ഒരുകാലത്ത് ആഡംബരമായിരുന്ന എ.സി. ഇന്ന് അത്യാവശ്യമെന്ന തലത്തിലേക്ക് മാറിക്കഴിഞ്ഞു. അതുപോലെ തന്നെ ഭൂരിഭാഗം വീടുകളിലും കാണുന്ന ഒന്നാണ് ഫ്രിഡ്ജ് അഥവാ റഫ്രിജറേറ്ററും.നമുക്ക് സൗകര്യമേകുന്ന ഉപകരണങ്ങളാണെങ്കിലും ഭൂമിക്ക് വലിയ ദോഷമാണ് ഇവ ഉണ്ടാക്കുന്നത്. ആഗോളതാപനത്തിന് കാരണമാകുന്ന ഹരിതഗൃഹവാതകങ്ങൾ പുറപ്പെടുവിക്കുന്നതിനാലാണ് ഫ്രിഡ്ജും എ.സിയും വില്ലനാകുന്നത്. ഈ പ്രശ്നം പരിഹരിക്കാനായി ശാസ്ത്രലോകത്ത് ഗവേഷണങ്ങൾ ഒരുപാട് മുന്നേറിയിട്ടുണ്ട്. അതിലേക്ക് പുതിയൊരു ചുവടുവെപ്പ് കൂടി ഉണ്ടായിരിക്കുകയാണ് ഇപ്പോൾ.
ഓസ്ട്രേലിയയിലെ ഡീകൻ യൂണിവേഴ്സിറ്റിയിലെ ഗവേഷകയായ ജെന്നി പ്രിംഗിളുംസഹപ്രവർത്തകരും കണ്ടെത്തിയ പുതിയതരം ക്രിസ്റ്റലാണ് ഭൂമിയെ 'ചൂടാ'ക്കാതെ നമുക്ക് തണുപ്പേകാൻ സഹായിക്കുന്നത്. നിശ്ചിത മർദ്ദത്തിൽ ഈ 'പ്ലാസ്റ്റിക് ക്രിസ്റ്റലു'കൾക്ക് രൂപാന്തരം സംഭവിക്കും. ക്രമരഹിതമായി കിടക്കുന്ന തന്മാത്രകൾ കൃത്യമായി വിന്യസിക്കപ്പെടുന്നതിലൂടെയാണ് ഇത് സംഭവിക്കുന്നത്. പിന്നീട് മർദ്ദം ഇല്ലാതാകുമ്പോൾ തന്മാത്രകൾ വീണ്ടും ക്രമരഹിതമായി ചിതറിക്കിടക്കുകയും ചെയ്യും. ഈ പ്രക്രിയയുടെ ഭാഗമായി ക്രിസ്റ്റലുകൾ ചൂടിനെ വലിച്ചെടുക്കുകയും ചുറ്റുപാടിനെ തണുപ്പിക്കുകയും ചെയ്യും.
ഇത്തരത്തിൽ മർദ്ദം ഉപയോഗിച്ചുള്ള തണുപ്പിക്കൽ മുമ്പുതന്നെ കണ്ടെത്തിയിട്ടുള്ളതാണ്. എന്നാൽ ഇതിന് ഉപയോഗിക്കാൻ കഴിയുന്ന പദാർഥങ്ങൾക്ക് ചെറിയ തണുപ്പ് മാത്രമേ നൽകാൻ കഴിയുമായിരുന്നുള്ളൂ. പുതിയ ക്രിസ്റ്റലുകൾക്ക് ഈ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്ന് ജെന്നി അവകാശപ്പെടുന്നു. വീടുകളിലെ റഫ്രിജറേറ്ററുകൾക്കും ഫ്രീസറുകൾക്കും അനുയോജ്യമായ -37 ഡിഗ്രി സെൽഷ്യസ് മുതൽ 10 ഡിഗ്രി സെൽഷ്യസ് വരെയുള്ള താപനില പ്രദാനം ചെയ്യാൻ ക്രിസ്റ്റലിന് കഴിയുമെന്നും ജെന്നി പറയുന്നു. പിയർ റിവ്യൂഡ് അക്കാദമിക് ജേണലായ 'സയൻസി'ലാണ് ജെന്നി പ്രിംഗിളിന്റെ പഠനംപ്രസിദ്ധീകരിച്ചിരിക്കുന്നത്.