ഇ.പി. ജയരാജന്റെ ആത്മകഥയിലെ ചില ഭാഗങ്ങൾ ചോർന്നത് ഡി.സി ബുക്സിൽനിന്നുതന്നെയാണെന്ന് കോട്ടയം ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ട് പുറത്ത്. പബ്ലിക്കേഷൻ വിഭാഗം മേധാവി ശ്രീകുമാറിന്റെ ഇ-മെയിൽ വഴിയാണ് വിവരങ്ങൾ ചോർന്നതെന്നും എസ്.പി എ. ഷാഹുൽ ഹമീദ് ഡി.ജി.പിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. നേരത്തേ എസ്.പി നൽകിയ റിപ്പോർട്ട് കൂടുതൽ വ്യക്തത ആവശ്യപ്പെട്ട് ഡി.ജി.പി മടക്കിയിരുന്നു. തുടർന്നാണ് വെള്ളിയാഴ്ച വിശദ റിപ്പോർട്ട് സമർപ്പിച്ചത്.
പകർപ്പവകാശ നിയമ പരിധിയിൽ വരുന്നതിനാൽ പൊലീസിന് നേരിട്ട് കേസെടുക്കാനാവില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സി.പി.എം നേതാവ് ഇ.പി. ജയരാജന്റെ ‘കട്ടൻ ചായയും പരിപ്പുവടയും: ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന ആത്മകഥയിലെ ചില ഭാഗങ്ങൾ പുറത്തുവന്നത് സംബന്ധിച്ചായിരുന്നു കേസ്. ഇതിൽ ഗൂഢാലോചന ആരോപിച്ച് ഇ.പി. ജയരാജൻ ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. തുടർന്ന് അന്വേഷണം കോട്ടയം എസ്.പി.യെ ഏൽപിക്കുകയായിരുന്നു.
ആത്മകഥ പ്രസിദ്ധീകരിക്കുന്നതിൽ ഇപിയും ഡിസിയും തമ്മിൽ രേഖാമൂലം ധാരണപത്രം ഇല്ലെന്നാണ് കോട്ടയം എസ് പിയുടെ അന്വേഷണ റിപ്പോർട്ട്. കേസ് എടുത്ത് അന്വേഷിക്കണമെങ്കിൽ ഇപി കോടതിയെ സമീപിക്കണമെന്നാണ് പൊലീസ് നിലപാട്.
