യുവ നടിയെ പീഡിപ്പിച്ചെന്ന ആരോപണ വിധേയനായ നടൻ സിദ്ദിഖ്,സ്ത്രീ സുരക്ഷയെ സംബന്ധിച്ച് മുൻപ് പറഞ്ഞ കാര്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. സ്ത്രീകളെ ആരെങ്കിലും ഉപദ്രവിച്ചാൽ, പ്രതികരിക്കാൻ 20 വർഷം കാത്തിരിക്കാതെ അപ്പോൾ മുഖത്തടിക്കണമെന്നാണ് സിദ്ദിഖ് 2018ൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. ലൈംഗിക ചൂഷണങ്ങൾക്കെതിരെ സ്വയം വെളിപ്പെടുത്തലുമായി സ്ത്രീകൾ രംഗത്തുവന്ന ‘മി ടൂ’ ക്യാംപെയ്നെ സംബന്ധിച്ചായിരുന്നു നടന്റെ പ്രതികരണം.
‘‘ മി ടൂ എന്നു പറയുന്നത് നല്ല ക്യാംപെയ്നാണ്. അത് സിനിമാ നടിമാർക്ക് മാത്രമല്ല, എല്ലാവർക്കും നല്ലതാണ്. ഒരാൾ ഉപദ്രവിച്ചാൽ അയാളുടെ പേരു വെളിപ്പെടുത്തണമെന്ന് ഒരു പെൺകുട്ടി തീരുമാനിക്കുന്നത് നല്ല കാര്യമാണ്. 20 കൊല്ലം കാത്തിരിക്കണമെന്നില്ല. അപ്പോൾ അടിക്കണം കരണം നോക്കി. ആ സമയത്ത് പേരു വെളിപ്പെടുത്താനുള്ള ധൈര്യം കാണിക്കണം. അന്ന് ധൈര്യമുണ്ടായില്ല, 20 കൊല്ലം കഴിഞ്ഞപ്പോൾ ധൈര്യം ഉണ്ടായി എന്നു പറയാൻ നിൽക്കരുത്. എല്ലാ പെൺകുട്ടികളോടൊപ്പവും കേരള ജനത മുഴുവൻ ഉണ്ടാകും. ആക്രമിക്കപ്പെടുന്ന ആ സമയം തന്നെ പ്രതികരിക്കണം എന്നാണ് എന്റെ അപേക്ഷ ’’– 2018 ഒക്ടോബർ 15ന് നടത്തിയ വാർത്താ സമ്മേളനത്തിൽ സിദ്ദിഖ് പറഞ്ഞു.