ചെങ്ങന്നൂരിലെ ഭാസ്ക്കര കാരണവർ വധക്കേസിൽ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒന്നാം പ്രതി ഷെറിന് ശിക്ഷായിളവ് നൽകി സർക്കാർ. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. ജീവപര്യന്തം തടവിനാണ് ഷെറിന് ശിക്ഷിക്കപ്പെട്ടത്. ഇത് 14 വര്‍ഷമായി ഇളവ് ചെയ്യാനാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്. 14 വർഷം തടവ് പൂർത്തീകരിച്ച സാഹചര്യത്തിലും, സ്ത്രീയെന്ന പരിഗണന നൽകണമെന്ന് ഷെറിൻ സമർപ്പിച്ച അപേക്ഷയും പരിഗണിച്ചാണ് ശിക്ഷയിൽ ഇളവു ചെയ്ത് ജയിൽമോചനത്തിന് മന്ത്രിസഭായോഗം അനുമതി നൽകിയത്. തന്റെ മകൻ പുറത്തുണ്ടെന്നും അപേക്ഷയിൽ ഷെറിൻ സൂചിപ്പിച്ചിരുന്നു. ഗവർണറുടെ അനുമതി ലഭിക്കുന്ന മുറക്ക് ഷെറിന് പുറത്ത് ഇറങ്ങാം.
2009 നവംബർ 8നാണ് ചെങ്ങന്നൂർ സ്വദേശിയായ ഭാസ്കര കാരണവർ കൊല്ലപ്പെട്ടത്. ഭാസ്കര കാരണവരെ മകന്റെ ഭാര്യയായ ഷെറിൻ കൊലപ്പെടുത്തുകയായിരുന്നു. ശ്വാസം മുട്ടിച്ചായിരുന്നു കൊല. തൻ്റെ വഴിവിട്ട ബന്ധം കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഷെറിൻ ഭാസ്കര കാരണവരെ കൊലപ്പെടുത്തിയത്. കേസിൽ ഷെറിൻ നൽകിയ മൊഴി തന്നെയാണ് വഴിത്തിരിവായത്.
2009 നവംബര്‍ ഏഴിനാണു ഷെറിന്റെ ഭര്‍തൃപിതാവ് ചെറിയനാട് തുരുത്തിമേല്‍ കാരണവേഴ്സ് വില്ലയില്‍ ഭാസ്കര കാരണവര്‍ കൊല്ലപ്പെട്ടത്. മരുമകള്‍ ഷെറിനായിരുന്നു ഒന്നാം പ്രതി. ശാരീരിക വെല്ലുവിളികളുള്ള ഭാസ്കര കാരണവറുടെ ഇളയമകന് ബിനു പീറ്ററിന്റെ ഭാവി സുരക്ഷിതമാക്കാനും ഷെറിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനുമായിരുന്നു 2001ല്‍ ഇവര്‍ വിവാഹിതരായത്. പക്ഷേ, വൈകാതെ ദാമ്പത്യപൊരുത്തക്കേടുകള്‍ പുറത്തായി. ഷെറിന്റെ വഴിവിട്ട ബന്ധങ്ങളും പ്രണയവും പകയും ഒത്തുചേര്‍ന്നപ്പോള്‍ ഭർതൃപിതാവ് വധിക്കപ്പെട്ടു.
സമൂഹമാധ്യമമായ ഓര്‍ക്കൂട്ട് വഴിയെത്തിയ സന്ദര്‍ശകനായിരുന്നു കേസിലെ രണ്ടാം പ്രതിയായ ബാസിത് അലി. മറ്റു രണ്ടു പ്രതികളും സുഹൃത്തുക്കളുമായ ഷാനുറഷീദ്, നിഥിന് എന്നിവര്‍ക്കൊപ്പമെത്തിയാണ് കാരണവരെ വധിക്കുന്നത്. സ്വത്തില്‍നിന്ന് ഒഴിവാക്കിയതിലുള്ള പ്രതികാരമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു കേസ്. കേസിൽ ഷെറിന്റെ സുഹൃത്തുകൾ ജയിലിൽ തുടരുകയാണ്.
മരണാനന്തര ചടങ്ങുകൾക്ക് ശേഷം നടത്തിയ ചോദ്യം ചെയ്യലിൽ മരുമകൾ ഷെറിനാണ് വീടിന്റെ മുകൾനിലയിൽ ഒരു സ്ലൈഡിങ് ജനാലയുണ്ടെന്നും അതുവഴി പുറത്തുനിന്നൊരാൾക്ക് അകത്തേക്ക് കയറാമെന്നും മൊഴി നൽകിയത്. എന്നാൽ ഒരു ഏണിയില്ലാതെ ഒരാൾക്ക് അതിന് മുകളിൽ കയറി നിൽക്കാൻ കഴിയില്ലായിരുന്നു.
ഇതിനിടെ ഷെറിന്റെ ഫോൺ ലിസ്റ്റ് പരിശോധിച്ചപ്പോൾ ഒരു നമ്പരിലേക്കു 55 കോളുകൾ പോയതായി കണ്ടെത്തി. രണ്ടാം പ്രതി ബാസിത് അലിയുടെ ഫോണിലേക്കായിരുന്നു ഈ കോളുകൾ എത്തിയിരുന്നത്. ഭാസ്കര കാരണവരുടെ കിടപ്പുമുറിയിലെ അലമാരയുടെ പിടിയിൽ കണ്ട വലതു തള്ളവിരലിന്റെ പാട് ബാസിത് അലിയുടേതാണെന്ന് പിന്നീട് തെളിഞ്ഞു.
ഒരുമിച്ച് ജീവിക്കാനുള്ള തയാറെടുപ്പിലായിരുന്നു ഷെറിനും ബാസിത് അലിയും. ഇതിനിടെയായിരുന്നു ആസൂത്രിത കൊലപാതകം. ഷാനു റഷീദ്, നിഥിൻ എന്നിവരായിരുന്നു കേസിലെ കൂട്ടുപ്രതികൾ. സ്വത്തിൽ നിന്ന് ഒഴിവാക്കിയതിലുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു കേസ്.
2010 ജൂൺ 11നാണ് മാവേലിക്കര അതിവേഗ കോടതി ഷെറിനെ ശിക്ഷിച്ചത്. തുടർന്നു ഷെറിൻ പൂജപ്പുര സെൻട്രൽ ജയിലിലെത്തിയത്. വൈകാതെ ഇവരെ നെയ്യാറ്റിൻകര വനിതാ ജയിലിലേക്കു മാറ്റി. അവിടെ മൊബൈൽ ഫോൺ അനധികൃതമായി ഉപയോഗിച്ചതു പിടികൂടിയതോടെ അച്ചടക്ക നടപടിയുടെ ഭാഗമായി 2015 മാർച്ചിൽ വിയ്യൂർ സെൻട്രൽ ജയിലിലേക്കു മാറ്റി. ഇവിടെ വച്ച് വെയിൽ കൊള്ളാതിരിക്കാൻ ഇവർക്കു ജയിൽ ഡോക്ടർ കുട അനുവദിച്ചതു വലിയ വിവാദമായിരുന്നു. ജയിൽ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും ഷെറിനെതിരെ പരാതി ഉണ്ടായി. പിന്നീട് 2017 മാർച്ചിൽ തിരുവനന്തപുരം വനിതാ ജയിലിലേക്കു മാറ്റി.