![]() |
Courtesy |
ലോകത്തിലെ ഏറ്റവും ഉയരംകൂടിയ വനിതയെന്ന ഗിന്നസ് റെക്കോഡ് തുർക്കിക്കാരിയായ റുമെയ്സ ഗെൽഗിയുടെ പേരിലാണ്. 215.16 സെന്റീമീറ്റർ (7 അടി 0.7 ഇഞ്ച്) ഉയരത്തോടെ 2021 ഒക്ടോബറിലാണ് ഗെൽഗി ഈ റെക്കോഡ് സ്വന്തമാക്കുന്നത്. അഭിഭാഷകയും ഗവേഷകയും കൂടിയായ ഗെൽഗിയെ തനിക്ക് ബാധിച്ച് ഒരു അപൂർവ ജനിതക രോഗമാണ് ഈ റെക്കോഡിലേക്കെത്തിച്ചത്. എല്ലുകൾ അമിതമായി വളരുന്ന വീവർ സിൻഡ്രോം എന്ന അവസ്ഥയോടുകൂടിയാണ് ഗെൽഗി ജനിച്ചതു തന്നെ. ഗിന്നസ് ബുക്കിൽ ഇടം നേടിയെങ്കിലും ഈ റെക്കോഡ് റുമെയ്സയ്ക്കുണ്ടാക്കുന്ന തലവേദന ചെറുതല്ല. പ്രായത്തിൽ കവിഞ്ഞ അസാധാരണ വളർച്ച, എല്ലുകൾക്ക് അതിവേഗം പ്രായം കൂടുന്ന അവസ്ഥ, നടക്കുമ്പോൾ നിയന്ത്രണം നഷ്ടപ്പെടുന്ന പ്രശ്നം, ശ്വാസതടസ്സം, ഭക്ഷണം കഴിക്കുമ്പോൾ പ്രയാസം എന്നിങ്ങനെ പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ് നിത്യജീവിതത്തിൽ അവർക്ക് അഭിമുഖീകരിക്കേണ്ടതായി വരുന്നത്. സ്വതന്ത്രമായി പുറത്തിറങ്ങി നടക്കാനോ. ഒറ്റയ്ക്ക് സഞ്ചരിക്കാനോ, വാഹനങ്ങളിൽ കയറാനോ ഒന്നും ഈ 28-കാരിക്ക് സാധിക്കില്ല.
എന്നാൽ ഈ സാഹചര്യത്തിലും അടുത്തിടെ നടത്തിയ വിമാനയാത്രയുടെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഗെൽഗി. ഇസ്താംബൂളിൽ നിന്ന് സാൻ ഫ്രാൻസിസ്കോയിലേക്കുള്ള 19 മണിക്കൂർ വിമാനയാത്ര. സാധാരണക്കാരെ പോലെ വിമാനത്തിൽ ഇരുന്ന് യാത്രചെയ്യാൻ അവർക്ക് പറ്റില്ല. അതിനാൽ തന്നെ ഗെൽഗിയുടെ യാത്രയ്ക്കായി ടർക്കിഷ് എയർലൈൻസിന് വിമാനത്തിൽ തന്നെ വലിയ മാറ്റങ്ങൾ വരുത്തേണ്ടതായി വന്നു. ഗെൽഗിക്കായി ഒരു പ്രത്യേക സ്ട്രെച്ചർ ഉൾപ്പെടുത്തുന്നതിനായി കമ്പനി, വിമാനത്തിലെ ആറു സീറ്റുകളാണ് നീക്കംചെയ്തത്. കിടന്നല്ലാതെ ഗെൽഗിക്ക് യാത്ര ചെയ്യാൻ സാധിക്കില്ലായിരുന്നു. ഗെൽഗിയുടെ യാത്ര പ്രശ്നങ്ങളൊന്നുമില്ലാതെ മുന്നോട്ടുപോകുന്നതിനായി ക്യാബിൻ ക്രൂ, മെഡിക്കൽ സ്റ്റാഫ്, മറ്റ് സപ്പോർട്ട് ടീമുകൾ എല്ലാം തന്നെ ഉണർന്നുപ്രവർത്തിച്ചു.
നട്ടെന്ന് അമിതമായി വളയുന്ന സ്കോളിയോസിസ് എന്ന അവസ്ഥ കൂടിയുണ്ട് ഗെൽഗിക്ക്. ഇത് ശരിയാക്കുന്നതിനായി 11 വർഷം മുമ്പ് അവർ സ്പൈനൽ ഫ്യൂഷൻ സർജറി നടത്തിയിരുന്നു. എങ്കിലും ഒരു ദിവസം ഗെൽഗിക്ക് ഇരിക്കാൻ സാധിക്കുക ഒന്നോ രണ്ടോ മണിക്കൂർ മാത്രമാണ്. നട്ടെല്ലിന് അമിത സമ്മർദം വരുന്നത് ഗെൽഗിക്ക് താങ്ങാനാകില്ല. നട്ടെല്ലിൽ സമ്മർദം വന്ന് വളയുന്നത് തയാനും നട്ടെല്ല് എപ്പോഴും നിവർന്നിരിക്കാനുമായി രണ്ട് നീളമുള്ള കമ്പികളും 30 സ്ക്രൂകളും ഗെൽഗിയുടെ നട്ടെല്ലിൽ ഘടിപ്പിച്ചിട്ടുണ്ട്. തത്ഫലമായി യാത്ര ചെയ്യുമ്പോൾ ഭൂമിഭാഗം സമയവും കിടന്നുകൊണ്ടുമാത്രമേ ഗെൽഗിക്ക് സഞ്ചരിക്കാനാകൂ. ഇത്തരമൊരു സാഹചര്യത്തിലാണ് അവർ 19 മണിക്കൂർ നീണ്ട വിമാനയാത്രയ്ക്ക് ഒരുങ്ങിയത്. സ്ട്രെച്ചറിൽ കിടന്ന് യാത്ര ചെയ്യേണ്ടിവന്നതും ഈ രോഗാവസ്ഥ കാരണമാണ്. സ്പൈനൽ ഫ്യൂഷൻ സർജറിക്കു മുമ്പ് ഗെൽഗിക്ക് പരമാവധി 20 മിനിറ്റ് മാത്രമേ ഇരിക്കാൻ സാധിക്കുമായിരുന്നുള്ളൂ.