ലീഗ് നേതാവിനെതിരെ പരിഹാസം. രാജി ഒന്നേകാല്‍ വര്‍ഷം ബാക്കി നില്‍ക്കെ
2025 ജൂൺ മാസത്തോടെ ഉപതെരഞ്ഞെടുപ്പിന് വഴിയൊരുക്കി നിലമ്പൂർ എംഎൽഎ സ്ഥാനം രാജിവെച്ച് പി. വി. അന്‍വര്‍. രാവിലെ നിയമസഭയില്‍ സ്പീക്കറുടെ ഓഫീസിലെത്തി രാജിക്കത്ത് കൈമാറിയ ശേഷമായിരുന്നു രാജിപ്രഖ്യാപനം. എംഎല്‍എ ഹോസ്റ്റലിൽനിന്ന് ഇറങ്ങിയ അന്‍വര്‍ കാറിലെ എംഎല്‍എ ബോർഡ് മറച്ചുവെച്ചാണ് സഭയില്‍ സ്പീക്കറെ കാണാനെത്തിയത്. അപ്പോള്‍തന്നെ രാജി ഉറപ്പിച്ചിരുന്നു. സ്പീക്കറെ കാണുന്നതിനുമുന്പ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങള്‍ക്കും അദ്ദേഹം സ്പീക്കറെ കണ്ടശേഷം സംസാരിക്കാമെന്നായിരുന്നു മറുപടി.തൃണമൂൽ കോൺഗ്രസ് പ്രവേശനത്തിന്റെ സാഹചര്യത്തിൽ അയോഗ്യത മറികടക്കാനാണ് രാജിവെച്ചത്.
ശനിയാഴ്ചതന്നെ രാജിക്കത്ത് ഇമെയിൽ അയച്ചിരുന്നെന്നും നേരിട്ടു നൽകേണ്ടതിനാലാണു ഇന്നു സ്പീക്കറെ കണ്ട് കത്തു കൈമാറിയതെന്നും അൻവർ വ്യക്തമാക്കി.ഇടതുപക്ഷവുമായി തെറ്റിയശേഷം തൃണമൂൽ കോൺഗ്രസിൽ ചേർന്നതിനു പിന്നാലെയാണ് അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവച്ചത്. 30 വര്‍ഷത്തോളം കോണ്‍ഗ്രസിലെ ആര്യാടന് മുഹമ്മദ് ജയിച്ചിരുന്ന നിലമ്പൂര്‍ മണ്ഡലത്തിൽ 2 തവണ അട്ടിമറി വിജയം നേടിയാണ് അൻവർ ഇടതുകേന്ദ്രങ്ങളിൽ താരമായത്. പൊലീസിനെതിരായ ആരോപണം ഉന്നയിച്ചപ്പോൾ കാര്യമായി ഏറ്റെടുക്കാതെ വന്നതോടെയാണു സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ യുദ്ധപ്രഖ്യാപനം നടത്തിയത്. രാജിവച്ചതോടെ 14 വര്‍ഷത്തെ ഇടതുബന്ധം അൻവർ ഉപേക്ഷിച്ചു.
തൃണമൂൽ കോൺഗ്രസിന്റെ സംസ്ഥാന കൺവീനറായാണ് അൻവറിന് നിയമനം.കോൺഗ്രസ് നേതാവും എടവണ്ണ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി.വി.ഷൗക്കത്തലിയുടെ മകനായ അന്‍വര്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണു പൊതുപ്രവര്‍ത്തനം തുടങ്ങിയത്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറനാട് മണ്ഡലത്തിലെ ഔദ്യോഗിക ഇടതു സ്ഥാനാര്‍ഥിയെ നാലാം സ്ഥാനത്തേക്കു തള്ളിയാണ് അന്‍വര്‍ ശ്രദ്ധേയനായത്. 2016ല്‍ നിലമ്പൂര്‍ പിടിക്കാൻ എൽഡിഎഫ് അന്‍വറിനെ നിയോഗിച്ചു. 2021ലും വിജയം ആവര്‍ത്തിച്ചു. 2014ല്‍ വയനാട് മണ്ഡലത്തില്‍നിന്നു സ്വതന്ത്രനായും 2019ല്‍ ഇടതുസ്വതന്ത്രനായി പൊന്നാനിയില്‍നിന്നും ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചു.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജിയുടെ നിര്‍ദേശപ്രകാരമാണ് എംഎല്‍എ പദവി ഒഴിഞ്ഞതെന്നും അൻവർ വ്യക്തമാക്കി. എംഎൽഎ സ്ഥാനം രാജിവെച്ച് പോരാട്ടത്തിനിറങ്ങിയാല്‍ മനുഷ്യ-വന്യജീവി സംഘര്‍ഷം പാര്‍ലമെന്റില്‍ ഉന്നയിക്കാമെന്നും ഇന്‍ഡ്യാസഖ്യവുമായി ചര്‍ച്ച ചെയ്യാമെന്നും മമത ഉറപ്പ് നല്‍കിയതായി അന്‍വര്‍ പറഞ്ഞു. സ്പീക്കര്‍ക്ക് രാജിക്കത്ത് കൈമാറിയ ശേഷം തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അന്‍വര്‍ രാജിക്കാര്യം വിശദീകരിച്ചത്.
