ജില്ല കോടതിപ്പാലം നവീകരണത്തിന്റെ ഭാഗമായി നഗരത്തിന്റെ പുരാതന മുഖമായ ബോട്ട് ജെട്ടിയും സ്റ്റേഷൻ മാസ്റ്റർ ഓഫിസ് കെട്ടിടവും ഇനി ഓർമ്മകളുടെ തീരങ്ങളിൽ നിറംമങ്ങാതെ നിൽക്കും. പതിറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടം പൊളിച്ചു.1940ൽ ബ്രിട്ടീഷ് ഭരണകാലത്താണ് സ്ഥാപിച്ചത്. കൊളോണിയൽ ഭരണകാലത്തെ സർക്കാർചിഹ്നമായ "ശംഖ്’ തടിയിൽ കടഞ്ഞെടുത്ത് കെട്ടിടഗോപുരത്തിന്റെ മുഖപ്പറ്റിൽ സ്ഥാപിച്ചിരുന്നു. അതെല്ലാം ഇനി ഓർമകൾ. മോട്ടോർബോട്ടുകൾ ഉപയോഗിച്ച് ജലഗതാഗതശൃംഖല എന്ന ആശയം പരീക്ഷിച്ച് വിജയിച്ചതും ആലപ്പുഴ ബോട്ടുജെട്ടിയിലായിരുന്നു. സ്വകാര്യ ഏജൻസികൾ ചേർന്ന് രൂപീകരിച്ച "ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ’ നഷ്ടത്തിലായപ്പോൾ, 1968-ൽ 122 / 68/ പിഡബ്ല്യു ഉത്തരവ് പ്രകാരമാണ് സർക്കാർ ഏറ്റെടുത്തത്. തുടർന്ന് മോട്ടോർ ബോട്ടുകൾ ഉപയോഗിച്ച് ഉൾനാടൻ ഗതാഗതം ആരംഭിച്ചു. ആലപ്പുഴ, എറണാകുളം, ചെങ്ങന്നൂർ, ചങ്ങനാശേരി, വൈക്കം, മുഹമ്മ, കൊല്ലം, എടത്വ, പുളിക്കീഴ്, പുളിങ്കുന്ന്, പയ്യന്നൂർ എന്നിവിടങ്ങളിൽ ബോട്ടുജെട്ടികൾ വിപുലീകരിച്ച് ആലപ്പുഴ ബോട്ടുജെട്ടിയിൽനിന്ന് സർവീസുകൾ ആരംഭിച്ചു. 1957-ലെ കുപ്രസിദ്ധമായ ഒരണസമരം നടന്നതും ഈ ബോട്ടുജെട്ടിയിലായിരുന്നു. അക്കാലത്ത് ആലപ്പുഴയിൽ നിന്ന് കോട്ടയത്തേക്കും, എറണാകുളത്തേക്കും, കൊല്ലത്തേക്കും പാഴ്സൽ സർവീസുകളും ഉണ്ടായിരുന്നു.
