വേർ.......? : സി എ എ പ്രാബല്യത്തിൽ വരുത്തി
പൗരത്വ ഭേദഗതി നിയമം (സി എ എ) നടപ്പാക്കിക്കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. നിയമം ഔദ്യോഗികമായി പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് പറഞ്ഞിരുന്നെങ്കിലും അല്ലാതെ തന്നെ വിജ്ഞാപനം പുറത്തിറക്കുകയായിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് തൊട്ടുമുൻപാണ് വിവാദ നിയമം കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം ചെയ്തത്. വിജ്ഞാപനം ഉടൻ പുറത്തിറക്കുമെന്ന് കഴിഞ്ഞ ആഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു.
ഈ ആഴ്ച തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്നു അഭ്യൂഹങ്ങൾ പരക്കവെയാണ് കേന്ദ്രസർക്കാരിന്റെ നിർണായക പ്രഖ്യാപനം പുറത്തുവന്നത്.പൗരത്വ നിയമ ഭേദഗതി നിയമം 2024 എന്നാണ് പുതിയ നിയമം അറിയപ്പെടുക. 2019 ഡിസംബറിലാണ് സിഎഎ നിയമം പാർലമെന്റിൽ പാസാക്കിയത്.
പൗരത്വ നിയമഭേദഗതിയുടെ ചട്ടങ്ങളാണു നിലവിൽ വന്നത്. കേരളം, ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാരുകളുടെ എതിർപ്പുകൾ നിലനിൽക്കെയാണു നിർണായക പ്രഖ്യാപനം. അസമിൽ വൻതോതിലുള്ള സുരക്ഷാ കവചം ഒരുക്കിയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. അവധിയിലുള്ള പൊലീസുകാരെ ഡ്യൂട്ടിയിലേക്കു തിരിച്ചുവിളിപ്പിച്ചാണ് സിഎഎ പ്രഖ്യാപനം നടത്തിയത്.
2019ലാണ് പാർലമെന്റിന്റെ ഇരു സഭകളും പൗരത്വ ഭേദഗതി ബിൽ പാസാക്കുന്നത്. നിയമത്തിലെ ചട്ടങ്ങളാണ് വിജ്ഞാപനം ചെയ്തത്. ഇതിനുള്ള നടപടികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പൂര്‍ത്തിയാക്കിയതായി വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രഖ്യാപനം.
പാകിസ്താന്, അഫ്ഗാനിസ്താന്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിങ്ങൾ ഒഴികെയുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കുന്നതാണ് നിയമം. ഒരു വിഭാഗത്തെ മാത്രം ഒഴിവാക്കിയുള്ള നിയമത്തിനെതിരെ വലിയ പ്രതിഷേധങ്ങളാണ് രാജ്യത്തുണ്ടായത്. പ്രതിഷേധക്കാരെ അടിച്ചമര്‍ത്താന്‍ സംഘപരിവാര്‍ നടത്തിയ നീക്കങ്ങള്‍ 2020ല്‍ ദില്ലിയില്‍ വലിയ കലാപമായും മാറി.
കൊവിഡ് കാരണമാണ് പൗരത്വ ഭേദഗതി നിയമത്തിന്റെ നടപടി ക്രമങ്ങൾ വൈകിയതെന്നാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം. മൂന്ന് രാജ്യങ്ങളിൽ നിന്ന് പീഡനം അനുഭവിക്കുന്ന മത ന്യൂനപക്ഷങ്ങൾക്ക് വേണ്ടിയാണ് നിയമമെന്നും അഭയാർത്ഥികൾക്ക് പുനരധിവാസത്തിനുള്ള നിയമ തടസങ്ങൾ നീങ്ങുമെന്നും സര്‍ക്കാര്‍ പറയുന്നു. വിദ്യാഭ്യാസം നേടാനും, വ്യാപര സ്വാതന്ത്ര്യത്തിനും, വസ്തുവകകൾ വാങ്ങാനും പൗരത്വം നേടുന്നവർക്ക് അവകാശമുണ്ടാകും. മതപരമായതും സാമൂഹികമായതുമായ അവകാശങ്ങൾ നിലനിർത്തും. ഇന്ത്യാക്കാർക്ക് വേണ്ടിയുള്ളതല്ല നിയമമെന്ന വിശദീകരണവും ഇത് സംബന്ധിച്ച് പുറത്തുവിട്ട പ്രഖ്യാപനത്തിൽ അവകാശപ്പെടുന്നത്.
എന്താണ് സിഎഎ
പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിൽ എത്തിയ ഹിന്ദു, സിഖ്, ജെയിൻ, ക്രിസ്ത്യൻ, ബുദ്ധ, പാർസി മതവിശ്വാസികൾക്ക് പൗരത്വം നൽകുന്നതിനുള്ള നിയമഭേദഗതിയാണ് പാർലമെന്റ് പാസ്സാക്കിയിരുന്നത്. 2014 ഡിസംബർ 31-ന് മുമ്പ് ഇന്ത്യയിൽ എത്തിയവർക്കാണ് പൗരത്വത്തിനായി അപേക്ഷ നൽകാൻ കഴിയുകയെന്നാണ് നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്.
