ആശുപത്രി അധികൃതരുടെ ഗുരുതര പിഴവിന് തുടര്‍ന്ന് 30 മണിക്കൂര്‍ ഉദ്ധാരണം സംഭവിച്ച യുവാവിന് 44 ലക്ഷം രൂപ നഷ്ടപരിഹാരം. സ്പെയിനിലെ വലന്‍സിയ നഗരത്തിലെ 36 കാരനാണ് ദുരനുഭവം ഉണ്ടായത്. പ്രിയാപിസമെന്ന രോഗാവസ്ഥയുടെ ലക്ഷണങ്ങളോടെ ആശുപത്രിയിലെത്തിയ ഇദ്ദേഹത്തിന് കൃത്യമായ ചികില്‍സ നല്‍കിയില്ലെന്ന് അധികൃതര്‍ കണ്ടെത്തി. അസ്വാഭാവികമായ രീതിയിൽ ലിംഗോദ്ധാരണം നടക്കുന്ന അവസ്ഥയാണ് പ്രിയാപിസം. ലിംഗത്തിലേക്കോ നാഡീവ്യൂഹത്തിലേക്കോ രക്തപ്രവാഹത്തെ സ്വാധീനിക്കുന്ന ഘടകങ്ങളിലെ പാകപ്പിഴ കൊണ്ടാണ് പ്രിയാപിസം ഉണ്ടാകുന്നത്.
വലന്‍സിയയിലെ അല്ബൈദയിലെ ഹെല്‍ത്ത് സെന്ററിലാണ് യുവാവ് ആദ്യം ചികില്‍സ തേടിയത്. ഇവിടെ നിന്ന് രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ പ്രദേശത്തെ തന്നെ ഒന്റിനിയന്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ഇവിടെ കൃത്യമായ ചികില്‍സ നല്‍കിയില്ലെന്നാണ് പരാതി. യൂറോളജിസ്റ്റിനെ കാണാന്‍ നേരത്തെ അപ്പോയിന്മെന്റ് ആവശ്യമാണെന്നും കാത്തിരിക്കേണ്ടി വരുമെന്നുമാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.
ചികില്‍സ വൈകുന്നതിനെ പറ്റി പരാതിപ്പെട്ടതിന് പിന്നാലെ രോഗിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പനിയോടെ രോഗം വഷളായ നിലയിലാണ് അടുത്ത ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചത്. മൂന്നാമത്തെ ആശുപത്രിയിലേക്ക് എത്തുമ്പോള്‍ ഉദ്ധാരണം 20 മണിക്കൂറോളം കഴിഞ്ഞിരുന്നതായി രോഗി വ്യക്തമാക്കി.
ആശുപത്രിയില്‍ നിന്നും നിലമെച്ചപ്പെട്ടതോടെ ഡിസ്ചാര്‍ജ് ചെയ്യുകയും ദിവസങ്ങള്‍ക്ക് ശേഷം ശസ്ത്രക്രിയ തീരുമാനിക്കുകയുമായിരുന്നു. ചികില്‍സയുടെ ഭാഗമയി പെനൈല്‍ ഇംപ്ലാന്റ് ഘടിപ്പിക്കാനായിരുന്നു തീരുമാനം. എന്നാല്‍ ആശുപത്രി അധികൃതരുടെ അനാസ്ഥയില്‍ കൃത്യതയില്ലാതെ പെനൈല്‍ ഇംപ്ലാന്റ് ചെയ്തതിനാല്‍ രോഗിക്ക് രണ്ടാമതും ശസ്ത്രക്രിയ നടത്തേണ്ടി വന്നു.
2020 ലാണ് രോഗിക്ക് ഈ ദുരനുഭവം ഉണ്ടാകുന്നത്. നാലു വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് വലന്‍സിയ പ്രാദേശിക ഭരണകൂടം നഷ്ടപരിഹാരം വിധിച്ചത്. രോഗിയെ കൃത്യമായല്ല പരിചരിച്ചതെന്നും ഇക്കാരണത്താല്‍ 49,104 യൂറോ (ഏകദേശം 44 ലക്ഷം രൂപ) ആരോഗ്യ വകുപ്പ് യുവാവിന് നഷ്ടപരിഹാരം നല്‍കണമെന്നുമായിരുന്നു വിധി. യുവാവിന്റെ ഭാര്യയ്ക്കും 5000 യൂറോ നഷ്ടപരിഹാരം ലഭിക്കും.
എന്തുതരം രോഗാവസ്ഥയാണ് പ്രിയാപിസം?
