നടന്മാരായ മുകേഷ്, ജയസൂര്യ ഉൾപ്പെടെ 7 പേർക്കെതിരെ പീഡന ആരോപണം ഉന്നയിച്ച നടിക്കെതിരെ പരാതിയുമായി യുവതി. നടിയുടെ അടുത്ത ബന്ധുവായ മൂവാറ്റുപുഴ സ്വദേശിനിയാണ് ആക്ഷേപവുമായി രംഗത്തെത്തിയത്. പ്രായപൂർത്തിയാകുന്നതിനു മുൻപ് തന്നെ ചെന്നൈയിലെ ഒരു സംഘത്തിനു മുന്നിൽ കാഴ്ചവച്ചു എന്നാണ് നടിക്കെതിരായ ആരോപണം. കുറെ പെൺകുട്ടികളെ നടി ലൈംഗിക അടിമകളാക്കി. നടി സെക്സ് മാഫിയയുടെ ഭാഗമാണെന്നും യുവതി പറഞ്ഞു. ഡിജിപിക്കും മുഖ്യമന്ത്രിക്കും യുവതി പരാതി നൽകി.
2014ൽ സംഭവം നടക്കുന്ന സമയത്ത് എനിക്ക് 16 വയസ്സായിരുന്നു. ഈ വ്യക്തി ഇപ്പോൾ പലർക്കെതിരെയും ആരോപണങ്ങളുമായി രംഗത്തെത്തിയപ്പോൾ അങ്ങനെയല്ലെന്നു പുറത്ത് അറിയിക്കണമെന്ന് തോന്നി. പത്താം ക്ലാസ് കഴിഞ്ഞുള്ള വെക്കേഷൻ സമയമാണ്. സിനിമ ഓഡിഷനെന്ന് പറഞ്ഞാണ് ചെന്നൈയിലേക്ക് കൊണ്ടുപോയത്. ഓഡിഷൻ ഉണ്ടെന്ന് പറഞ്ഞ് ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെ അഞ്ചാറ് പുരുഷന്മാർ മാത്രമാണ് ഉണ്ടായിരുന്നത്. അവർ എന്നെ തൊടുകയൊക്കെ ചെയ്തു. ഞാൻ ഒരുപാട് ബഹളം വച്ചും കരഞ്ഞുമാണ് രക്ഷപ്പെട്ടത്.
"ഞാനും അമ്മയുംകൂടിയാണ് ചെന്നൈയിൽ അവരുടെ വീട്ടിൽ പോയത്. അവിടെ അവരുടെ മക്കളെ നോക്കാനെന്ന് പറഞ്ഞ് അമ്മയെ വീട്ടിൽ നിർത്തിയിട്ട് എന്നെ നന്നായി ഒരുക്കി അവർ ഓഡിഷന് എന്ന് പറഞ്ഞ് കൊണ്ടുപോവുകയായിരുന്നു. അണ്ണാനഗറിൽ നിന്നും ഒരു ഹോട്ടലിലേക്കാണ് കൊണ്ടുപോയത്. അവിടെ മുറിയിൽ അഞ്ചാറ് ആണുങ്ങൾ ഉണ്ടായിരുന്നു. എനിക്ക് അവർ ഷേക്ക് ഹാന്റ്അല്ല തന്നത്. പിന്നാലെ എന്റെ മുഖത്തും മുടിയിലുമൊക്കെ തൊടുകയായിരുന്നു. ഞാൻ അവരെ തട്ടിമാറ്റി. അപ്പോഴാണ് എനിക്ക് ഓഡിഷൻ അല്ലായെന്ന് മനസിലായത്. ഞാൻ ഒ കെ ആണെന്നൊക്കെ ഇവർ തമ്മിൽ സംസാരിക്കുന്നത് കേട്ടു. പിന്നാലെ അലറിവിളിച്ച് കരഞ്ഞാണ് രക്ഷപ്പെട്ടത്.- യുവതി പറഞ്ഞു.
എന്റെ ഏറ്റവും അടുത്ത ബന്ധുവാണ് അവർ. അതുകൊണ്ട് തന്നെ അവര് ഓഡിഷന് കൊണ്ടുപോകാമെന്ന് പറഞ്ഞതൊന്നും വിശ്വസിക്കാതിരിക്കാനായില്ല. ഈ സംഭവത്തിന് ശേഷം തിരികെ ചെന്നൈയിലെ വീട്ടിലെത്തിയതിന് പിന്നാലെ തന്നെ അമ്മയേയും കൂട്ടി തിരികെ പോരുകയായിരുന്നു. നാട്ടിൽ തിരിച്ചെത്തിയതിന് ശേഷമാണ് അമ്മയോട് കാര്യങ്ങൾ തുറന്ന് പറഞ്ഞത്. അമ്മ അവരെ ഫോൺ ചെയ്ത് കുറേ ചീത്ത പറഞ്ഞു. കുറേ കാലം ബന്ധങ്ങളൊന്നും ഇല്ലായിരുന്നു.
ഇതിന് മുമ്പും പെൺകുട്ടികളെ കൊണ്ടുപോയിട്ടുണ്ടെന്നും അവരെല്ലാം സുഖമായി ദുബായിലും മറ്റും ജീവിക്കുന്നുവെന്നുമാണ് അവർ എന്നോട് പറഞ്ഞത്. അവരും ഇടക്ക് ദുബായിലൊക്കെ പോയി വരാറുണ്ട്. അവരുടെ ഇളയ മകളുടെ പ്രായമാണ് എനിക്ക്. അന്ന് ഇതൊന്നും ആരോടും തുറന്ന് പറയാനുള്ള ധൈര്യമുണ്ടായിരുന്നില്ല. നടൻ മുകേഷിനെതിരേയടക്കം ആരോപണം ഉന്നയിച്ചതിനാലാണ് ഇപ്പോൾ ഇക്കാര്യം തുറന്ന് പറയാൻ തയാറായത്. നടിയുടെ പശ്ചാത്തലം ഇതാണെന്ന് നാട്ടുകാർ അറിയണം. ഇന്ന് അവർ ഒന്നുമറിയാത്ത പാവത്തെ പോലെ സംസാരിക്കുന്നു. അന്ന് ഈ സംഭവത്തിന് ശേഷം ഞാൻ എത്രമാത്രം ട്രോമ നേരിട്ടിട്ടുണ്ടെന്ന് മറ്റാർക്കും അറിയില്ല.- യുവതി പറഞ്ഞു.