അന്തരിച്ച മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് എം.എം. ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് നൽകാൻ തീരുമാനം. എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പ്രതാപ് സോമനാഥാണ് ഇക്കാര്യം അറിയിച്ചത്. ഹൈക്കോടതി നിർദേശപ്രകാരം ലോറൻസിന്റെ മക്കളുടെ വാദമുഖങ്ങൾ കേട്ട ശേഷമാണ് പ്രിൻസിപ്പൽ തീരുമാനം പ്രഖ്യാപിച്ചത്. അനാട്ടമി ആക്ട് അനുസരിച്ചാണ് അനുമതി പത്രമെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞു.വിഷയത്തിൽ തീരുമാനം എടുക്കുന്നതിനായി പ്രിന്‍സിപ്പല്‍, സൂപ്രണ്ട്, ഫൊറന്‍സിക്, അനാട്ടമി വിഭാഗങ്ങളുടെ മേധാവികള്‍, വിദ്യാര്‍ഥി പ്രതിനിധി എന്നിവര്‍ ഉള്‍പ്പെട്ട പ്രത്യേക സമിതിയെ കളമശേരി മെഡിക്കല്‍ കോളജ് നിയോഗിച്ചിരുന്നു.
മൃതദേഹം എംബാം ചെയ്യാനും മറ്റു നടപടികളിലേക്ക് കടക്കാനും തീരുമാനിച്ചതായി ഡോ. പ്രതാപ് സോമനാഥ് അറിയിച്ചു. മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കണമെന്ന് പറഞ്ഞതിന് രണ്ട് സാക്ഷികളുണ്ടെന്നും അവരുടെ വാദം സത്യസന്ധമാണെന്നും ബോധ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു. കേരള അനാട്ടമി ആക്ട് പ്രകാരം മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കാനുള്ള വാദങ്ങള്‍ സാധുവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോറൻസിന്റെ മൂന്ന് മക്കളിൽ ഒരാളായ ആശ ലോറൻസാണ് പിതാവിന്റെ മൃതദേഹം പഠനാവശ്യത്തിന് കൈമാറാനുള്ള തീരുമാനം ചോദ്യം ചെയ്ത് ഹൈകോടതിയെ സമീപിച്ചത്. എന്നാൽ, രേഖാമൂലം സമ്മതപത്രമില്ലെങ്കിലും മൃതദേഹം മെഡിക്കൽ കോളജിന് കൈമാറണമെന്ന ആഗ്രഹം പിതാവ് പ്രകടിപ്പിച്ചിട്ടുണ്ടെന്ന് കാണിച്ച് മറ്റ് രണ്ട് മക്കൾ സത്യവാങ്മൂലവും നൽകി. 1957ലെ അനാട്ടമി ആക്ട് പ്രകാരം മൃതദേഹം പഠനാവശ്യത്തിന് കൈമാറാൻ മരണപ്പെട്ടയാൾ രേഖാമൂലം നൽകിയ സമ്മതപത്രമോ അവസാന നാളുകളിലെങ്കിലും രണ്ടോ അതിലധികമോ പേരോട് വാക്കാൽ നൽകിയ നിർദേശമോ ആവശ്യമാണ്.ഇതോടെയാണ് മൃതദേഹം ഏറ്റെടുക്കാൻ മെഡിക്കൽ കോളജ് പ്രിൻസിപ്പലിന് കോടതി നിർദേശം നൽകിയത്. അതേസമയം, ആശ പ്രിൻസിപ്പലിന് വിയോജനക്കുറിപ്പ് നൽകിയ സാഹചര്യത്തിലാണ് ഇവരെയടക്കം കേട്ട് ഉചിത തീരുമാനമെടുക്കാനും അതുവരെ മൃതദേഹം പഠനാവശ്യത്തിന് വിട്ടുനൽകാതെ സൂക്ഷിക്കാനും കോടതി നിർദേശിച്ചത്. ഇതനുസരിച്ചാണ് ബുധനാഴ്ച വാദം കേട്ട് തീരുമാനമെടുത്തത്.
അതേസമയം പൊതുദർശനത്തിന്റെ അവസാന നിമിഷങ്ങളിൽ ഉണ്ടായത് പലെയുള്ള സംഭവങ്ങൾ ഇവിടെയും ഉണ്ടായതായാണ് വിവരം. എം എം ലോറന്‍സിന്റെ മൃതദേഹം സംബന്ധിച്ച തീരുമാനമെടുക്കാന്‍ അഡൈ്വസറി കമ്മിറ്റിക്ക് മുമ്പില്‍ ഹാജരായതിന് ശേഷം പ്രതികരണവുമായി മകള്‍ ആശ ലോറന്‍സ്. വളരെ മോശമായാണ് കമ്മിറ്റി അംഗങ്ങള്‍ തന്നോട് പെരുമാറിയതെന്ന് ആശ ലോറന്‍സ് പറഞ്ഞു. അച്ഛനാണ് എന്ന് തെളിയിക്കുന്നതിന്റെ രേഖകള്‍ വരെ കാണിക്കാന്‍ ആവശ്യപ്പെട്ടുവെന്നും സഖാക്കള്‍ പറഞ്ഞു പഠിപ്പിച്ച ചോദ്യങ്ങളാണ് തന്നോട് കമ്മിറ്റി ചോദിച്ചതെന്നും ആശ പറഞ്ഞു.മെഡിക്കൽ കോളേജിലെ പ്രിൻസിപ്പൽ സഖാവാണെന്നും ആരോഗ്യമന്ത്രിയുടെ ഏജൻ്റായി പ്രവർത്തിക്കുന്നുവെന്നും ആശ ലോറൻസ്. പ്രിൻസിപ്പൽ വിളിച്ചു വരുത്തി അപമാനിച്ചതായും ആശ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്കിയ പരാതിയിൽ പറയുന്നു.
അതേസമയം, ആശാ ലോറന്‍സിന്റെ അഭിഭാഷകന് കൃഷ്ണരാജിനെതിരെ, കളമശ്ശേരി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി നല്കി. ഹിയറിങ്ങിനിടെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് പരാതിയില്‍ പറയുന്നു.