കലാമണ്ഡലത്തിന്റെ ചരിത്രത്തിലാദ്യമായി നൃത്താധ്യാപകനായി ഒരു പുരുഷന് ജോലിയില്‍ പ്രവേശിച്ചു. ആര് എല്‍ വി രാമകൃഷ്ണനാണ് ഭരതനാട്യം അസിസ്റ്റന്റ് പ്രൊഫസറായി ജോലിയിൽ പ്രവേശിച്ചത്. നൃത്ത വിഭാഗത്തിൽ സ്ഥിരനിയമനം നേടുന്ന ആദ്യത്തെ പുരുഷ അധ്യാപകനാണ് ആർ എൽ വി. വ്യാഴാഴ്ചയാണ് രാമകൃഷ്ണൻ ചുമതലയേറ്റത്.
രണ്ട് മാസം മുമ്പാണ് യുജിസി അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നത്. യുജിസി മാനദണ്ഡ പ്രകാരം സെലക്ഷന് കമ്മിറ്റി യോഗം ചേരുകയും അതിന്റെ അടിസ്ഥാനത്തില്‍ യോഗ്യതാ നിര്‍ണയ പരീക്ഷയും നടത്തിയതിന് ശേഷമാണ് ആര്‍എല്‍വി രാമകൃഷ്ണന് കലാമണ്ഡലത്തില്‍ അധ്യാപകനായെത്തുന്നത്.
അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരനാണ് ആര് എല്‍ വി രാമകൃഷ്ണൻ. എല്ലാ പ്രതിസന്ധികളെയും മുന്നോട്ടുള്ള ചവിട്ടുപടിയായി കാണാനാണ് മണിച്ചേട്ടൻ പഠിപ്പിച്ചതെന്നും അദ്ദേഹത്തിന്റെ പാതയിലൂടെയാണ് താൻ സഞ്ചരിക്കുന്നതെന്നും ആർ എൽ വി രാമകൃഷ്ണൻ പറഞ്ഞു.
