ദി ഈസ്റ്റ് ആഫ്രിക്കൻ റിഫ്റ്റ് സിസ്റ്റം
ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ എത്യോപ്യൻ മരുഭൂമിയിൽ ഒരു വലിയ ഗർത്തമുണ്ട്. 'ദി ഈസ്റ്റ് ആഫ്രിക്കൻ റിഫ്റ്റ് സിസ്റ്റം' എന്നറിയപ്പെടുന്ന ഈ ഗർത്തം സാവധാനം ആഫ്രിക്കൻഭൂഖണ്ഡത്തെ രണ്ടായി പിളർത്തുകയാണെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. പതിയെ, ഇവിടെ ഒരു പുതിയ സമുദ്രം രൂപപ്പെടുമെത്രേ. 50 ലക്ഷംമുതൽ ഒരുകോടി വർഷത്തിനപ്പുറം ഭൂമിസ്ഥിതിതന്നെ മാറാൻ ഈ പ്രതിഭാസം കാരണമാകും.
2005-ലാണ് ഈസ്റ്റ് ആഫ്രിക്കൻ റിഫ്റ്റ് സിസ്റ്റത്തെ ആദ്യമായി കണ്ടെത്തുന്നത്. എന്നാൽ, രണ്ടുകോടി വർഷത്തിലധികമായി ഇത് രൂപപ്പെട്ടിട്ടെന്നാണ് അനുമാനം. ഭൂമിക്കടിയിലെ ടെറ്റോണിക് പ്ലേറ്റുകളായ സോമാലിപ്ലേറ്റും ന്യൂബിയൻ പ്ലേറ്റും തമ്മിൽ പതിയെ അകന്നുപോകുന്നതിനനുസരിച്ച് ഈ ഗർത്തത്തിന്റെ ആഴവും വീതിയും കൂടിവരുകയാണ്. അകലുകയെന്നാൽ വർഷത്തിൽ കുറച്ച് മില്ലീമീറ്ററുകൾ മാത്രമാണ് കേട്ടോ.
വർഷങ്ങൾക്കപ്പുറം ഈ വിടവിൽ ഏഡൻ ഉൾക്കടലും ചെങ്കടലും വന്നുനിറയുന്നതോടെ ഭൂമിയിൽ ആറാമതൊരു സമുദ്രംകൂടി രൂപപ്പെടും. നമ്മുടെ ജൈവവൈവിധ്യത്തെമുതൽ കാലാവസ്ഥയെവരെ ഗുരുതരമായി ബാധിക്കുന്ന പ്രതിഭാസമാണ് ഈ വൻകരകളുടെ വേർപെടൽ.
