വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വാധീനമുള്ള മേഖലകളിൽ സ്വതന്ത്രരെ നിർത്തും
വലത് ദേശീയ പാർട്ടിക്ക് രൂപം നൽകാനൊരുങ്ങി ക്രിസ്ത്യൻ അസോസിയേഷൻ ആൻ്റ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ (കാസ). പാർട്ടി രൂപീകരണത്തിൻ്റെ പഠനങ്ങൾ നടത്തിയതായി കാസാ ഭാരവാഹികൾ അറിയിച്ചു. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വാധീനമുള്ള മേഖലകളിൽ സ്വതന്ത്രരെ നിർത്തും. മറ്റിടങ്ങളിൽ ബിജെപി സ്ഥാനാർഥികളെ പിന്തുണയ്ക്കുമെന്നും കാസ അറിയിച്ചു. പ്രഖ്യാപനം ഔദ്യോഗികമായി ഉണ്ടായിട്ടില്ല.കാസ സ്ഥാപകരില്‍ ഒരാളും സംസ്ഥാന പ്രസിഡന്റുമായ കെവിന് പീറ്ററിനെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
'കേരളത്തിൽ ഒരു രാഷ്ട്രീയപ്പാർട്ടിയുടെ സാധ്യതയെക്കുറിച്ച് വളരെ വിശദമായി പഠിച്ചിട്ടുണ്ട്. മുൻതിരഞ്ഞെടുപ്പിലെ കണക്കുകളടക്കം പരിശോധിച്ചാണ് പഠനം നടത്തിയത്. കേരള കോൺഗ്രസിന് ഒരു തിരിച്ചുവരവ് സാധ്യമല്ല. വിശ്വാസ്യത നഷ്ടപ്പെട്ടു. കറകളഞ്ഞ, ദേശീയതയ്ക്കൊപ്പം നിൽക്കുന്ന വലത് രാഷ്ട്രീയപ്പാർട്ടിക്കുള്ള സ്പെയ്സ് ഇവിടെ ഒഴിഞ്ഞു കിടക്കുന്നുണ്ട്. പാർട്ടി ഉണ്ടാക്കാനുള്ള തീരുമാനം ഇതുവരെ എടുത്തിട്ടില്ല. ഭാവിയിൽ അനുകൂല സാഹചര്യങ്ങൾ ഒത്തുവരികയും രാഷ്ട്രീയ പ്രസ്ഥാനം തുടങ്ങേണ്ടത് ആവശ്യമായി വരികയും ചെയ്താൽ അപ്പോൾ ആ തീരുമാനം എടുക്കും', കെവിൻ പീറ്റർ പറഞ്ഞു.
120 നിയോജക മണ്ഡലം കമ്മിറ്റികൾ പ്രവർത്തനം ആരംഭിച്ചെന്നും കാസ സംസ്ഥാന പ്രസിഡൻ്റ് കെവിൻ പീറ്റർ പറഞ്ഞു. മുമ്പും ബിജെപിയെ പിന്തുണയ്ക്കുന്ന നിലപാട് കാസാ സ്വീകരിച്ചിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ യുവതി- യുവാക്കളെ മത്സരരംഗത്തേക്ക് ഇറക്കാന്‍ കണ്ടെത്തുകയും പ്രേരിപ്പിക്കുകയും തയ്യാറായവരെ പിന്തുണയ്ക്കുകയും ചെയ്യും. അതിനുള്ള തീരുമാനം എടുത്ത് പ്രവര്‍ത്തനം തുടങ്ങിയെന്നും കെവിന് പീറ്റര്‍ പറയുന്നു.
ഇസ്ലാമോഫോബിയ പരത്തുന്ന സംഘടന എന്ന പേര് കാസയ്ക്ക് മേൽ ചാർത്തപ്പെട്ടിട്ടുണ്ട് . 2018 ൽ കെവിൻ അടക്കം ആറു പേർ ചേർന്നാണ് സംഘടന രൂപീകരിച്ചത്, 2019 ൽ ഈ സംഘടന സൊസൈറ്റിയായി രജിസ്റ്റർ ചെയ്തു. കേരളത്തിലെ 17 ക്രിസ്ത്യൻ സംഘടനകളുടെ പിന്തുണയുണ്ടെന്നാണ് ഇവർ അവകാശപ്പെടുന്നത്. ലൗ ജിഹാദ്, പൗരത്വ ഭേദഗതി നിയമം, മുത്തലാക്ക് തുടങ്ങിയ വിവാദ വിഷയങ്ങളിൽ കാസ ബിജെപിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.
ലവ് ജിഹാദിന്റെ ഇരയാണ് താനെന്നും, തൻറെ ഒരേ ഒരു മകൾ മുസ്ലിം മതവിശ്വാസിയെ വിവാഹം കഴിക്കുന്നതിനു വേണ്ടി 2016 ൽ വീടുവിട്ടു , പിന്നെ മകളെക്കുറിച്ച് ഒരു വിവരവുമില്ല എന്നാണ് കെവിൻ പീറ്റർ പറയുന്നത്.
അതേസമയം നിലവിലെ ധാരണ അനുസരിച്ചു കാസ ഒരു സംവിധാനമായി തുടരും പക്ഷേ, പുതിയ പാർട്ടി ഇതിൽ നിന്നും വ്യത്യസ്തമായി പ്രത്യേകമായി നിലകൊള്ളും. ദേശീയതയ്ക്ക് വേണ്ടി നിലകൊള്ളുന്നവരെ വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പിന്തുണയ്ക്കും, അതായത് അവർ സ്വതന്ത്ര രാവാം, രാഷ്ട്രീയപാർട്ടികളുടെ സ്ഥാനാർത്ഥികൾ ആവാം അങ്ങനെയുള്ളവർ ദേശീയത പിന്തുണയ്ക്കുന്ന തീരുമാനമെടുത്താൽ അവർക്ക് കാസയുടെ അനുകൂലമായ സമീപനം ഉണ്ടാവും. 2026 ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് രാഷ്ട്രീയ പാർട്ടിക്ക് രൂപം നൽകാനാണ് ശ്രമം, കെവിൻ പറയുന്നു. സംസ്ഥാനത്തെ 120 നിയോജകമണ്ഡലങ്ങളിലെ കാസാക കമ്മിറ്റികളിൽ മൊത്തം 22000 അംഗങ്ങൾ ഉണ്ടെന്നും, കൂടുതലും മധ്യകേരളത്തിലും, മലബാർ മേഖലയിലും ആണെന്നും കെവിൻ പറയുന്നു.
#CASA