ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പട്ടികയ്ക്ക് സി.പി.എം അന്തിമ രൂപം നല്കി. ബുധനാഴ്ച ചേര്‍ന്ന സെക്രട്ടേറിയറ്റ് സംസ്ഥാന കമ്മിറ്റി യോഗങ്ങളാണ് പട്ടികയ്ക്ക് അന്തിമ രൂപം നല്‍കിയത്. ഒരു പൊളിറ്റ് ബ്യൂറോ അംഗവും മൂന്നു ജില്ലാ സെക്രട്ടറിമാരും നാല് കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെട്ടതാണ് സിപിഎം പാനല്‍.ഔദ്യോഗിക പ്രഖ്യാപനം 27 ആം തീയതി നടക്കും.
കൊല്ലത്ത് നിലവിലെ എംഎൽഎ ആയ മുകേഷിനെ തന്നെ ഇറക്കാനാണ് സിപിഎം ഉദ്ദേശിക്കുന്നത്. തുടർച്ചയായി രണ്ടു തവണ കൊല്ലത്ത് നിന്ന് ജയിച്ച് നിയമസഭയിലെത്തിയ മുകേഷിന്റെ ജനസ്വീകാര്യത ലോക്സഭയിലും തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് സിപിഎം. ആലപ്പുഴയിൽ നിലവിലെ എംപി എഎം ആരിഫും, ഇടുക്കിയിൽ ജോയ്സ് ജോർജും മത്സരിക്കും. എറണാകുളത്ത് ഒരു പുതുമുഖത്തെ അവതരിപ്പിക്കുകയാണ് സിപിഎം. നിലവിൽ എറണാകുളത്ത് കോൺഗ്രസിന്റെ ശക്തനായ നേതാവ് ഹൈബി ഈഡൻ ഉള്ളപ്പോഴാണ്,ഒരു പ്രാദേശിക നേതാവിനെ സിപിഎം അവതരിപ്പിക്കുന്നത്. ഹൈബിക്ക് എതിരായി ലോക്കൽ കമ്മിറ്റി അംഗവും കെഎസ്ടിഎ നേതാവുമായ കെ.ജെ.ഷൈൻ സ്ഥാനാർഥിയാകും.
പൊന്നാനിയിൽ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫിന്റെ പേര് കേട്ടിരുന്നെങ്കിലും സ്ഥാനാർഥി പ്രഖ്യാപനം വന്നപ്പോൾ സ്വതന്ത്ര സ്ഥാനാർത്ഥിയായി കെഎസ് ഹംസയെയാണ് പൊന്നാനിയിൽ അവതരിപ്പിച്ചിരിക്കുന്നത്. മുസ്ലിം ലീഗിന്റെ മുൻ സംസ്ഥാന സെക്രട്ടറിയായിരുന്ന ഹംസയെ ലീഗിൽ നിന്ന് നേരത്തെ പുറത്താക്കിയിരുന്നു. പതിനഞ്ച് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിൽ രണ്ട സ്ത്രീകൾ മാത്രമാണുള്ളത്. ചാലക്കുടിയിൽ സി.രവീന്ദ്രനാഥും, പാലക്കാട് എ വിജയരാഘവനും മലപ്പുറത്ത് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫും, കോഴിക്കോട് എളമരം കരീമും, കണ്ണൂരിൽ എം വി ജയരാജനും, കാസർകോട് എം വി ബാലകൃഷ്ണനും മത്സരിക്കും.