വയനാട് തോൽപ്പെട്ടിയിൽ രാഹുൽ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും ചിത്രം പതിപ്പിച്ച ഭക്ഷ്യ കിറ്റ് പിടികൂടി. തിരഞ്ഞെടുപ്പ് ഫ്ലൈയിങ് സ്ക്വാഡ് നടത്തിയ പരിശോധയിലാണ് ഭക്ഷ്യ കിറ്റ് പിടികൂടിയത്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശശിയുടെ സ്വകാര്യ മില്ലിലാണ് കിറ്റ് സൂക്ഷിച്ചിരുന്നത്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സോണിയ ഗാന്ധി, മല്ലികാർജുർ ഖർഗെ എന്നിവരുടെയും ചിത്രങ്ങളും കിറ്റുകളിലുണ്ട്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടിലെ വോട്ടർമാരെ സ്വാധീനിക്കാൻ എത്തിച്ചതാണോയെന്ന സംശയത്തെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ് ഫ്ളയിംഗ് സ്ക്വാഡ് ഉദ്യോഗസ്ഥർ കിറ്റുകൾ പിടിച്ചെടുത്തത്.
അതിനിടെ, ഭക്ഷ്യ കിറ്റുകൊടുത്ത് വോട്ടർമാരെ സ്വാധീനിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന ആരോപണവുമായി എൽഡിഎഫ് രംഗത്തെത്തി. എന്നാൽ ദുരന്ത ബാധിതർക്കായി വിതരണം ചെയ്യാൻ എത്തിച്ച കിറ്റാണ് പിടിച്ചെടുത്തതെന്ന് ടി.സിദ്ദിഖ് എംഎൽഎ അറിയിച്ചു. ‘‘തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ വിതരണം നിർത്തിയിരുന്നു. കിറ്റുകളെല്ലാം ഒക്ടോബർ 15ന് മുൻപു തയാറാക്കിയതാണ്. തിരഞ്ഞെടുപ്പിന് ശേഷം വിതരണം ചെയ്യാനായി സൂക്ഷിച്ചുവച്ചതാണ് ഇപ്പോൾ പിടിച്ചെടുത്തിരിക്കുന്നത്. പല സ്ഥലത്തും ഇങ്ങനെ കിറ്റുകൾ സൂക്ഷിച്ചിട്ടുണ്ട്. ദുരിത ബാധിതർക്ക് വിതരണം ചെയ്യാനായി പല സംസ്ഥാനങ്ങളിൽ നിന്നായി എത്തിച്ച കിറ്റുകളാണ്.’’ – ടി.സിദ്ദിഖ് പറഞ്ഞു.
സംഭവം തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് വിതരണം ചെയ്യാൻ കരുതി വച്ച കിറ്റുകളാണ് കോൺഗ്രസ് പ്രവർത്തകൻ്റെ മില്ലിൽ നിന്ന് പിടികൂടിയതെന്നും സത്യൻ മൊകേരി ആരോപിച്ചു.
