ഭൂമിയിൽ മനുഷ്യൻ നിർമ്മിച്ചിട്ടുള്ള, ലോകത്തെ ഏറ്റവും ഉയരമുളള കെട്ടിടമായ ബുർജ് ഖലീഫയ്ക്ക് പ്രായം 15. 2010 ജനുവരി നാലിനാണ് ബുർജ് ഖലീഫ ഉദ്ഘാടനം ചെയ്തത്. ഈ 15 വർഷത്തിനിടയ്ക്ക് ഒട്ടേറെ ലോക റെക്കോർഡുകള്‍ സ്വന്തമാക്കിയിട്ടുണ്ട് ദുബായുടെ സ്വന്തം ബുർജ് ഖലീഫ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കോടിക്കണക്കിന് സഞ്ചാരികള്‍ ബുർജിന്റെ സൗന്ദര്യം കാണാനായി എത്തി.
2004 ല്‍ തുടങ്ങിയ നിർമ്മാണ പ്രവർത്തനങ്ങള്‍ കൃത്യം ആറ് വർഷം കൊണ്ട് പൂർത്തിയാക്കാന്‍ കഴിഞ്ഞു. 828 മീറ്ററാണ് ഉയരം. 163 നിലകളാണ് കെട്ടിടത്തിലുള്ളത്.1.5 ബില്ല്യണ്‍ ഡോളറാണ് നിർമ്മാണ ചെലവ്. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ബുർജ് ഖലീഫയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. ബുർജ് ഖലീഫയിലെ വെടിക്കെട്ട് കാണാതെ ലോകത്തിന്റെ പുതുവർഷ ആഘോഷം പൂർണമാകില്ല. ഇന്ത്യയുള്‍പ്പടെയുളള രാജ്യങ്ങളുടെ വിശേഷ അവസരങ്ങളില്‍ അതത് രാജ്യങ്ങളുടെ ദേശീയ പതാകയുടെ നിറമണിയും ബുർജ് ഖലീഫ.
2011 ലെ മിഷൻ: ഇംപോസിബിൾ സിനിമയ്ക്കായി ട്രോം ക്രൂസ് ബുർജ് ഖലീഫയുടെ മുകളിലെത്തിയിരുന്നു. ടോം ക്രൂസിന്റെ കഥാപാത്രം ബുർജ് ഖലീഫയുടെ 130 മത് നിലയിലേക്ക് കയറുന്നതായിരുന്നു രംഗം. അത്ഭുതപ്പെടുത്തുന്ന ആക്ഷന്‍ രംഗങ്ങള്‍ വൈറലായി. അതിനുശേഷം ബുർജ് ഖലീഫ പശ്ചാത്തലമായി നിരവധി വൈറല്‍ വീഡിയോകള്‍ പിറന്നു. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ബുർജ് ഖലീഫയ്ക്ക് മുകളില്‍ നിന്ന് പകർത്തിയ വീഡിയോയും വൈറല്‍ പട്ടികയില്‍ മുന്നിലാണ്.
പ്രിയപ്പെട്ടവരോട് പറയാനുളള സ്നേഹസന്ദേശങ്ങള്‍ ബുർജ് ഖലീഫയിലൂടെ പറയാനുളള അവസരവുമുണ്ട്. അതൊരു പ്രണയസന്ദേശമായാലും, വിവാഹഭ്യർത്ഥനയായാലും പിറന്നാള്‍ സന്ദേശമായാലും, ബുർജ് ഖലീഫയിലുടെ ലോകമറിയും. മലയാളസിനിമ ഉള്‍പ്പടെയുളള സിനിമകളുടെ പ്രമോഷനുകളും ബുർജ് ഖലീഫയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. മൂന്ന് മിനിറ്റ് ഡിസ്പ്ലേയ്ക്ക് ഏകദേശം 250,000 ദിർഹമാണ് ചെലവ്.
ലോകത്തെ വിസ്മയിപ്പിക്കുന്ന ബുർജ് ഖലീഫയ്ക്ക് ചുറ്റും ഒരു മോതിരവളയം വന്നാലോ. അഞ്ച് നിലകളില്‍ മോതിരവളയനിർമ്മിതി,ഡൗൺടൗൺ സർക്കിള്‍ നിർമ്മിക്കാനുളള ആലോചനകള്‍ നടക്കുന്നു.