എറണാകുളം ലോക്സഭാ സീറ്റിൽ അമ്പരപ്പിച്ചിരിക്കുകയാണു സിപിഎം. ചർച്ചയിലുണ്ടായിരുന്ന പേരുകളെല്ലാം ഒഴിവാക്കി പാർട്ടിക്കുള്ളിൽതന്നെ അത്ര പ്രശസ്തയല്ലാത്ത കെ.ജെ.ഷൈൻ എന്ന ഷൈൻ ടീച്ചറെയാണ് ഇത്തവണ എറണാകുളം പിടിക്കാൻ പാർട്ടി നിയോഗിച്ചത്. പാർട്ടിയിലും എറണാകുളം ജില്ലയ്ക്കു പുറത്തും വലിയ തോതിൽ അറിയപ്പെടുന്ന ആളല്ലെങ്കിലും തന്റെ തട്ടകമായ വടക്കൻ പറവൂർ മേഖലയില്‍ പാര്‍ട്ടിയുടെ സജീവ സാന്നിധ്യവും മികച്ച പ്രാസംഗികയുമാണ് 53 വയസ്സുകാരിയായ കെ.ജെ.ഷൈൻ.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ തട്ടകത്തിൽനിന്നു തന്നെയാണ് സിപിഎം സ്ഥാനാർഥിയെ അവതരിപ്പിച്ചത്. കോട്ടപ്പുറം രൂപതയുടെ കീഴിലുള്ള വൈപ്പിൻ പള്ളിപ്പുറം സെന്റ് മേരീസ് ൈഹസ്കൂളിൽ യുപി വിഭാഗം അധ്യാപികയായ ഷൈൻ ഇപ്പോൾ ഡപ്യൂട്ടേഷനിൽ സമഗ്ര ശിക്ഷ കേരളയിൽ (എസ്എസ്കെ) ട്രെയിനറായി ജോലിചെയ്യുന്നു.
ലോക്സഭാ സ്ഥാനാര്‍ത്ഥിപ്പട്ടികയിലെ രണ്ടു വനിതാ സ്ഥാനാര്ഥികളിലൊരാള് എറണാകുളത്തുനിന്നാകാമെന്ന തീരുമാനം ഉണ്ടായപ്പോഴേ ഷൈന്‍ ടീച്ചറുടെ പേര് പരിഗണനയിലെത്തിയിരുന്നു. സ്ഥാനാര്‍ഥിയായി പരിഗണിച്ചിരുന്ന മറ്റൊരാള്‍ കെ.വി.തോമസിന്റെ മകള്‍ രേഖ തോമസായിരുന്നു. എന്നാല്‍, പാര്‍ട്ടിയ്ക്കകത്തുനിന്നു തന്നെയുള്ള ആളെന്ന നിലയില്‍ അവസാന നറുക്ക് കെ.ജെ.ഷൈന്‍ വീഴുകയായിരുന്നെന്നാണ് പാര്‍ട്ടിവൃത്തങ്ങളില്‍നിന്ന് ലഭിക്കുന്ന സൂചന.
കേരള കാത്തലിക് യൂത്ത് മൂവ്മെന്റില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ചിട്ടുള്ള ഷൈന്‍ ടീച്ചറുടെ സ്ഥാനാര്‍ഥിത്വം മണ്ഡലത്തിലെ സാമുദായിക സമവാക്യങ്ങള്‍ ഉപയോഗപ്പെടുത്താനും ഗുണംചെയ്യുമെന്ന വിലയിരുത്തലുമുണ്ടായി. 'ന്യൂനപക്ഷം ഭൂരിപക്ഷമായ ജില്ലയില്‍, അവരില്‍നിന്നുള്ള ഒരാള്‍ തന്നെയാവട്ടെ സ്ഥാനാര്‍ഥിയെന്ന് തീരുമാനിച്ചു'വെന്നായിരുന്നു ഒരു നേതാവിന്റെ പ്രതികരണം.
സിപിഎം പറവൂർ ടൗൺ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗമായ ഷൈൻ, കോട്ടപ്പുറം രൂപതയിലെ കെസിഎസ്എൽ, കെസിവൈഎം സംഘടനാ പ്രവർത്തകയുമായിരുന്നു. കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ മുൻ ജില്ലാ പ്രസിഡന്റു കൂടിയായ ഷൈൻ നിലവിൽ കെഎസ്ടിഎയുടെ സംസ്ഥാന കമ്മിറ്റി അംഗമാണ്. പറവൂർ നഗരസഭയിൽ തുടർച്ചയായി 3 വട്ടം വിജയിച്ചിട്ടുണ്ട് എന്നതും സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷയായി തുടരുന്നതും സ്ഥാനാർഥി നിർണയത്തിൽ നിർണായകമായി. ഗോതുരുത്ത് കോണത്ത് പരേതനായ ജോസഫിന്റെയും മേരിയുടെയും മകളാണ്. റിട്ട. സീനിയർ സൂപ്രണ്ട് കൂനമ്മാവ് വാഴപ്പിള്ളി ഡൈന്യൂസ് തോമസാണു ഭർത്താവ്. എച്ച്ഡിഎഫ്സി ബാങ്ക് പച്ചാളം ശാഖയിൽ അസി. മാനേജരായ ആരോമൽ, എംബിബിഎസ് വിദ്യാർഥി അലൻ, ആലുവ സെന്റ് സേവ്യേഴ്സ് കോളജിൽ ഒന്നാം വർഷ ഡിഗ്രി വിദ്യാർഥി ആമി ഷൈൻ എന്നിവരാണ് മക്കൾ.
