'രക്ഷപ്പെടാൻ ഒരു സാധ്യതയുമില്ലേ?' മുവാൻ എയർപോർട്ടിൽ ഞായറാഴ്ച മുഴങ്ങികേട്ട ചോദ്യങ്ങളിലൊന്നാണിത്. ബാങ്കോക്കിൽ നിന്ന് 181 പേരുമായി സഞ്ചരിച്ച ജെജു എയർ വിമാനം ദക്ഷിണ കൊറിയയിലെ മുവാൻ രാജ്യാന്തര വിമാനത്താവളത്തിൽ ഞായർ രാവിലെ ഒൻപതിനാണ് ലാൻഡിങ്ങിനിടെ അപകടത്തിൽപ്പെട്ടത്.175 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്ന 179 പേർ മരിച്ചതായാണ് റിപ്പോർട്ട്. രണ്ടുപേരെ മാത്രമാണ് ജീവനോടെ രക്ഷപ്പെടുത്താൻ സാധിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിമാനത്തിലുണ്ടായിരുന്നവരുടെ ബന്ധുക്കളുടെ നിലവിളികളായിരുന്നു വിമാനത്താവളത്തിൽ നിറഞ്ഞുനിന്നതെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അപകടം നടക്കുന്നതിന് തൊട്ടുമുമ്പ് വിമാനത്തിലെ ഒരു യാത്രക്കാരന് മൊബൈലില്‍ തന്റെ കുടുംബത്തിന് അയച്ച സന്ദേശം പുറത്തുവന്നിരിക്കുകയാണ്.വിമാനത്തിന്റെ ചിറകില്‍ ഒരു പക്ഷി കുടുങ്ങിയിട്ടുണ്ടെന്ന് ഒരു യാത്രക്കാരന് ബന്ധുവിനോട് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ന്യൂസ് 1 ഏജന്‍സിയെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 'അവസാനമായി ഞാനൊന്നു പറയട്ടെ ?' എന്ന് യാത്രക്കാരന് സന്ദേശമയച്ചുവെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം സുരക്ഷാവേലിയില്‍ ഇടിച്ച് കത്തിയമരുകയായിരുന്നു.സന്ദേശത്തെ തുടർന്ന് കുടുംബാംഗങ്ങൾ വിമാനത്താവളത്തിലേക്ക് ഓടിയെത്തിയെങ്കിലും കത്തിയമരുന്ന വിമാനമാണ് കണ്ടത്. വിമാനത്തിൻ്റെ ചിറകിൽ പക്ഷി കുടുങ്ങിയതായി അപകടത്തിന് മിനിറ്റുകൾക്ക് മുമ്പ് വിമാനത്തിലുണ്ടായിരുന്ന ആളിൽ നിന്ന് സന്ദേശം ലഭിച്ചതായി യാത്രക്കാരന്റെ കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം വിമാന അപകടത്തിൽ സുരക്ഷാ പിഴവ് സംഭവിച്ചതായി റിപ്പോർട്ട്. ബെല്ലി ലാന്‍ഡിങ് നടത്തിയത് മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാതെയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. ആസൂത്രിതമായ ബെല്ലി ലാന്‍ഡിങ്ങാണെങ്കില്‍ ഫയര്‍ഫോഴ്സ് എന്തുകൊണ്ട് റണ്‍വേയ്ക്ക് സമീപം എത്തിയില്ല എന്ന സംശയങ്ങൾ ഉയരുന്നുണ്ട്. ബെല്ലി ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിന് മുമ്പ് വിമാനം എന്തുകൊണ്ട് വിമാനത്താവളത്തിന് ചുറ്റും വട്ടമിട്ട് പറന്നില്ല എന്ന ചോദ്യവും ചിലര്‍ ഉന്നയിക്കുന്നു. വിമാനത്തിലെ ഇന്ധനം കുറയ്ക്കുന്നതിനാണ് വട്ടമിട്ട് പറക്കുന്നത്. കൂടാതെ ഈ സമയം സുരക്ഷിതമായി ലാന്‍ഡ് ചെയ്യുന്നതിന് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കാറുണ്ട്. ഇവിടെ ഇത്തരം നടപടികൾ ഉണ്ടായില്ല എന്നും റിപ്പോർട്ടുകൾ പറയുന്നു.
