സന്ദീപ് വാര്യരെ പോലൊരു വർഗീയതയുടെ കാളിയനെ കഴുത്തിൽ അണിയാൻ കോൺഗ്രസിന് മാത്രമേ സാധിക്കുവെന്ന് സി.പി.എം നേതാവ് എം.ബി. രാജേഷ്. നൂറുകണക്കിന് വിദ്വേഷ പ്രസംഗങ്ങൾ നടത്തിയൊരാളെ അവർ തലയിൽകൊണ്ട് നടക്കട്ടെ. അത്തരമൊരാളെ എടുക്കുന്നത് ഞങ്ങളെ സംബന്ധിച്ച് ചിന്തിക്കാൻ പോലുമാകില്ല. പള്ളിപൊളിച്ചിടത്തേക്ക് വെള്ളി ഇഷ്ടിക സംഭാവന ചെയ്ത പാർട്ടിക്ക് നല്ല മുതൽക്കൂട്ടായിരിക്കും സന്ദീപെന്നും എം.ബി രാജേഷ് പറഞ്ഞു.
വർഗീയതയുടെ ഒരു കാളിയനെ കഴുത്തിൽ അണിയാൻ അതൊരു അലങ്കാരമായി കൊണ്ടുനടക്കാൻ കോൺഗ്രസിന് മാത്രമേ പറ്റുള്ളു. കോൺഗ്രസിനേ അതിനുള്ള അർഹതയുമുള്ളു. സി.പിഎമ്മും ഇടതുപക്ഷവും വർഗീയതയുടെ കാര്യത്തിൽ ഒരിഞ്ച് വിട്ടുവീഴ്ചയ്ക്കില്ല. സന്ദീപിനെ കോൺഗ്രസ് കൊണ്ടുനടക്കണം. എ.കെ ബാലൻ ആരെക്കുറിച്ചും മോശം പറയാത്തയാളാണ്. ബാലേട്ടൻ ഒരു നല്ല മനുഷ്യനായതുകൊണ്ട് സന്ദീപ് വാര്യരെ കുറിച്ച് മോശം വാക്കുകൾ ഉപയോഗിക്കാതിരുന്നതാണ്. എല്ലാവരും വി.ഡി സതീശനെ പോലെ മോശം വാക്കുകൾ ഉപയോഗിക്കാറില്ല.
വർഗീയതയുടെ നിലപാട് തള്ളിപ്പറയാതെ സന്ദീപിനെ സ്വീകരിക്കില്ലെന്നാണ് താൻ പറഞ്ഞത്. കോൺഗ്രസിലെ മതനിരപേക്ഷവാദികൾക്ക് മുസ്ലീം ലീഗിനൊക്കെ കൊണ്ടുനടക്കാവുന്ന നേതാവാണോ സന്ദീപ് വാര്യർ. കെ. മുരളീധരനെ ബി.ജെ.പി ക്ക് വേണ്ടി കാലുവാരിയവരാണ് കേരളത്തിലെ ഏറ്റവും വലിയി വിദ്വേഷ പ്രചാരകനെ സ്വന്തം പാർട്ടിയിലെടുത്തതെന്നും എം.ബി രാജേഷ് പറഞ്ഞു.
അതേസമയം കോൺഗ്രസിൽ ചേർന്ന മുൻ ബിജെപി നേതാവ് സന്ദീപ് വാരിയർ ഇടതുപക്ഷത്തിനൊപ്പം ചേരാത്തതിൽ ഒരു വിഷമവും ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഞങ്ങൾക്കു നയമാണ് പ്രധാനം. നയത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ പാർട്ടി നിലപാട് എടുക്കൂ. ഒരാൾ ഇങ്ങോട്ടു വരുന്നതോ പോകുന്നതോ അല്ല പ്രശ്നം. ഇന്നലെ വരെ നിൽക്കുന്ന നിലപാടിൽനിന്നു മാറി ഇടതുപക്ഷ രാഷ്ട്രീയത്തിനൊപ്പം ചേരുന്നവരെ സ്വീകരിക്കും.
ഒരാളുടെ ഭൂതകാലം മാത്രം നോക്കി തള്ളിപ്പറഞ്ഞിട്ടില്ല. സന്ദീപ് ഇതുവരെ നയം വ്യക്തമാക്കിയിരുന്നില്ല. ഇടതിനൊപ്പം നിൽക്കുമെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. നിലപാടു വ്യക്തമാക്കിയാൽ അതനുസരിച്ച് പാർട്ടി തീരുമാനമെടുക്കും. സരിന്റെ കാര്യത്തിൽ എടുത്ത നിലപാട് അതാണ്. കൊടകര – കരുവന്നൂർ ഡീൽ കോൺഗ്രസിൽ ചേരാൻവേണ്ടി ഇപ്പോൾ പറയുന്നതാണ്.’’ – ഗോവിന്ദൻ പറഞ്ഞു.
സന്ദീപ് വാര്യർ ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേരുന്നതിലൂടെ വലിയ മാറ്റമൊന്നും സംഭവിക്കുന്നില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഒരു ബൂർഷ്വാ പാർട്ടിയിൽനിന്ന് മറ്റൊരു ബൂർഷ്വാ പാർട്ടിയിലേക്ക് ചേക്കേറിയെന്നേ ഇതിൽ കാണാനുള്ളൂ. നിലപാട് വ്യക്തമാക്കാത്തതിനാൽ സന്ദീപ് സി.പി.എമ്മിലേക്ക് വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. കോൺഗ്രസിലേക്ക് സന്ദീപല്ല ആര് ചേർന്നാലും ഉപ തെരഞ്ഞെടുപ്പിൽ അവർ തോൽക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.