മകനെതിരെയുള്ള ലഹരിക്കേസ് വാർത്ത വ്യാജമെന്ന് ആവർത്തിച്ച് യു. പ്രതിഭ എംഎൽഎ. മകൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും മകന്റെ ലഹരിക്കേസിൽ തന്നെ പലരും വ്യക്തിപരമായി ആക്രമിച്ചെന്നും പ്രതിഭ ആരോപിച്ചു. രണ്ട് ചാനലുകളും ചില ഓൺലൈൻ മാധ്യമങ്ങളും തന്നെയും പാർട്ടിയെയും നിരന്തരം വേട്ടയാടിയെന്നും യു.പ്രതിഭ പറഞ്ഞു.ഒപ്പമുണ്ടായിരുന്ന ചിലർ തെറ്റു ചെയ്തിട്ടുണ്ടാകാം, മകൻ തെറ്റ് ചെയ്തിട്ടില്ല. പല സ്ഥലങ്ങളിലും കുട്ടികൾ സൗഹൃദത്തിൽ ഏർപ്പെടുന്നതുപോലെയാണ് തന്റെ മകനും കൂട്ടുകാരുമായി ഒത്തു ചേർന്നത്.
തനിക്ക് പറയാനുള്ളത് മാധ്യമങ്ങളോട് പറഞ്ഞിരുന്നുവെന്നും എന്നാൽ തന്റെ വാക്കുകൾ അടർത്തി മാറ്റി മറ്റൊരു ക്യാമ്പെയ്നാക്കി മാറ്റിയെന്നും പ്രതിഭ പറഞ്ഞു. പ്രധാനമായും മൂന്ന് ചാനലുകൾക്കെതിരെയാണ് എംഎൽഎ രംഗത്തെത്തിയത്. ഇതിൽ രണ്ട് ചാനലുകൾ തന്നെ നിരന്തരം വേട്ടയാടി. മതപരമായ കാര്യങ്ങൾ എന്ന് പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചു. മകന്റെ ചിത്രങ്ങൾ സഹിതം ഓൺലൈൻ ചാനലുകൾ അടക്കം വാർത്ത നൽകി. മകനെതിരായ വാർത്ത വ്യാജമാണെന്നതിൽ ഉറച്ചുനിൽക്കുന്നു. പാർട്ടിയുമായി ആലോചിച്ച് നിയമപരമായി നേരിടുമെന്നും എംഎൽഎ പറഞ്ഞു.
ഉച്ചയ്ക്ക് 2 മണിക്ക് ഉണ്ടായ സംഭവത്തിൽ രാത്രി 12 നാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. പിഴ അടച്ചാൽ തീരുന്ന പെറ്റി കേസാണ് മകൻ ഉൾപ്പെടെയുള്ളവർക്കെതിരെ എടുത്തത്. എക്സൈസ് ഡപ്യൂട്ടി കമ്മിഷണറെ സ്ഥലം മാറ്റിയതിൽ രാഷ്ട്രീയമില്ല. മന്ത്രിയെ ഇതിനായി ബന്ധപ്പെട്ടിട്ടില്ല.വിഷയത്തിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് അമിത സമ്മർദ്ദം ഉണ്ടായെന്നും യു പ്രതിഭ ആരോപിച്ചു. ബിജെപി നേതാക്കളുടെ ക്ഷണത്തിന് ബിജെപിയിലേക്ക് താൻ പോകുമോ എന്ന ചോദ്യത്തിന് പോലും പ്രസക്തിയില്ലെന്നും അങ്ങനെ ഒരു ആശങ്ക വേണ്ടെന്നുമായിരുന്നു എംഎൽഎയുടെ മറുപടി. താൻ ബിജെപിയിൽ പോകുമെന്ന പ്രചാരണത്തെ പുച്ഛിച്ച് തള്ളുകയാണെന്നും പ്രതിഭ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം യു. പ്രതിഭയ്ക്ക് പിന്തുണയുമായി സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.എച്ച്. ബാബു ജാനും രംഗത്തെത്തി. എംഎൽഎയെയും മകനെയും വേട്ടയാടുന്നെന്നായിരുന്നു കെ.എച്ച്. ബാബുവിൻ്റെ പക്ഷം. വാർത്തകളെ പരമ പുച്ഛത്തോടെ കാണുന്നു. കുട്ടികളാകുമ്പോൾ ചിലപ്പോൾ തെറ്റ് പറ്റുമെന്നും, ചെറിയ തെറ്റിനെ മാധ്യമങ്ങൾ പർവതീകരിക്കുന്നെന്നും ബാബു അഭിപ്രായപ്പെട്ടു.എംഎൽഎയ്ക്ക് എതിരായ പ്രചാരണം സിപിഎമ്മിന് നേരെ തന്നെയാണെന്ന് ബാബു പറഞ്ഞു. മാധ്യമങ്ങൾ വിവേകത്തോടെ വാർത്ത നൽകണമെന്ന് അഭ്യർഥിക്കുന്നു. കുട്ടിയുടെ മാനസികാവസ്ഥ കൂടി പരിഗണിക്കണമായിരുന്നെന്ന് പറഞ്ഞ ബാബു, ആ കുട്ടി എന്തെങ്കിലും കടുംകൈ കാണിച്ചിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നെന്നും ചോദിച്ചു.