കായംകുളം എംഎൽഎ പ്രതിഭയുടെ മകനെതിരായ കഞ്ചാവ് കേസിലെ എഫ്ഐആറിൻ്റെ പകർപ്പ് പുറത്ത്. പ്രതിഭയുടെ മകൻ കനിവ് ഉൾപ്പടെയുള്ളവർക്കെതിരെ കേസെടുത്തത് കഞ്ചാവ് കൈവശം വെച്ചതിനും ഉപയോഗിച്ചതിനുമെന്നാണ് എഫ്ഐആർ. കേസിൽ ഒൻപതാം പ്രതിയാണ് കനിവ്.
കനിവുൾപ്പെടുന്ന സംഘത്തിൽ നിന്ന് 3ഗ്രാം കഞ്ചാവ്, കഞ്ചാവ് കലർന്ന പുകയില മിശ്രിതം, പള്ളഭാഗത്ത് ദ്വാരമുള്ള പ്ലാസ്റ്റിക് കുപ്പി, പച്ച പപ്പായ തണ്ട് എന്നിവയാണ് പിടിച്ചെടുത്തതെന്ന് എഫ്ഐആറിൽ പറയുന്നു. പ്രതിഭയുടെ മകനടക്കം ഉള്ളവർക്കെതിരെ എക്സൈസ് ചട്ടം 27-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പൊതുസ്ഥലത്ത് ഇരുന്ന് പരസ്യമായി കഞ്ചാവ് വലിച്ചെന്നാണ് കേസ്. ഇത് ജാമ്യം കിട്ടുന്ന വകുപ്പാണ്. മൂന്ന് ഗ്രാം കഞ്ചാവ് മാത്രമാണ് ഇവരിൽ നിന്ന് കണ്ടെത്തിയതെന്ന് എക്സൈസ് റിപ്പോർട്ട്.
കനിവ് ഉള്‍പ്പെടെ ഒന്‍പത് പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. ഒന്‍പത് പേരും ആലപ്പുഴ സ്വദേശികളാണ്. കുട്ടനാട് വിരിപ്പാല മുറിയില്‍ വടക്കേപറമ്പ് വീട്ടില്‍ സച്ചിന് എസ് (21) ആണ് കേസിലെ ഒന്നാം പ്രതി. വെട്ടിയിറത്ത് പറമ്പ് വീട്ടില്‍ മിഥുനാ(24)ണ് രണ്ടാം പ്രതി. തോട്ടുകടവില്‍ വീട്ടില്‍ ജെറിന് ജോഷി (21) മൂന്നാം പ്രതിയും കേളംമാടം വീട്ടില്‍ ജോസഫ് ബോബന് (22) നാലാം പ്രതിയുമാണ്. വടക്കേപറമ്പ് വീട്ടില്‍ സഞ്ജിത്ത് (20), അഖിലം വീട്ടില്‍ അഭിഷേക് (23), തൈച്ചിറയില്‍ വീട്ടില്‍ ബെന്സന്, കാളകെട്ടും ചിറ വീട്ടില്‍ സോജന് (22) എന്നിവര്‍ ക്രമേണ അഞ്ച്, ആറ്, ഏഴ്, എട്ട് പ്രതികളാണ്.
