![]() |
ബാലി വേഷം |
അച്ഛൻ പി പി ചന്ദ്രന്റെ പാഠകം അവതരണം കണ്ട് വളർന്ന സി എസ് ജിഷ്ണു പ്രതാപിന് സംസ്കൃതം പഠിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാൽ ആറാം ക്ലാസിൽ കലാമണ്ഡലം സന്ദർശിച്ചതോടെ കലയാണ് തന്റെ വഴിയെന്ന് തിരിച്ചറിയുകയായിരുന്നു. അത് ജിഷ്ണുവിനെ കൊണ്ടെത്തിച്ചത് കലാമണ്ഡലത്തിലെ കൂടിയാട്ടം പുരുഷ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലാണ്. എട്ടാം ക്ലാസിൽ കലാമണ്ഡലത്തിൽ പ്രവേശനം ലഭിച്ചതോടെ കൂടിയാട്ടം –- ചാക്യാർകൂത്ത് പഠനം ആരംഭിച്ചു. ബിഎയും എംഎയും ഒന്നാം റാങ്കോടെ വിജയിച്ചു. ജനുവരി 16ന് വിവിധ വകുപ്പുകളിൽ ചുമതലയേറ്റ ഒമ്പത് പേരിലൊരാളായിരുന്നു ജിഷ്ണുവും. തെക്കൻ ജില്ലയിൽ ആദ്യ കൂടിയാട്ടം അധ്യാപകൻ, യുജിസി നിയമനത്തിലൂടെയെത്തുന്ന ആദ്യ പുരുഷ കൂടിയാട്ടം അധ്യാപകൻ എന്നീ വിശേഷണങ്ങളും ഈ 34കാരനെ തേടിയെത്തി. കേന്ദ്ര സംഗീത നാടക അക്കാദമിയുമായി ചേർന്ന് ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലും ഏവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും 50ലധികം തവണ കൂടിയാട്ടം അവതരിപ്പിച്ചിട്ടുണ്ട്. 2020ൽ കേരള സംഗീതനാടക അക്കാദമി പുരസ്കാരം ലഭിച്ചു. കേന്ദ്ര സർക്കാർ സാംസ്കാരിക വകുപ്പ് ജൂനിയർ ഫെലൊഷിപ്പ്, കലാമണ്ഡലത്തിലെ ആദ്യ പൈങ്കുളം രാമചാക്യാർ അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. 2023ൽ അമേരിക്കയിൽ കൂടിയാട്ടഅവതരണത്തിന് നേതൃത്വം നൽകി. 2016 മുതൽ ഹരിപ്പാട് രംഗധ്വനി കൂടിയാട്ട കലാകേന്ദ്രം നടത്തുന്നുണ്ട്. ഭാര്യ കലാമണ്ഡലം അഞ്ജലി ബാലൻ മോഹിനിയാട്ടം നർത്തകിയും തൃപ്പൂണിത്തുറ ആർഎൽവിയിൽ ഗസ്റ്റ് അധ്യാപികയുമാണ്. പരമേശ്വരൻ, പദ്മാവതി എന്നിവരാണ് മക്കൾ.