കേരളത്തിൻറെ ചരിത്രത്തിൽ ഇന്നോളം ഉണ്ടാകാത്ത വിധം സംസ്ഥാന സർക്കാരിന് നിരവധിതവണ പ്രതിസന്ധികൾ ഉണ്ടാക്കിയ,സംഭവബഹുലമായ അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിൽ നിന്ന് മടങ്ങി. മലയാളത്തിൽ സംസാരിച്ചായിരുന്നു കാലാവധി പൂർത്തിയാക്കിയ ആരിഫ് മുഹമ്മദ് ഖാൻ്റെ മടക്കം. കേരള ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞ ശേഷം പുതിയ ചുമതലയേറ്റെടുക്കാന്‍ ബിഹാറിലേക്ക് തിരിക്കും മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളത്തിലാണ് അദ്ദേഹം സംസാരം തുടങ്ങിയത്. ''ഗവര്‍ണറുടെ കാലാവധി തീരുന്നു, പക്ഷേ ബന്ധം തുടരും. കേരളവുമായി ഇനി ആജീവനാന്ത ബന്ധമായിരിക്കും. കേരള ജീവിതത്തിന്റെ ഏറ്റവും സുന്ദരമായ ഓര്‍മകളും കൊണ്ടാണ് ഞാന്‍ പോകുന്നത്. നിങ്ങളെയെല്ലാം ഞാന്‍ എന്നും ഓര്‍ക്കും. കേരളത്തിലെ എല്ലാവര്ക്കും നല്ലതുവരട്ടെ.'' - ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു.സര്‍വകലാശാല വിഷയത്തിലൊഴികെ കേരള സര്‍ക്കാരുമായി യാതൊരു കലഹവും ഉണ്ടായിരുന്നില്ലെന്നും കേരള സര്‍ക്കാരിന് എല്ലാ ആശംസകളും നേരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളം വിടുന്ന സാഹചര്യത്തില്‍ വിവാദമായേക്കാവുന്ന ചോദ്യങ്ങളോടൊന്നും തന്നെ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
സർക്കാർ പ്രതിനിധികൾ സന്ദർശിക്കാത്തതിനെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് പറഞ്ഞ ഗവർണർ രാജ്യം ദുഖാചരണത്തിലാണെന്നും അതിനാലാണ് ചടങ്ങുകൾ ഇല്ലാത്തതെന്നും മറുപടി നൽകി. മുൻ ഗവർണർ പി സദാശിവവുമായി തന്നെ താരതമ്യപ്പെടുത്തരുത്. രണ്ട് പേരും രണ്ട് വ്യക്തികളാണ്. ഓരോ ഗവർണർമാർക്കും ഓരോ വ്യക്തിത്വമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.അനൗപചാരികമായി മുഖ്യമന്തിയോ മന്ത്രിമാരോ എത്താത്തതിനെക്കുറിച്ച് ഈ സമയത്ത് ഒന്നും പറയുന്നില്ലെന്നും നല്ല വാക്കുകള്‍ പറഞ്ഞ് യാത്രയാവുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
യാത്രയാവുന്ന ഗവർണർക്ക് റ്റാറ്റാ നൽകി വ്യത്യസ്ത പ്രതിഷേധവുമായി രംഗത്തെത്തി. എസ്എഫ്ഐ പ്രവർത്തകർ. തിരുവനന്തപുരം പേട്ടയിലാണ് എസ്എഫ്ഐയുടെ വ്യത്യസ്ത പ്രതിഷേധം. ഗവര്‍ണര്‍ സംഘപരിവാറിനു വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്നായിരുന്നു സര്‍ക്കാരിൻ്റെയും എസ്എഫ്ഐയുടെയും ആരോപണം.
ഞായറാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് ഗവർണർ രാജ്ഭവനിൽ നിന്ന് കൊച്ചിയിലേക്ക് യാത്ര തിരിച്ചത്. കൊച്ചിയിൽ നിന്ന് നേരെ ഡൽഹിയിലേക്ക് പോകും. സർക്കാരിൻ്റെ ഔദ്യോഗിക യാത്രയയപ്പ് ഇല്ലാതെയാണ് ആരിഫ് മുഹമ്മദ് ഖാൻ്റെ വിടവാങ്ങൽ. അതേസമയം ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ രാജ്ഭവനിലെത്തി ഇന്നലെ ഗവർണർക്ക് ഉപഹാരം നൽകിയിരുന്നു.മന്മോഹന് സിങ്ങിന്റെ നിര്യാണത്തെ തുടര്‍ന്നുള്ള ദുഃഖാചരണം കണക്കിലെടുത്ത് രാജ്ഭവനിലെ ജീവനക്കാർ ആരിഫ് മുഹമ്മദ് ഖാന് നൽകാനിരുന്ന യാത്രയയപ്പ് ചടങ്ങും റദ്ദാക്കിയിരുന്നു.