സി.എ.എ. നടപ്പിലാക്കില്ലെന്ന് കേരളവും ബംഗാളും ഉൾപ്പടെയുള്ള ചില സംസ്ഥാനങ്ങൾ വ്യക്തമാക്കിയിരുന്നു. ഇത് മറികടക്കാനായി പൗരത്വത്തിനായുള്ള നടപടിക്രമങ്ങളെല്ലാം ഓൺലൈൻ വഴിയാക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം. ഇതിനായി പ്രത്യേക പോർട്ടൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്. പൗരത്വത്തിന് അപേക്ഷിക്കുന്നവർ യാത്രാരേഖകളില്ലാതെ ഇന്ത്യയിലെത്തിയ വർഷം വ്യക്തമാക്കേണ്ടതുണ്ട്. അപേക്ഷകരിൽനിന്ന് രേഖകളൊന്നും ആവശ്യപ്പെടില്ലെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിൻ്റെ പരിധിയിൽ വരുന്ന അപേക്ഷകൾ പരിഗണിക്കാൻ എംപവർഡ് സമിതികൾ രൂപീകരിക്കും. ജില്ലാതലത്തിലുള്ള സമിതികൾ മുഖേന ആണ് അപേക്ഷ നൽകേണ്ടത്. അപേക്ഷകൻ നൽകുന്ന രേഖകൾ പരിശോധിക്കാൻ ജില്ലാ തലത്തിൽ ഉദ്യോഗസ്ഥൻ ഉണ്ടാകും. പൗരത്വം നൽകുന്നവർക്ക് ഡിജിറ്റൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകും. ഇന്ത്യൻ വംശജർ, ഇന്ത്യൻ പൗരനെ വിവാഹം ചെയ്തവർ, ഇന്ത്യൻ പൗരന്റെ പ്രായപൂർത്തിയാകാത്ത മക്കൾ, അച്ഛനമ്മമാരിൽ ആരെങ്കിലും ഒരാൾ ഇന്ത്യൻ പൗരൻ ആണെങ്കിൽ തുടങ്ങിയവർക്ക് ഇന്ത്യൻ പൗരത്വത്തിനു അപേക്ഷിക്കാം. 39 പേജുള്ള ചട്ടങ്ങൾ ആണ് വിജ്ഞാപനം ചെയ്തത്. അപേക്ഷയുടെ മാതൃക, സത്യവാചകത്തിന്റെ മാതൃക എന്നിവയും ചട്ടങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പൗരത്വ (ഭേദഗതി) ചട്ടങ്ങൾ, 2024 എന്ന് വിളിക്കപ്പെടുന്ന ഈ നിയമങ്ങൾ, CAA-2019 പ്രകാരം യോഗ്യരായ വ്യക്തികളെ ഇന്ത്യൻ പൗരത്വം അനുവദിക്കുന്നതിന് അപേക്ഷിക്കാൻ പ്രാപ്തരാക്കുമെന്നും അപേക്ഷകള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനായാണ് സമര്‍പ്പിക്കണം, അതിനായി വെബ്പോര്‍ട്ടല്‍ തയ്യാറാക്കിയിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഔദ്യോഗിക വക്താവ് എക്സിലൂടെ പങ്കുവെച്ച കുറിപ്പിൽ അറിയിച്ചിട്ടുണ്ട്.
ബംഗ്ലാദേശ്, പാകിസ്ഥാന്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31നോ അതിനുമുമ്പോ ഇന്ത്യയിലെത്തിയ ഹിന്ദുക്കള്‍, ജൈനന്മാര്, ക്രിസ്ത്യാനികള്‍, സിഖുകാര്‍, ബുദ്ധമതക്കാര്‍, പാര്‍സികള്‍ എന്നിവര്‍ക്ക് പൗരത്വം നല്കാന് വ്യവസ്ഥ ചെയ്യുന്നതാണ് പൗരത്വ ഭേദഗതി നിയമം. ഇതില്‍ മുസ്ലിം വിഭാഗങ്ങള്‍ ഉള്‍പ്പെട്ടിരുന്നില്ല. അവസാന ഒരു വര്‍ഷമോ കഴിഞ്ഞ 14 വര്‍ഷത്തിനിടയില്‍ കുറഞ്ഞത് അഞ്ച് വര്‍ഷമോ ഇന്ത്യയില്‍ താമസിച്ചിരുന്ന കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാനാണ് പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നത്. നേരത്തെ കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള കാലയളവ് 11 വര്‍ഷമായിരുന്നു. അസം, മേഘാലയ, മിസോറാം, ത്രിപുര എന്നിവിടങ്ങളിലെ ആദിവാസി മേഖലകളെ നിയമത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അസമിലെ കര്‍ബി ആംഗ്ലോങ്, മേഘാലയയിലെ ഗാരോ ഹില്‍സ്, മിസോറാമിലെ ചക്മ ജില്ല, ത്രിപുരയിലെ ആദിവാസി മേഖലകള്‍ എന്നിവയുള്‍പ്പെടെ ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളെയാണ് നിയമത്തില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്.