മൺപാത്രങ്ങളും ഇരുമ്പ് ആയുധങ്ങളും കൊളുത്തും ലഭിച്ചിരുന്നു
കോഴിക്കോട് പേരാമ്പ്രയിൽ കണ്ടെത്തിയ ചെങ്കൽ ഗുഹ, പുരാവസ്തു വകുപ്പ് പരിശോധിച്ചു. ലഭിച്ച പുരാവസ്തുക്കൾ, ഈസ്റ്റ്ഹിൽ പഴശ്ശിരാജ മ്യൂസിയത്തിലേക്ക് മാറ്റി. മഹാശിലാ സംസ്കാരത്തിന്റെ ഭാഗമായ ഗുഹയാണ് കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു. പേരാമ്പ്ര നൊച്ചാട് പഞ്ചായത്തിലെ ചേനോളി സ്വദേശി സുരേന്ദ്രൻ്റെ സ്ഥലത്ത്, വീടു നിർമ്മാണത്തിന്റെ ഭാഗമായി ശുചിമുറിക്കായി കുഴിയെടുക്കുന്നതിനിടെയാണ് ചെങ്കൽ ഗുഹ കണ്ടെത്തിയത്. വിവരം പുരാവസ്തു വകുപ്പിനെ അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥരെത്തി വിശദമായ പരിശോധന നടത്തി.
പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരുടെ വിശദമായ പരിശോധനയിൽ കലങ്ങളും അസ്ഥികളും ഇരുമ്പു കത്തിയും അവശിഷ്ടങ്ങളും മാത്രമാണ് കണ്ടെത്താനായത്. രണ്ടാമത്തെ അറ തുറന്നു പരിശോധിച്ചപ്പോഴാണ് അസ്ഥി ലഭിച്ചത്. സ്മാരകങ്ങളുടെ കാലപ്പഴക്കം നിർണയിക്കാൻ ഇതു സഹായകമാകും. ആദ്യ അറ തുറന്നപ്പോൾ മൺപാത്രങ്ങളും ഇരുമ്പ് ആയുധങ്ങളും കൊളുത്തും ലഭിച്ചിരുന്നു. മൃതസംസ്കാര സ്മാരകങ്ങളായി ഉറപ്പുള്ള ചെങ്കൽപാറകൾ വെട്ടിയുണ്ടാക്കിയ 3 കല്ലറകളാണ് കണ്ടെത്തിയത്.
സ്മാരകങ്ങൾക്ക് അകത്ത് മൃതദേഹം പൂർണമായി വയ്ക്കുന്നതിന് പകരം അസ്ഥികൾ മാത്രമാണ് വയ്ക്കാറുള്ളത്. പാത്രങ്ങളിൽ സൂക്ഷിച്ച രീതിയിലോ ബെഞ്ചുകളിൽ വച്ച രീതിയിലോ ആണ് ഇവ കാണുന്നത്. ഇരുമ്പ് ആയുധങ്ങളും ചില സ്ഥലത്ത് കൽമുത്തുകളും വയ്ക്കാറുണ്ട്.
അപൂർവമായി നെല്ല് പോലുള്ള ധാന്യങ്ങളും കിട്ടാറുണ്ട്. മൺപാത്രങ്ങളുടെ മുകളിൽ കോറിയിട്ട അടയാളങ്ങൾ കാണാറുണ്ട്. ഇവ തന്നെയാണ് ഇവിടെയും ലഭിച്ചത്.
2000 മുതൽ 2500 വർഷം മുൻപുള്ളതാണ് ഗുഹയെന്നാണ് പ്രാഥമിക നിഗമനം. കോഴിക്കോട് പഴശ്ശിരാജ മ്യൂസിയം ചാർജ് ഓഫീസർ കെ കൃഷ്ണ രാജിൻ്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്ക് നേതൃത്വം നൽകി.
