ലോകത്തെ കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ അഴിമതി പുറത്തുകൊണ്ടുവന്നു ഞെട്ടിച്ചിരുന്ന, പല സർക്കാരുകളുടെയും പിന്തുണയുള്ള വ്യവസായ പ്രമുഖരുടെ മുഖച്ഛായ ലോകത്തിന് മുന്നിൽ അവതരിപ്പിച്ച, ഇന്ത്യയിൽ അദാനി കമ്പനിക്കൾക്കെതിരെ വൻ വെളിപ്പെടുത്തലുകൾ നടത്തിയ ഹിൻഡൻബർഗ് റിസർച്ച് അടച്ചു പൂട്ടുന്നു. ന്യൂയോർക്ക് ആസ്ഥാനമായ കമ്പനിയുടെ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് സ്ഥാപകൻ നെയ്റ്റ് ആൻഡേഴ്സൺ അറിയിച്ചു. പ്രവർത്തിച്ചു വന്ന ആശയങ്ങളും പ്രോജക്ടുകളും പൂർത്തിയായെന്ന് ഹിൻഡൻബർഗ് പറയുന്നു.
ഹിന്‍ഡന്‍ബര്‍ഗ് സ്ഥാപകന്‍ നേറ്റ് ആന്ഡേഴ്സണ് തന്നെയാണ് അടച്ചുപൂട്ടുന്ന വിവരം പങ്കുവെച്ചത്. ചെയ്യേണ്ട കാര്യങ്ങള്‍ എല്ലാം ചെയ്തു തീര്‍ത്തതു കൊണ്ടാണ് കമ്പനി അടച്ചു പൂട്ടുന്നതെന്നാണ് നേറ്റിന്റെ വാദം.
"ഞാന്‍ എന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും, സ്ഥാപനത്തിലെ ഞങ്ങളുടെ ടീമിനോടും കഴിഞ്ഞ വര്‍ഷം അവസാനം തന്നെ സൂചിപ്പിച്ച പ്രകാരം ഹിന്‍ഡന്‍ബര്‍ഗ് അടച്ചുപൂട്ടാനുള്ള തീരുമാനത്തിലേക്ക് എത്തിയിരിക്കുകയാണ്. ഇതുവരെയുള്ള ആശയങ്ങളും കാര്യങ്ങളുമെല്ലാം ചെയ്തു പൂര്‍ത്തിയാക്കി. അവസാനത്തെ സാമ്പത്തിക തട്ടിപ്പു കേസുമായി ബന്ധപ്പെട്ട കാര്യങ്ങളും അന്വേഷിച്ചു പൂര്‍ത്തിയാക്കി നല്‍കിയിട്ടുണ്ട്. വിറപ്പിക്കേണ്ട ചില സാമ്രാജ്യങ്ങള്‍ ഞങ്ങള്‍ വിറപ്പിച്ചു," ആന്ഡേഴ്സണ് പറഞ്ഞു.
അതേസമയം, എന്തുകൊണ്ടാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതെന്ന് ആന്ഡേഴ്സണ് വ്യക്തമാക്കിയിട്ടില്ല. പ്രത്യേകിച്ച് ഒരു കാരണവുമില്ല- എന്തെങ്കിലും ഭീഷണിയോ ആരോഗ്യപ്രശ്നമോ വ്യക്തിപരമായ വലിയ വിഷയങ്ങളോ ഒന്നുമില്ല. ഹിന്‍ഡന്‍ബര്‍ഗിനെ എന്റെ ജീവിതത്തിലെ ഒരു അധ്യായമായാണ് കണക്കാക്കുന്നത്, അല്ലാതെ എന്നെ നിര്‍വചിക്കുന്ന മുഖ്യമായ സംഗതി ആയല്ല, ആന്ഡേഴ്സണ് കൂട്ടിച്ചേര്‍ത്തു.