കേരളത്തിലെ ജനങ്ങള്‍ക്കും പിണറായിസത്തിനെതിരെ പോരാടിയ തനിക്ക് പിന്തുണ നല്കിയ ജനങ്ങള്‍ക്കും നന്ദി അറിയിച്ചുകൊണ്ടാണ് അന്‍വര്‍ വാര്‍ത്താസമ്മേളനം ആരംഭിച്ചത്. മത്സരിക്കാന്‍ അവസരം നല്കിയ ഇടതുപക്ഷ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അന്‍വര്‍ നന്ദി അറിയിച്ചു. 11-ാം തീയതി സ്പീക്കര്‍ക്ക് ഇമെയില്‍വഴി രാജി കൈമാറിയിരുന്നുവെന്നും സ്വന്തം കൈപ്പടയില്‍ എഴുതിയ കത്താണ് ഇന്ന് സ്പീക്കര്‍ക്ക് കൈമാറിയതെന്നും അന്‍വര്‍ പറഞ്ഞു.
രാജിവെക്കണം എന്ന ഉദ്ദേശത്തോടെയല്ല കൊല്‍ക്കത്തയിലേക്ക് പോയത്. തൃണമൂല്‍ നേതൃത്വവുമായും മമതാ ബാനര്‍ജിയുമായും സംസാരിച്ചു. നമ്മുടെ നാട് നേരിടുന്ന വന്യജീവി ആക്രമണത്തെക്കുറിച്ച് മമതയെ ധരിപ്പിച്ചു. ഇക്കാര്യത്തില്‍ ശക്തമായ നിലപാട് പാര്‍ലമെന്റില്‍ സ്വീകരിക്കണമെന്നും അറിയിച്ചു. പാര്‍ട്ടിയുമായി സഹകരിച്ച് പോകാന്‍ തീരുമാനിക്കുകയാണെങ്കില്‍ പാര്‍ലമെന്റില്‍ വിഷയം ഉന്നയിക്കുമെന്നും ഇന്‍ഡ്യാ മുന്നണിയുമായി വിഷയം ചര്‍ച്ച ചെയ്യുമെന്നും ഉറപ്പ് നല്കി. കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും അറിയിച്ചു. എംഎല്‍എ എന്ന നിലയില്‍ മറ്റൊരു പാര്‍ട്ടിയില്‍ ചേരുന്നതില്‍ നിയമതടസ്സമുണ്ടായിരുന്നു. അങ്ങനെയാണ് രാജിവെച്ചത്. മമതയുടെ നിര്‍ദേശപ്രകാരമാണ് രാജി. എംഎല്‍എ സ്ഥാനം മലയോരജനതയ്ക്ക് സമര്‍പ്പിക്കണമെന്ന് മമത പറഞ്ഞുവെന്നും അന്‍വര്‍ വ്യക്തമാക്കി.
