പഴമക്കാർ നൂറ്റാണ്ടുകളിലൂടെ ആർജിച്ചെടുത്ത കരകൗശല നിർമാണ വൈദഗ്ധ്യം പുതുതലമുറയ്ക്ക് അന്യമല്ലെന്ന് തെളിയിച്ച വാവച്ചന്റെ (ജി ശ്രീജിത്ത്) കരവിരുത്. ഫോക്ലോർ അക്കാദമിയുടെ യുവപ്രതിഭാ പുരസ്കാരം നേടിയിട്ടുള്ള വാവച്ചൻ വർഷങ്ങളായി കരകൗശല നിർമാണരംഗത്ത് സജീവമാണ്. പുല്ല്, മുള, പനയോല, ഈറ, ചൂരൽ, പാള, തെങ്ങോല, കുരുത്തോല, കൈതോല, ചിരട്ട തുടങ്ങി എന്തും അസംസ്കൃത വസ്തുക്കളാക്കി നിർമിക്കുന്ന കാർഷിക ഗൃഹോപകരണങ്ങളും ദേവീദേവൻമാരുടെ രൂപങ്ങളും ആരെയും വിസ്മയിപ്പിക്കും. ചെറുപ്പംമുതൽ പരമ്പരാഗതമായി പകർന്നുകിട്ടിയ നാട്ടറിവുകളാണ് കരുത്ത്. 22 വർഷം മുമ്പ് നാടൻപാട്ട് കലാസംഘങ്ങൾക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങി. നിലവിൽ മാവേലിക്കര പൊലിമ നാടൻപാട്ട് സംഘത്തിനൊപ്പമാണ്. പാട്ടുസംഘങ്ങൾക്ക് വേണ്ടി കുട്ട, വട്ടി, തൊപ്പി, കുട, തെയ്യം, വട്ടമുടി കരിങ്കാളി എന്നിവ നിർമിച്ചുതുടങ്ങിയതോടെ ശ്രദ്ധേയനായി. കുരുത്തോലകൾകൊണ്ട് മാത്രം നൂറിലേറെ വ്യത്യസ്ത അലങ്കാരസാമഗ്രികൾ നിർമിക്കാനാകുമെന്ന് വാവച്ചൻ പറയുന്നു. വിവിധ ജില്ലകളിലെ നൂറോളം ക്ഷേത്രങ്ങളിൽ കുരുത്തോല അലങ്കാരങ്ങൾ നിർമിച്ചുനൽകിയിട്ടുണ്ട്. ഇത്തവണ മകരവിളക്കിന് ശബരിമല ക്ഷേത്രവും പരിസരവും ഉപദേവതാക്ഷേത്രങ്ങളും കുരുത്തോലകളിൽ തീർത്ത വ്യത്യസ്ത രൂപങ്ങളാൽ വാവച്ചനും സംഘവും അലങ്കരിക്കും. തിരുവനന്തപുരം കഴക്കൂട്ടത്തുള്ള ക്ഷേത്രത്തിലെ അലങ്കാരങ്ങൾ കണ്ടാണ് ശബരിമലയിലേക്ക് ക്ഷണം ലഭിച്ചത്. മാവേലിക്കര തെക്കേക്കരയിലെ മുതിർന്ന സിപിഐ എം പ്രവർത്തകനായ തടത്തിലാൽ പടിഞ്ഞാറേമുട്ടത്ത് ഗംഗാധരന്റെയും രത്നമ്മയുടെയും മകനാണ്. ഭാര്യ: ശാലിനി. മകൻ: വൈഖരി.