കഴിഞ്ഞ മാസം ജര്‍മനിയ്ക്ക് മുകളില്‍ വെച്ച് കത്തിയമര്‍ന്ന ഛിന്നഗ്രഹത്തിന് ഭൂമിയുടെ ഉറവിടവുമായി ബന്ധപ്പെട്ട വിവരങ്ങളിലേക്ക് വെളിച്ചം വീശാനാകുമെന്ന് ശാസ്ത്രജ്ഞര്‍. ഭൗമാന്തരീക്ഷത്തില്‍ കത്തിയമര്‍ന്ന 2024ബിഎക്സ്1 ഛിന്നഗ്രഹത്തിന്റെ അവശിഷ്ടങ്ങള്‍ അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ കണ്ടെത്തിയിരുന്നു. ഈ ഉല്‍ക്കാവശിഷ്ടങ്ങള്‍ ഓബ്രൈറ്റ്സ് (Aubrite) എന്ന അപൂര്‍വവിഭാഗത്തില്‍ പെടുന്നവയാണെന്ന് അവ വിശകലനം ചെയ്ത ശാസ്ത്രജ്ഞര്‍ പറഞ്ഞു. സൗരയൂഥ രൂപീകരണവുമായി ബന്ധമുള്ള ഈ ഉല്‍ക്കാശിലകള്‍ക്ക് 450 കോടി വര്‍ഷത്തെ പഴക്കമെങ്കിലും ഉണ്ടാകുമെന്നും അവര്‍ പറയുന്നു.
ഇതിന് മുമ്പും ഓബ്രൈറ്റുകള്‍ ഭൂമിയില്‍ പതിച്ചിട്ടുണ്ട്. സവിശേഷമായ പ്രത്യേകതകള്‍ കൊണ്ട് ഈ ഉല്‍ക്കാശിലകള്‍ വേറിട്ടുനില്‍ക്കുന്നവയാണ്. സാധാരണ ഉല്‍ക്കാശിലകളില്‍ നിന്ന് വ്യത്യസ്തമായി കറുത്ത് കട്ടിയുള്ള രൂപത്തിന് പകരം അര്‍ധസുതാര്യമായ ഗ്ലാസ് പുറംതോടാണ് ഇവയ്ക്ക്. ഒരു തരത്തില്‍ ഗ്രാനൈറ്റിന് സമാനമായ രൂപം. ഇക്കാരണം കൊണ്ടുതന്നെ ഭൂമിയിലെ സാധാരണ പാറകളില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ പ്രയാസമാണ്.
ജനുവരി 21 ന് ജര്‍മനിയില്‍ മ്യൂണിക്കിന് മുകളിലാണ് ഒരു മീറ്റര്‍ വലിപ്പമുള്ള ഛിന്നഗ്രഹം പൊട്ടിത്തെറിച്ചത്. ഭൂമിയില്‍ പതിക്കുന്നതിന് മുമ്പ് കണ്ടെത്തിയ ഏറ്റവും ചെറിയ ബഹിരാകാശ ശിലകളില്‍ ഒന്നാണിത്.
കണ്ടെത്തിയ ശിലകള്‍ക്ക് വിശദമായ പരിശോധനയില്‍ ഓബ്രൈറ്റുകള്ക്ക് സമാനമായ രാസഘടനയും ധാതു സ്വഭാവവും ഉണ്ടെന്ന് കണ്ടെത്തി. ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ഛിന്നഗ്രഹ വലയത്തില്‍ (Asteroid Belt) നിന്നാണ് ഈ ഛിന്നഗ്രഹത്തിന്റെ വരവ്. ഒരുപാട് അവശിഷ്ടങ്ങള്‍ ഉണ്ടാവാനിടയുള്ള അവിടെ നിന്ന് കൂട്ടിയിടികളുടെ ഫലമായാണ് ഛിന്നഗ്രഹ കുടുംബം എന്ന് വിളിക്കുന്ന ചെറു ശിലകളുടെ കൂട്ടം സൃഷ്ടിക്കപ്പെടുന്നതെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു.
സൗരയൂഥ ഗ്രഹങ്ങള്‍ രൂപപ്പെട്ട അതേ കാലയളവില്‍ തന്നെയാണ് 2021 ബിഎക്സ്1 പോലുള്ള ഛിന്നഗ്രഹങ്ങള്‍ അടങ്ങുന്ന ഛിന്നഗ്രഹ വലയങ്ങള്‍ രൂപപ്പെട്ടത്. ഏകദേശം 450 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ്, അന്ന് ശൈശവ ഘട്ടത്തിലായിരുന്ന സൂര്യന് ചുറ്റുമുള്ള വസ്തുക്കളില്‍ നിന്ന് രൂപപ്പെട്ടവ. ഇക്കാരണത്താല്‍ ശിലാഗ്രഹങ്ങളായ ബുധന്‍, ശുക്രന്, ചൊവ്വ, ഭൂമി സൗരയൂഥ ഗ്രഹങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ നല്കാന് ഇവയ്ക്കാവുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.