കേരളത്തിലെ ഫുഡ് വ്ലോഗറാണ് ഫിറോസ് ചുട്ടിപ്പാറ. ഭക്ഷണ പ്രേമികളെ സംബന്ധിച്ച് ഫിറോസിന്റെ വീഡിയോസ് എന്നും ഒരു കൗതുകമാണ്. ആരും കാണാത്തതും കഴിക്കാത്തതുമായ ഭക്ഷണ വിഭവങ്ങൾ കാഴ്ച്ചക്കാർക്ക് മുന്നിൽ ഇദ്ദേഹം എത്തിക്കാറുണ്ട്. വറുത്തരച്ച പാമ്പ് കറി, 100 കിലോ മീന്‍ അച്ചാര്‍, ഉടുമ്പ് ബാർബിക്യൂ അങ്ങിനെ അങ്ങിനെ പോകുന്നു ഫിറോസിക്കാ സ്പെഷ്യലുകൾ. വിഭവങ്ങളിൽ മാത്രമല്ല പലപ്പോഴും അതിന്റെ അളവുകളും കാഴ്ച്ചക്കാരെ ഞെട്ടിക്കാറുണ്ട്.
ഭക്ഷണം ഉണ്ടാക്കുക മാത്രമല്ല അത് ആവശ്യക്കാരെ തിരിച്ചറിഞ്ഞ് അവർക്ക് വിളമ്പി നൽകുകയെന്നതും ഫിറോസിന്റെ മാതൃകാപരമായ രീതിയാണ്. ഇതിനെയെല്ലാം പ്രശംസിച്ചുകൊണ്ട് ആരാധകരും എത്താറുണ്ട്. ഇപ്പോഴിതാ വീണ്ടും കാഴ്ച്ചക്കാരെ ഞെട്ടിച്ചിരിക്കുകയാണ് ഫിറോസ്. 200 കിലോയുടെ ഒരു പോത്തിനെ നിർത്തിയങ്ങു പൊരിച്ചു.അതും ജെസിബി ഉപയോഗിച്ച്. ഏതായാലും ഒരു ഭക്ഷണം പാകം ചെയ്യാനായി ജെസിബി ഉപയോഗിച്ച ലോകത്തെ ആദ്യത്തെ ആളായിരിക്കും ഫിറോസ് ചുട്ടിപ്പാറയെന്നാണ് ആരാധകരുടെ പ്രതികരണം.
വീഡിയോ തുടങ്ങുന്നത് തല ഒഴികെയുള്ള പോത്തിന്റെ ശരീര ഭാഗങ്ങള്‍ ആറോളം പേര് ചേര്‍ന്നാണ് എടുത്തു കൊണ്ട് വരുന്നത്. പിന്നീട് ഇവര്‍ ഇറച്ചി കഴുകി വൃത്തിയാക്കുന്നു. കറുത്ത പോത്തിനെ വെളുത്ത പോത്താക്കണം എന്ന് ഇതിനിടയില്‍ ഫിറോസ് തമാശയും പറയുന്നുണ്ട്. പിന്നീട് ഇത് പാകം ചെയ്യാനുള്ള അടുപ്പ് കോണ്‍ക്രീറ്റ് ഉള്‍പ്പെടെ ചെയ്ത് ഉണ്ടാക്കിയെടുക്കുന്നു.
ശേഷം ഫിറോസ് തന്റെ പ്രത്യേക മസാലക്കൂട്ട് തയ്യാറാക്കുകയാണ്. അറബിക് മസാലയായ സുമാക് ആണ് പ്രധാന ചേരുവ. ഒപ്പം തന്നെ കുരുമുളകുപൊടിയും ധാരാളം ഉപയോഗിക്കുന്നുണ്ട്. കശ്മീരി ചില്ലി, മല്ലിപ്പൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഉപ്പ്, വിനാഗിരി, ഓയില്‍ എന്നിവയാണ് മസാല തയ്യാറാക്കാനായി ഉപയോഗിച്ച മറ്റു ചേരുവകള്‍. ജെസിബി ഉപയോഗിച്ചാണ് 200 കിലോ പോത്തിനെ ഉയര്‍ത്തിയത്. ഇതിനെ നേരത്തെ തയ്യാറാക്കിയ തൂണില്‍ കുത്തി നിര്‍ത്തിയ ശേഷം മസാല തേച്ചു പിടിപ്പിക്കുന്നു. പിന്നീട് പ്രത്യേകം നിര്‍മിച്ച ബാരലില്‍ തീകൂട്ടിയാണ് പോത്തിന് വേവിച്ച് എടുത്തത്. 5 മണിക്കൂര്‍ സമയമെടുത്തു ഇതിന്.
തുടര്‍ന്ന് ജെസിബി ഉപയോഗിച്ചുതന്നെയാണ് ബാരലില്‍ നിന്നും വെന്ത പോത്തിനെ എടുക്കുന്നതും. സംഗതി രുചികരമാണെന്നാണ് രുചിച്ചതിന് ശേഷം ഫിറോസിന്റേയും കൂട്ടാളികളുടേയും പ്രതികരണം. ടേസ്റ്റ് ഉണ്ടോ കരിഞ്ഞോ എന്നുള്ളതല്ല ഇതിലെ കാര്യമെന്നും ഇതിനായി എടുത്തിട്ടുള്ള ആ എഫേർട്ടിന് ഒരു ബിഗ് സെല്യൂട്ട് എന്ന് ഒരു ആരാധകൻ അഭിപ്രായപ്പെട്ടു.