വളരെ അപ്രതീക്ഷിതമായ തീരുമാനമാണ് സ്ഥാപകൻ നെയ്റ്റ് ആൻഡേഴ്സൺ പുറത്തുവിട്ടത്. 2017ലാണ് ഹിൻഡൻബർഗ് പ്രവർത്തനം ആരംഭിച്ചത്. വിവിധ കമ്പനികളുടെ സാമ്പത്തിക കാര്യങ്ങളെ കുറിച്ച് വളരെ ശ്രദ്ധേയമായ റിപ്പോർട്ട് പ്രസിദ്ധീകരിച്ച സ്ഥാപനമാണ് ഹിൻഡൻബർഗ്. 2020ൽ നിക്കോള എന്ന വാഹനകമ്പനിയുടെ പ്രവർത്തനങ്ങളെ കുറിച്ചുള്ള സ്ഫോടനാത്മകമായ റിപ്പോർട്ടാണ് കമ്പനിക്ക് ശ്രദ്ധ നൽകിയത്. കമ്പനിയുടെ ട്രക്കിൻ്റെ പ്രവർത്തന ശേഷി വ്യാജമാണെന്നായിരുന്ന വിവരം പുറത്തുവിട്ടത്. അദാനി എൻ്റർപ്രൈസിൻ്റെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ചുള്ള ആരോപണങ്ങളാണ് ഹിൻഡൻബർഗിന് അമേരിക്കക്ക് പുറത്ത് വലിയ ശ്രദ്ധ നേടിക്കൊടുത്തത്. അദാനിയും ഹിൻഡൻബർഗും തമ്മിലുള്ള പോര് ഓഹരി വിപണിയിലടക്കം പ്രതിഫലിച്ചിരുന്നു.പുറത്തുകൊണ്ടു വന്ന അഴിമതി അടക്കമുള്ള വിവരങ്ങള്‍ കോര്‍പറേറ്റ് കമ്പനികളുടെ മാര്‍ക്കറ്റ് വാല്യൂ ഇടിയുന്നതടക്കമുള്ള സാഹചര്യങ്ങളിലേക്ക് എത്തിച്ചിരുന്നു.
കോര്‍പറേറ്റ് തട്ടിപ്പുകളും കമ്പനികളുടെ ക്രമക്കേടുകളും വെളിപ്പെടുത്തിയ ഹിന്‍ഡന്‍ബര്‍ഗ് ചുരുങ്ങിയകാലം കൊണ്ടുതന്നെ വലിയ ശ്രദ്ധ നേടിയിരുന്നു. താന്‍ ചെയ്തുകൊണ്ടിരുന്ന ജോലി, വ്യക്തിപരമായി നഷ്ടങ്ങളുണ്ടാക്കിയിരുന്നെന്നും ഇനി മുതല്‍ കുടുംബവുമായി കൂടുതല്‍ സമയം ചെലവഴിക്കാനും ഹോബികളെ പിന്തുടരാനും യാത്രകള്‍ നടത്താനുമാണ് താല്പര്യപ്പെടുന്നതെന്നും ആന്ഡേഴ്സണ് പറയുന്നു. ഉലയേണ്ടവ എന്ന് ഞങ്ങള്‍ക്ക് ബോധ്യമുണ്ടായിരുന്ന ചില സാമ്രാജ്യങ്ങളെ തങ്ങള്‍ ഉലച്ചുവെന്നും ഹിന്‍ഡന്‍ബര്‍ഗിന്റെ വെബ്സൈറ്റില്‍ പങ്കുവെച്ച കുറിപ്പില്‍ ആന്ഡേഴ്സണ് കൂട്ടിച്ചേര്‍ത്തു.
എന്നാൽ ഇത്തരത്തിലുള്ള പ്രധാനപ്പെട്ട റിപ്പോർട്ടുകൾ പുറത്തുവിട്ട ഹിൻഡൻബർഗ് പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചത് വലിയ ഞെട്ടലോടെയാണ് ലോകം കേട്ടത്. ഇതുമായി ബന്ധപ്പെട്ട് ദീർഘമായ ഒരു കത്തും നെയ്റ്റ് ആൻഡേഴ്സൺ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ എന്നാണ് അടച്ചുപൂട്ടുന്നത് എന്ന തിയ്യതി വ്യക്തമാക്കിയിട്ടില്ല. ഏറ്റവും ഒടുവിലായി കാർവാന എന്ന അമേരിക്കൻ കമ്പനിയെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. അതിനിടെ ആരും പ്രതീക്ഷിക്കാത്ത തീരുമാനമാണ് സ്ഥാപകൻ്റെ ഭാഗത്ത് നിന്നും ഉണ്ടായത്.
