യുക്തിവാദി സംഘം മുൻ സംസ്ഥാന ജനറൽ സെക്രട്ടറി യു കലാനാഥൻ അന്തരിച്ചു. 84 വയസായിരുന്നു. കേരളത്തിൽ യുക്തി ചിന്തയ്ക്ക് വേരോട്ടമുണ്ടാക്കിയ യുക്തിവാദി സംഘടനയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ്. 1979 മുതൽ 1984 വരെയും 1995 മുതൽ 2000 വരെയും വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. 2000 മുതൽ 2005 വരെ പഞ്ചായത്ത് അംഗവുമായിരുന്നു.
1940ൽ മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് വില്ലേജിലായിരുന്നു കലാനാഥന്റെ ജനനം.ഉള്ളിശ്ശേരി തെയ്യൻ വൈദ്യരുടെയും യു കോച്ചി അമ്മയുടെയും മകനായിരുന്നു. വള്ളിക്കുന്ന് നേറ്റീവ് എയുപി സ്കൂൾ, ഫറോക്ക് ഗവ. ഗണപത് ഹൈസ്കൂൾ, ഫാറൂഖ് കോളേജ് എന്നിവിടങ്ങ ളിലായിട്ടാണ് പഠനം പൂർത്തിയാക്കിയത്. പിന്നീട് യുക്തി ചിന്തകളിലേക്കും രാഷ്ട്രീയത്തിലേക്കും കുടിയേറുകയായിരുന്നു.1960 മുതൽ സി.പി.ഐ, സി.പി.ഐ.(എം) പ്രസ്ഥാനങ്ങളോടൊപ്പം പ്രവര്‍ത്തിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ പാർട്ടി ക്ലാസ്സുകൾ നയിച്ചു. 1965 ൽ മുതൽ ചാലിയം ഉമ്പിച്ചി ഹാജി ഹൈസ്കൂളിലെ ശാസ്ത്രാദ്ധ്യാപകനായി.
കേരള സ്റ്റുഡന്റ്സ് ഫെഡറേഷൻ പ്രവര്‍ത്തകനായാണ് തുടക്കം. 1968ൽ സിപിഐഎമ്മിൽ അംഗത്വമെടുത്തു. 1970 മുതൽ 1984 വരെ സിപിഐഎം വള്ളിക്കുന്ന് ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. കേരള യുക്തിവാദി സംഘം കോഴിക്കോട് ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡണ്ട്, ഫെഡറേഷൻ ഓഫ് ഇന്ത്യൻ റാഷനലിസ്റ്റ് അസോസിയേഷൻ ദേശീയ സെക്രട്ടറി സ്ഥാനങ്ങളിൽ പ്രവര്‍ത്തിച്ചിരുന്നു.
ഗുരുവായൂരിൽ കൊടിമരം സ്വർണ്ണം പൂശുന്നതിനെതിരെ 1977 ൽ കേരള യുക്തിവാദി സംഘം നടത്തിയ സമരത്തിന് നേതൃത്വം നൽകിയിട്ടുണ്ട്. ആർ.എസ്.എസുകാരുടെ മർദ്ദനം ഏറ്റു.1981ൽ ശബരിമലയിൽ മകരവിളക്ക് മനുഷ്യൻ കത്തിക്കുന്നതാണന്ന് തെളിയിക്കാനും 1989 ൽ കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ കോഴി ബലി അവസാനിപ്പിക്കുന്നതിനുവേണ്ടിയും നിയമനടപടികൾ സ്വീകരിച്ച്, ഈ നിയമ പോരാട്ടങ്ങളിൽ കലാനാഥൻ വിജയിക്കുകയും ചെയ്തു.
അധ്യാപകനും എഴുത്തുകാരനും കൂടിയാണ് കലാനാഥൻ. ആത്മാവ് സങ്കൽപ്പമോ യാഥാർഥ്യമോ, ജോത്സ്യം ശാസ്ത്രമോ ശാസ്ത്ര ആഭാസമോ, മതം സാമൂഹിക പുരോഗതിയുടെ ശത്രു, ഇസ്ലാമതവും യുക്തിവാദവും, ജീവപരിണാമം, മതനിരപേക്ഷതയും ഏക സിവിൽകോഡും തുടങ്ങിയവയാണ് പ്രധാന കൃതികൾ. കലാനാഥൻ മാസ്റ്റർ എന്നാണ് അദ്ദേഹം എന്നറിയപ്പെട്ടിരുന്നത്.
കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് അംഗം, തിരൂരങ്ങാടി ബ്ലോക്ക് വികസന സമിതി വൈസ് ചെയർമാൻ, പരപ്പനങ്ങാടി എ.കെ.ജി. ഹോസ്പിറ്റൽ ഡയറക്ടർ, കടലുണ്ടി - വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവ്വ് മാനേജ്മെന്റ് കമ്മിറ്റി അംഗം, പുരോഗമന കലാ സാഹിത്യ സംഘം കോഴിക്കോട് ജില്ലാ എക്സിക്യൂട്ടീവ് അംഗം, ദേശാഭിമാനി സ്റ്റഡി സർക്കിൾ, ശാസ്ത്രസാഹിത്യ പരിഷത്ത്, പ്രോഗ്രസീവ് ഫോറം തുടങ്ങിയ സംഘടനകളിൽ പ്രവർത്തിച്ചു.കോവൂർ ട്രസ്റ്റ് പ്രസിദ്ധീകരിച്ച യുക്തിദർശനത്തിന്റെയും യുക്തിരേഖയുടെയും ചീഫ് എഡിറ്ററായിരുന്നു. നിരവധി പ്രബന്ധങ്ങൾ രചിച്ചു.1995 ൽ അദ്ധ്യാപക ജോലിയിൽ നിന്ന് സ്വയം വിരമിച്ചു. 1984 ൽ സി.പി.ഐ (എം) അംഗത്വം ഉപേക്ഷിച്ചു.
മരണാനന്തരം ശരീരവും കണ്ണും കോഴിക്കോട് മെഡിക്കൽ കോളേജിന് ദാനം ചെയ്യാൻ എഴുതിവെച്ചതിനാൽ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിന് ദാനം ചെയ്യും. സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം കണ്ണൂർ പെരളശ്ശേരി സ്വദേശിയായ എം.കെ. ശോഭനയെ ജീവിത പങ്കാളിയാക്കി.മകന്: ഷെമീര
