മണിമലയാറ്റിൽ മീൻ പിടിക്കാൻ ഇറങ്ങിയ കുറുവാമുഴി തഴയ്ക്കൽ തോമാച്ചന് കിട്ടിയത് ഒന്നരക്കിലോയോളം തൂക്കമുള്ള സക്കർ ക്യാറ്റ് ഫിഷ്. മത്സ്യ സമ്പത്തിന് ഭീഷണിയായ പൂച്ച മത്സ്യം എന്ന സക്കർ ക്യാറ്റ് ഫിഷ് അക്വേറിയങ്ങളിൽ വളർത്തുന്ന അലങ്കാര മത്സ്യമാണ്. മറ്റ് മത്സ്യങ്ങളുടെ വിസർജ്യങ്ങൾ ഭക്ഷിക്കുന്നതിനാൽ അക്വേറിയങ്ങൾ വൃത്തിയാക്കുന്ന മത്സ്യമായാണ് പലരും വാങ്ങി വളർത്തിയിരുന്നത്. വളർച്ച കൂടുമ്പോൾ ഭക്ഷണം ധാരാളം വേണ്ടതിനാൽ തീറ്റ കിട്ടാതെ മറ്റ് മത്സ്യങ്ങളുടെ വളർച്ചനിലയ്ക്കും. പൂച്ചമത്സ്യം വളർന്ന് വലുതാകും. കൂടാതെ മറ്റ് മീനുകളുടെ മുട്ടകളും അകത്താക്കും. ഇങ്ങനെ പലവിധ കാരണങ്ങളാൽ അക്വേറിയങ്ങളിൽ നിന്ന് ജലാശയങ്ങളിലേക്ക് ഉപേക്ഷിക്കപ്പെടുന്ന പൂച്ച മത്സ്യങ്ങൾ പെറ്റുപെരുകുന്നത് അപകടമാണെന്നാണ് വിദഗ്ധർ പറയുന്നു. തനതു മത്സ്യസമ്പത്ത് ഇല്ലാതാക്കി വളരുന്ന ഇവ പല പുഴകളിലും വ്യാപിച്ചതായി ഫിഷറീസ് സർവകലാശാലയും കേരള സർവകലാശാലയും ചേർന്ന് നടത്തിയ പഠനത്തിൽ പറയുന്നു. തെക്കേ അമേരിക്കൻ ഇനമായ സക്കർ ഫിഷ് വളരെവേഗത്തിൽ പെറ്റുപെരുകുന്നവയാണ്. ഇവ തനതുമീനുകളെ നശിപ്പിക്കുന്നത് ഗുരുതരപ്രശ്നമാണെന്ന് പഠനം നടത്തിയ കേരള സർവകലാശാലയിലെ പ്രൊഫസർ എ ബിജുകുമാർ, ഫിഷറീസ് സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. രാജീവ് രാഘവൻ എന്നിവർ പറയുന്നു.