പിണറായിക്ക് എതിരെ ആരോപണം ഉന്നയിച്ചത് സിപിഎമ്മിലെ ചിലർ പറഞ്ഞിട്ടെന്ന് അൻവറിൻ്റെ വെളിപ്പെടുത്തൽ. പാർട്ടി നേതൃത്വം അറിഞ്ഞാണ് എം.ആർ അജിത് കുമാറിനെതിരെ പറഞ്ഞത്. മുഖ്യമന്ത്രി തള്ളിപ്പറയുന്നതു വരെ കരുതിയത്, സുജിത് ദാസിന്റെ കോക്കസിൽ പെട്ടുപോയതാണ് മുഖ്യമന്ത്രി എന്നാണ്. അദ്ദേഹം നിലപാടെടുക്കും എന്നും കരുതി. എന്നാൽ, എല്ലാം താൻ വരുത്തിതീർക്കാൻ ശ്രമിച്ച വിധത്തിൽ മുഖ്യമന്ത്രി സംസാരിച്ചുവെന്നും പി.വി. അൻവർ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെയും കുടുംബത്തിനെതിരെയും ഉണ്ടായ ആരോപണം വലിയ മനോവിഷമമുണ്ടായി. പിതാവിനെ പോലെ സ്നേഹിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്നും അൻവർ പറഞ്ഞു. ലീഗ് ഒരു മൃദു രാഷ്ട്രീയ പാർട്ടിയാണ്. ആ പാർട്ടിയെയും തങ്ങളെയും പിണറായി ഇപ്പോൾ വർഗീയവാദി ആക്കുകയാണെന്നും അൻവർ കുറ്റപ്പെടുത്തി.
ഇലക്ഷൻ ഫണ്ടായി കോൺഗ്രസിന് 150 കോടി രൂപ ലഭിച്ചുവെന്ന് സഭയിൽ ഉന്നയിച്ചത് പാർട്ടി നിർദേശം അനുസരിച്ചാണ്. നിയമസഭയിൽ വി.ഡി. സതീശനെതിരെ ആരോപണമുന്നയിക്കണമെന്ന് പറഞ്ഞത് പി. ശശിയാണ്. ആരോപണം തയ്യാറാക്കി തരികയായിരുന്നു. താൻ തന്നെ ഇത് പറയണമെന്ന് പി. ശശി പറഞ്ഞു. വെറുതെ ആരോപണം ഉന്നയിച്ചതല്ല സ്പീക്കർക്ക് കത്ത് നൽകി അനുമതി വാങ്ങിയാണ് ആരോപണം ഉന്നയിച്ചതെന്നും അൻവർ പറഞ്ഞു. പി. ശശി തന്നെ മോശക്കാരനാണെന്ന് വരുത്തിതീർക്കാൻ ബോധപൂർവം ശ്രമിച്ചു. എന്നെ കുടുക്കാനുള്ള ശശിയുടെ പദ്ധതി നേരത്തെ തുടങ്ങിയതാണെന്നും അൻവർ ആരോപിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കുടുംബത്തിന് ഇത് കാരണമുണ്ടായ മാനഹാനിക്ക് ക്ഷമ ചോദിക്കുന്നു. പ്രതിപക്ഷ നേതാവ് വസ്തുതകൾ ഉൾക്കൊണ്ട് മാപ്പപേക്ഷ സ്വീകരിക്കണമെന്നും അൻവർ വ്യക്തമാക്കി. വനനിയമ ഭേദഗതി ഏതുവിധേനയും തടയണമെന്നാണ് പ്രതിപക്ഷത്തോട് പറയാനുള്ളതെന്നും പി.വി. അൻവർ പറഞ്ഞു.
നിലമ്പൂരിൽ ഇനി മത്സരിക്കാനില്ല, അതേസമയം, യുഡിഎഫ് നിലമ്പൂരിൽ നിർത്തുന്ന കോൺഗ്രസ് സ്ഥാനാർഥിക്ക് നിരുപാധികം പിന്തുണ പ്രഖ്യാപിക്കുമെന്നും അൻവർ പറഞ്ഞു. എന്നാൽ ആര്യാടൻ ഷൗക്കത്തിനെ നിർത്തിയാൽ പിന്തുണക്കില്ല. ഷൗക്കത്ത് സിനിമ എടുത്ത് നടക്കുന്നയാളല്ലേ എന്നും അൻവർ പരിഹാസിച്ചു. വി.എസ്.ജോയി മത്സരിച്ചാൽ 40,000 വോട്ടിനു ജയിക്കും. ആര്യാടൻ ഷൗക്കത്ത് സിനിമാ സാംസ്കാരിക പ്രവർത്തകൻ മാത്രമല്ലേ? ഞാൻ അദ്ദേഹത്തെ എവിടെയും കാണാറില്ല.