്കള്‍ പൊലീസ് സ്റ്റേഷനുകളില്‍ നല്‍കിയിരിക്കുന്ന പരാതികളുടെ വിവരങ്ങള്‍ ശേഖരിക്കും. തുടര്‍ന്ന് വില്ലേജ് ഓഫിസര്‍, പഞ്ചായത്ത് സെക്രട്ടറി, അതത് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ എന്നിവരടങ്ങുന്ന പ്രാദേശിക സമിതി പട്ടിക തയാറാക്കി ദുരന്ത നിവാരണ അതോറിറ്റിക്കു കൈമാറും. ഇതു ദുരന്തനിവാരണ അതോറിറ്റി പരിശോധിച്ച് ശുപാര്‍ശകളോടെ സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന സമിതിക്കു കൈമാറുകയാണ് ചെയ്യുന്നത്. ആഭ്യന്തരവകുപ്പ് അഡീ. ചീഫ് സെക്രട്ടറി, റവന്യൂ, തദ്ദേശ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരും അടങ്ങുന്ന സംസ്ഥാന സമിതി ഇതു സൂക്ഷമമായി പരിശോധിച്ച് സര്‍ക്കാരിനു കൈമാറും.