ഒരു പുരുഷനില്‍ ലൈംഗിക ഉത്തേജനമുണ്ടാക്കുന്ന എന്തെങ്കിലും ബാഹ്യമായ ഘടകമുണ്ടായാല്‍ മാത്രമേ സാധാരണഗതിയില്‍ അയാളില്‍ ഉദ്ധാരണം സംഭവിക്കുകയുള്ളൂ. അങ്ങനെ ആണെങ്കില്‍ പോലും, ഉദ്ധാരണത്തിന് ഒരു നിശ്ചിത ദൈര്‍ഘ്യമുണ്ടായിരിക്കും. ഓരോരുത്തരിലും ഏറ്റക്കുറച്ചിലുണ്ടാകുമെങ്കില്‍ പോലും മിനുറ്റുകള്‍ എന്ന കണക്കില്‍ നിന്ന് ഇത് നീണ്ടുനില്‍ക്കാറില്ല. ഇതിന് വിരുദ്ധമായി പുരുഷലിംഗത്തെ ബാധിക്കുന്ന അപൂര്‍വ്വ രോഗാവസ്ഥയെയാണ് പ്രിയാപിസം എന്ന് അറിയപ്പെടുന്നത്. ലൈംഗികോത്തേജനമില്ലാതെ, ദീര്‍ഘനേരത്തേക്ക് ലിംഗോദ്ധാരണം നടക്കുന്ന അപൂര്‍വ അവസ്ഥയാണിത്. മുപ്പത് പിന്നിട്ട പുരുഷന്മാരിലാണ് കൂടുതലായും പ്രിയാപിസം കണ്ടുവരുന്നത്. ഇതിന് ഒട്ടേറെ കാരണങ്ങളുണ്ട്.
ആദ്യം സൂചിപ്പിച്ചത് പോലെ പുരുഷനില്‍ ലൈംഗിക ഉണര്‍വുണ്ടാക്കുന്ന ബാഹ്യ ഘടകങ്ങളും ഇത്തരം കേസുകളില്‍ ഉണ്ടാകണമെന്നില്ല. അതായക്, മനസിന്റെ ആഗ്രഹങ്ങള്‍ക്ക് വിരുദ്ധമായി, ഔചിത്യമില്ലാത്ത തരത്തിലുണ്ടാകുന്ന ഉദ്ധാണം എന്ന് വേണമെങ്കില്‍ പറയാം.ശരിയായ രീതിയില്‍ രക്തയോട്ടമുണ്ടാവാനായി കഴിക്കുന്ന 'ബ്ലഡ് തിന്നര്‍ മെഡിസിന്‍സ്, ഹോര്‍മോണ്‍ തെറാപ്പി, മള്‍ട്ടിപ്പിള്‍ മൈലോമ, ലുക്കീമിയ പോലുള്ള അര്‍ബുദങ്ങള്‍ എന്നിവയെല്ലാം പ്രിയാപിസത്തിന് കാരണമായേക്കാം.
പ്രധാനമായും അള്‍ട്രാസൗണ്ട് സ്കാനിങ്, ബ്ലഡ് ടെസ്റ്റ് എന്നിവ വഴിയാണ് ഈ രോഗം കണ്ടെത്തുന്നത്. സമയബന്ധിതമായി ചികിത്സ കിട്ടിയില്ലെങ്കില്‍ ലിംഗത്തിന്റെ ഉദ്ധാരണശേഷി സ്ഥിരമായി നഷ്ടപ്പെടുന്നതടക്കം സംഭവിക്കാം. ഭൂരിഭാഗം കേസുകളിലും, കടുത്ത വേദനയോടെയായിരിക്കും പ്രിയാപിസം എന്ന രോഗാവസ്ഥയില്‍ ലിംഗോദ്ധാരണം നടക്കുക.നാലോ അതില്‍ അധികമോ മണിക്കൂറുകളോളം ലിംഗത്തിന്റെ അഗ്രഭാഗം മാര്‍ദ്ദവത്തിലും ശേഷിക്കുന്ന ഭാഗം ബലത്തിലും തുടരുന്ന അവസ്ഥയാണിത്.
'പ്രിയാപിസം' അത്യപൂര്‍വ്വമായ ഒരു രോഗമാണെന്ന് ചിന്തിച്ചെങ്കില്‍ തെറ്റി. ഇന്ത്യയില്‍ പ്രതിവര്‍ഷം 10 ലക്ഷം പേരിലെങ്കിലും ഇത് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സാധാരണഗതിയില്‍ ഇത് വളരെ വേദന നിറഞ്ഞ അവസ്ഥയാണ്. അരിവാള്രോഗമുള്ളവരിലാണ് പൊതുവേ പ്രിയാപിസം കാണപ്പെടുന്നത്. ഇതിന് കൃത്യമായ കാരണവുമുണ്ട്.അരിവാള്‍ രോഗികളില്‍ രക്തയോട്ടം കുറഞ്ഞ് രക്തം കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ടാകാറുണ്ട്. ലിംഗത്തില്‍ ഇത്തരത്തില്‍ രക്തം കെട്ടിക്കിടക്കുന്നത് പ്രിയാപിസത്തിലേക്ക് നയിക്കുന്നു. അതേസമയം അരിവാള്‍ രോഗികള്‍ മാത്രമല്ല ഇതിന് ഇരകളാകുന്നവരെന്നും ഓര്‍ക്കുക.