രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ പി.വി. അൻവറിൻ്റെ രാഷ്ട്രീയ പാർട്ടി പ്രവേശനത്തിൽ തീരുമാനമായി. തൃണമൂൽ കോൺഗ്രസിൻ്റെ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയിൽ നിന്നും അൻവർ അംഗത്വം സ്വീകരിച്ചു. നിലമ്പൂർ എം.എൽ.എ പി.വി. അൻവറിനെ പാർട്ടിയിലേക്ക് ഊഷ്മളമായി സ്വാഗതം ചെയ്ത് തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി. കൊൽക്കത്തയിൽ അഭിഷേകിന്റെ ഓഫിസിൽ വെച്ചാണ് പി.വി. അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. ടി.എം.സിയുടെ സംസ്ഥാന കോ-ഓർഡിനേറ്ററായി പ്രവർത്തിക്കാമെന്നാണ് അൻവറുമായുള്ള ധാരണ.
'കേരളത്തിലെ നിലമ്പൂർ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയായ പി.വി. അൻവർ ഞങ്ങളുടെ കുടുംബാംഗമായിരിക്കുന്നു. പൊതുസേവനത്തോടുള്ള അദ്ദേഹത്തിന്റെ സമർപ്പണവും കേരളത്തിലെ ജനങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടവും എല്ലാവരെയും ഉൾക്കൊള്ളുന്ന പാർട്ടിയായ തൃണമൂൽ കോൺഗ്രസിന്റെ വളർച്ചക്ക് മുതൽക്കൂട്ടാകും'- എന്നാണ് അൻവറിന്റെ പാർട്ടി പ്രവേശനത്തിൽ അഭിഷേക് ബാനർജി എക്സിൽ കുറിച്ചത്. ലക്ഷ്യം ഓരോ ശബ്ദത്തിനും പ്രാധാന്യമുള്ളതും ഓരോ സ്വപ്നവും സാക്ഷാത്കരിക്കപ്പെടുന്നതുമായ പുരോഗമന ഇന്ത്യയാണ്. അതിനായി ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുമെന്നും അഭിഷേക് ബാനർജി കുറിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ അംഗത്വം സ്വീകരിച്ചിട്ടില്ലെന്നും കേരളത്തില്‍ പാര്‍ട്ടിയുടെ സംസ്ഥാന കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുമെന്നും പി വി അന്‍വര്‍ .സ്വകാര്യ ഓപ്പറേഷനിലൂടെയാണ് തൃണമൂലിന്റെ ഭാഗമായതെന്നും പി വി അന്‍വര്‍ പറഞ്ഞു. ടിഎംസി ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുമായി കൊല്‍ക്കത്തയിലെ തൃണമൂല്‍ ഓഫീസില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പാര്‍ട്ടി പ്രവേശനത്തിന് മുന്നോടിയായി പാര്‍ട്ടി അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നും പി വി അന്‍വര്‍ പറഞ്ഞു. ജനക്ഷേമത്തിന് തൃണമൂല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
അതീവ രഹസ്യമായിട്ടായിരുന്നു അൻവറിന്റെ നീക്കങ്ങൾ. 3 ദിവസം മുൻപാണു തൃണമൂലിലേക്കു പോകാനുള്ള ചർച്ചകൾ ആരംഭിച്ചത്. തൃണമൂൽ യുവനേതാവും രാജ്യസഭാ എംപിയുമായ സുഷ്മിത ദേവിന്റെ നേതൃത്വത്തിലായിരുന്നു ചർച്ചകൾ എന്നാണു ലഭിക്കുന്ന സൂചന. തനിക്കൊപ്പം കേരളത്തിൽനിന്ന് 4 എംഎൽഎമാരെക്കൂടി തൃണമൂലിലേക്ക് അൻവർ വാഗ്ദാനം ചെയ്തെന്നാണു വിവരം. കേരളത്തോടു താൽപര്യമുള്ള തൃണമൂൽ ഇവിടെ നേരത്തേതന്നെ സർവേകൾ നടത്തിയിരുന്നു. അൻവറിലൂടെയും ബാക്കി എംഎൽഎമാരിലൂടെയും കേരളത്തിൽ ശക്തമായ സാന്നിധ്യമാകാമെന്നാണു തൃണമൂലിന്റെ കണക്കുകൂട്ടൽ.
ഇടതുപക്ഷവുമായി തെറ്റിപ്പിരിഞ്ഞ പി.വി അൻവർ ആദ്യം ഡി.എം.കെയിലേക്ക് ചേക്കേറാനാണ് ശ്രമിച്ചത്. എന്നാൽ, ഡി.എം.കെ പ്രവേശത്തിന് പച്ചക്കൊടി കാട്ടാതിരുന്നതോടെ അതേ പേരിൽ തന്നെ സംഘടന രുപീകരിച്ച് അൻവർ പ്രവർത്തനം തുടങ്ങി. പിന്നീട് യു.ഡി.എഫിലേക്ക് എത്താനായിരുന്നു അൻവറിന്റെ ശ്രമം. ഇതിനായി മുസ്ലിം ലീഗ് നേതൃത്വവുമായി ഉൾപ്പെടെ അൻവർ ചർച്ചകൾ നടത്തി. ഡി.എഫ്.ഒ ഓഫിസ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ പി.വി. അൻവറിനെ അറസ്റ്റ് ചെയ്തതോടെ നിലമ്പൂർ എം.എൽ.എക്ക് പ്രതിപക്ഷത്ത് നിന്ന് കൂടുതൽ പിന്തുണ ലഭിച്ചു. അൻവറിന്റെ യു.ഡി.എഫ് പ്രവേശനം ഉടൻ ഉണ്ടാവുമെന്ന പ്രവചനങ്ങൾക്കിടയിലാണ് അദ്ദേഹം തൃണമൂൽ കോൺഗ്രസിൽ ചേർന്നത്.
