കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാല്‍ ബിജെപി അംഗത്വം സ്വീകരിച്ചു. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കറില്‍ നിന്നാണ് പത്മജ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയുമായിരുന്നു പത്മജ മാധ്യമങ്ങളോട് പ്രതികരിച്ചത്. 6.30 നെ ആയിരുന്നു അംഗത്വം സ്വീകരിച്ചത്.
‘‘വളരെയധികം സന്തോഷവും കുറച്ച് ടെൻഷനുമുണ്ട്. കുറച്ചധികം വർഷങ്ങളായി കോൺഗ്രസ് നേതൃത്വവുമായി അകൽച്ചയിലാണ്. പ്രത്യേകിച്ച് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം. ഹൈക്കമാൻഡിൽ പരാതി നൽകിയെങ്കിലും യാതൊരു മറുപടിയും ലഭിച്ചില്ല. നേതൃത്വവുമായി ചർച്ച നടത്താൻ പലതവണ എത്തിയെങ്കിലും അതിനു അനുവാദം തന്നില്ല. എന്റെ അച്ഛനും ഇതേ അനുഭവമാണ് കോൺഗ്രസിൽനിന്നുണ്ടായത്.
'ആദ്യമായാണ് പാര്‍ട്ടി മാറുന്നത്. കോണ്‍ഗ്രസില്‍ സന്തോഷവതിയായിരുന്നില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് എഐസിസി നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും മറുപടിയുണ്ടായിരുന്നില്ല. എനിക്ക് സമാധാനപരമായി രാഷ്ട്രീയപ്രവര്‍ത്തനം നടത്തണമായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മികച്ച നേതൃത്വം ഇല്ല. വര്‍ഷങ്ങളായി കോണ്‍ഗ്രസുമായി അകന്നുകഴിയുന്നു. മോദിജി ശക്തനായ നേതാവാണ്.' പത്മജ വേണുഗോപാല്‍ പറഞ്ഞു.
'തിരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിച്ചത് ആരാണെന്ന് കൃത്യമായി അറിയാം. എന്റെ പരാതി ചവറ്റുകൊട്ടയില്‍ പോയി. എന്നെ തോല്‍പ്പിച്ചയാളെ തന്നെ കോണ്‍ഗ്രസ് മണ്ഡലത്തില്‍ നിര്‍ത്തി. അവിടെയും ജോലി ചെയ്യാന്‍ കഴിയാതെയായി. എന്നെ വല്ലാതെ ദ്രോഹിച്ചു. തൃശൂരില്‍ പോലും പോകാന്‍ കഴിയാതെ ആയി. രാഷ്ട്രീയം അവസാനിപ്പിച്ചാലോ എന്ന് ആലോചിച്ചു. മോദിജിയുടെ രാഷ്ട്രീയം ആകര്‍ഷിച്ചു.' എന്നും പത്മജ പറഞ്ഞു.മോദി ശക്തനായ നേതാവായത് കൊണ്ടാണ് താൻ ബി.ജെ.പിയിൽ ചേർന്നത്. മോദിയുടെ കാര്യത്തിൽ രാഷ്ട്രീയം കാണുന്നില്ല. അദ്ദേഹത്തിന്റെ കഴിവും നേതൃത്വവും എന്നും തന്നെ ആകർഷിച്ചിരുന്നു ജനിച്ചത് കോണ്‍ഗ്രസിലാണ്. എത്രമാത്രം മാനസിക ബുദ്ധിമുട്ട് അനുഭവിച്ചതുകൊണ്ടാണ് പാര്‍ട്ടി വിട്ടതെന്ന് കേരളത്തിലെ പ്രവര്‍ത്തകര്‍ക്ക് മനസ്സിലാവും. മത്സരിക്കാന്‍ സീറ്റ് തന്ന പാര്‍ട്ടി തന്നെ തോല്‍പ്പിച്ചുവെന്നും പത്മജ ആരോപിച്ചു.
തന്തയ്ക്ക് വിളിക്ക് മറുപടി
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പത്മജ. രാഹുൽ ടിവിയിലിരുന്ന് നേതാവായ ആളാണെന്നും അദ്ദേഹം അതു തന്നോട് പറയേണ്ടെന്നും പത്മജ പറഞ്ഞു. ഡൽഹിയിൽ ബിജെപി ആസ്ഥാനത്തു പാർട്ടി അംഗത്വം സ്വീകരിച്ചശേഷം മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായിട്ടാണ് പത്മജ ഇക്കാര്യം പറഞ്ഞത്.
കെ.കരുണാകരന്റെ പൈതൃകം പത്മജ ഇനി എവിടെയെങ്കിലും ഉപയോഗിച്ചാൽ യൂത്ത് കോൺഗ്രസുകാർ തെരുവിലിറങ്ങി തടയുമെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ രാവിലെ മാധ്യമങ്ങളോടു പറഞ്ഞത്. ‘‘ബയോളജിക്കലി കരുണാകരൻ പത്മജയുടെ അച്ഛനാണ്. പൊളിറ്റിക്കലി തന്തയ്ക്ക് പിറക്കാത്ത മകളായി പത്മജ അറിയപ്പെടും. ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റുകാരിയായി, ചരിത്രത്തിലെ ഏറ്റവും വലിയ പിതൃഘാതകയായി പത്മജ അറിയപ്പെടും. ’’– രാഹുൽ പറഞ്ഞു.
അതേസമയം, അംഗത്വം സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് ഏറെനേരം സംസാരിക്കാൻ പത്മജയെ ബിജെപി നേതൃത്വം അനുവദിച്ചില്ല. മാധ്യമപ്രവർത്തകർക്ക് ചോദിക്കാനുള്ളത് ചോദിക്കാമെന്ന് പത്മജ പറഞ്ഞെങ്കിലും പ്രകാശ് ജാവഡേക്കർ ഉൾപ്പെടെയുള്ള നേതാക്കൾ പെട്ടെന്ന് എഴുന്നേറ്റ് വാർത്താസമ്മേളനം അവസാനിച്ചതായി അറിയിക്കുകയായിരുന്നു. പുറത്തേയ്ക്ക് നടക്കുന്നതിനിടെയാണ് പത്മജ പലതിനും മറുപടി നൽകിയത്. പിന്നീട് വിശദമായി മാധ്യമങ്ങളെ കാണുമെന്ന് പ്രകാശ് ജാവഡേക്കർ അറിയിച്ചു.
