![]() |
| Courtesy |
കള്ളപ്പണ ആരോപണ വിവാദത്തിൽ ആളിക്കത്തുകയാണ് പാലക്കാട്ടെ തെരഞ്ഞെടുപ്പ് രംഗം. പാലക്കാട്ടെ തെരഞ്ഞെടുപ്പ് ചർച്ചയാകെ ഒരു നീല ട്രോളി ബാഗിനെ ചുറ്റിപ്പറ്റി കലങ്ങിമറിയുകയാണ്.കോൺഗ്രസ് നേതാക്കൾ താമസിച്ച കെപിഎം റിജൻസി ഹോട്ടലിലെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. നവംബർ 5ന് രാത്രി 10 മുതൽ 11.30 വരെയുള്ള സിസിടിവി ദൃശ്യങ്ങളാണ് സിപിഎം കേന്ദ്രങ്ങൾ പുറത്തുവിട്ടത്. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ കോഴിക്കോട്ടേക്ക് പോയ വാഹനത്തിൽ അല്ല രണ്ടു ട്രോളി ബാഗുകൾ കൊണ്ടുപോയതെന്നും ബാഗുകൾ മറ്റൊരു വാഹനത്തിലാണ് കൊണ്ടുപോയതെന്നുമുള്ള സിപിഎം വാദം സാധൂകരിക്കുന്ന തരത്തിലാണ് ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.
ഫെനി നൈനാൻ വെളുത്ത ഇന്നോവ ക്രിസ്റ്റ കാറിൽ ബാഗ് കയറ്റുമ്പോൾ രാഹുൽ ഒപ്പമുണ്ടായിരുന്നു. എന്നാൽ ആ കാറിൽ കയറാതെ മുമ്പിൽ ഉണ്ടായിരുന്ന കാറിലാണ് രാഹുൽ കയറിയത്. ഇത് പുറത്തുവന്ന ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. നേരത്തെ ആരോപണങ്ങളുയർന്ന ഘട്ടത്തിൽ രാഹുൽ പറഞ്ഞ വിശദീകരണങ്ങൾക്ക് വിരുദ്ധമായാണ് ഇപ്പോൾ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങൾ. രാഹുൽ കയറിയ വാഹനം ഓടിച്ചു പോയതിന് പിന്നാലെ ഫെനി വാഹനം ഓടിച്ചു പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. അതേസമയം ദൃശ്യങ്ങൾക്ക് ചെറിയ വ്യക്തത കുറവുണ്ട്.
അതേസമയം നീല ട്രോളി ബാഗ് വെച്ച കാറിലല്ല യു.ഡി.എഫ് സ്ഥാനാർഥി കയറിയതെന്ന സി.പി.എം ആരോപണത്തിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ. താൻ കയറിയത് ഷാഫി പറമ്പിലിന്റെ കാറിലെന്ന് രാഹുൽ മാധ്യമങ്ങളോട് വിശദീകരിച്ചു.
കുറച്ചുദൂരം ഷാഫിയുടെ വാഹനത്തിൽ യാത്ര ചെയ്തു. പ്രസ് ക്ലബ്ബിന്റെ മുന്നിൽ വച്ച് വാഹനം മാറിക്കയറി. കെ.ആർ ടവറിന്റെ മുന്നിൽ വച്ച് പെട്ടി ഉൾപ്പെടെയുള്ള വസ്തുക്കൾ മറ്റ് വാഹനത്തിലേക്ക് മാറ്റിയെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നത്.
