വർണങ്ങൾകൊണ്ടും രൂപംകൊണ്ടും കാഴ്ചയ്ക്ക് കൗതുകംനിറയ്ക്കുന്ന ഓർക്കിഡിന്റെ വൈവിധ്യംകൊണ്ട് സമൃദ്ധമാവുകയാണ് നെല്ലിയാമ്പതിയിലെ സർക്കാർ ഫാം. നെല്ലിയാമ്പതി ഗവ. ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിലാണ് ഓറഞ്ചിനും പച്ചക്കറിക്കും പഴവർഗങ്ങൾക്കും പുറമേ ഓർക്കിഡ് കൃഷിയും സജീവമാകുന്നത്.
ഫാമിൽ പ്രത്യേകം തയ്യാറാക്കിയ പോളിഹൗസിലാണ് വിദേശയിനങ്ങൾ ഉൾപ്പെടെയുള്ള ഓർക്കിഡുകൾ നട്ടുവളർത്തിത്തുടങ്ങിയത്. കേരളത്തിന്റെ കാലാവസ്ഥയിൽ വളരുന്നതും വീടിന്റെ അകത്തളങ്ങൾക്ക് ഭംഗിനൽകുന്നതുമായ വിവിധയിനം ഓർക്കിഡുകളാണ് പ്രത്യേക പരിചരണംനൽകി വളർത്തുന്നത്. തൊണ്ടുകഷ്ണങ്ങളും കരിക്കട്ടയും ഓട്ടുകഷ്ണങ്ങളും പ്രത്യേക അനുപാതത്തിൽ കലർത്തിവെച്ച് ദ്വാരമുള്ള ചെടിച്ചട്ടികളിലാണ് ഓർക്കിഡുകൾ വളർത്തിയെടുക്കുന്നത്. കയറിൽകൂടി പടർത്തിയും താങ്ങുനൽകിയുമാണ്, പൂക്കുന്നതും പ്രത്യേക ഇലകളുള്ളതുമായ ഓർക്കിഡുകൾ വളർത്തിയെടുക്കുന്നത്.
ഓർക്കിഡ് കൃഷി നേരിട്ട് മനസ്സിലാക്കുന്നതിനും പരിപാലനരീതികൾ ഉൾപ്പെടെ പറഞ്ഞുകൊടുന്നതിനും ഫാമിൽ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ഫാം സൂപ്രണ്ട് പി. സാജിദ് അലി പറഞ്ഞു. ഡിവൈൻ വൈൻ മെച്വവർ, യു പിൻ, സോഗോ മൊയ്മി, ടിങ്കർ ബെൽസ് കിസ്, ഈവ്, ഹാർട്ട് ബ്രേക്കർ, യായ മിനി, സീസർ, ജംബോ വൈറ്റ്, ഡാൻസിങ് ഗേൾ, ബ്രാസ്റ്റിയ, ജൈറാക്ക്, വാൻഡ, സിബീഡിയം തുടങ്ങി വൈവിധ്യമാർന്ന 50-തിലധികം ഇനം ഓർക്കിഡുകളാണ് പോളിഹൗസിൽ വളർത്തിയെടുക്കുന്നത്. ഫാമിനകത്തുള്ള വിൽപ്പനകേന്ദ്രംവഴി ഒാർക്കിഡ് വില്പനയും നടത്തുന്നുണ്ട്