471 ദിവസം നീണ്ട യുദ്ധത്തിന്റെ അവസാനം നെതന്യാഹു മന്ത്രിസഭയിൽ പൊട്ടിത്തെറി. ജീവനോടെയുള്ള ഗാസാ നിവാസികൾ ഇനി 'മരണ ഭയം' ഇല്ലാതെ ഒന്ന് മയങ്ങട്ടെ....
45000 ത്തിലധികം ആളുകളുടെ ജീവനെടുത്ത യുദ്ധത്തിന് അന്ത്യം കുറിച്ച് ഗാസ വെടിനിർത്തൽ പ്രാബല്യത്തിൽവന്നു.15 മാസത്തിലധികം നീണ്ട യുദ്ധം അവസാനിപ്പിക്കാനുള്ള കരാർ ഇന്ത്യന്‍ സമയം 2.45 നാണ് പ്രാബല്യത്തില്‍ വന്നത്. ഇന്നു മോചിപ്പിക്കുന്ന മൂന്നു ബന്ദികളുടെ വിവരങ്ങൾ ഹമാസ് ഇസ്രയേലിന് കൈമാറി. മോചിപ്പിക്കേണ്ട ബന്ദികളുടെ പട്ടിക ലഭിച്ചതായി ഇസ്രായേൽ സ്ഥിരീകരിച്ചു. 3 വനിതകളുടെ പേരുകളാണ് ഹമാസ് ഇപ്പോൾ കൈമാറിയിരിക്കുന്നത്. ബന്ദികളാക്കിയ റോമി ഗോണൻ, എമിലി ദമാരി, ഡോറൺ സ്റ്റെയിൻബ്രച്ചർ എന്നിവരെ ഇന്ന് വിട്ടയക്കുമെന്ന് ഹമാസ് പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു. കരാറിന്റെ ആദ്യഘട്ടത്തിൽ മോചിപ്പിക്കുന്ന 33 ബന്ദികളുടെ പട്ടിക ഹമാസ് കൈമാറിയില്ലെന്ന് ആരോപിച്ച് ഇസ്രയേൽ അപ്രതീക്ഷിതമായി രാവിലെ പിന്മാറിയിരുന്നു.ഇസ്രയേലിന് ഹമാസ് ഇന്ന് വിട്ടയക്കുന്നവരുടെ വിവരങ്ങൾ ലഭിച്ചതായി ഇസ്രയേൽ ടിവി റിപ്പോർട്ട് ചെയ്തു. ഈ വിവരം ലഭിച്ചാൽ വെടിനിർത്തലിന് തയ്യാറാകാമെന്നാണ് ബെഞ്ചമിൻ നെതന്യാഹു അറിയിച്ചിരുന്നു.
ഈജിപ്ത്, ഖത്തർ, യുഎസ് എന്നീ കക്ഷികളുടെ മധ്യസ്ഥതയില്‍ നടന്ന ചർച്ചകള്‍ക്കൊടുവില്‍ ജനുവരി 15ന് പ്രഖ്യാപിക്കപ്പെട്ട കരാർ ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് നടപ്പാലായിരിക്കുന്നത്. ഇതോടെ ഗാസ യുദ്ധത്തിന് താല്‍ക്കാലികമായെങ്കിലും വിരാമമാകുമെന്നാണ് പ്രതീക്ഷ.
കരാറിന്റെ ആദ്യഘട്ടത്തിൽ മോചിപ്പിക്കുന്ന 33 ബന്ദികളുടെ പട്ടിക ഹമാസ് കൈമാറിയില്ലെന്ന് ആരോപിച്ച് ഇസ്രയേൽ അപ്രതീക്ഷിതമായി രാവിലെ പിന്മാറിയിരുന്നു. പ്രാദേശിക സമയം രാവിലെ എട്ടരയ്ക്ക് കരാർ നടപ്പാകുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ നടപ്പാകുന്ന സമയത്തിന് അരമണിക്കൂർ മുൻപ് ഇസ്രയേൽ കരാറിൽനിന്ന് പിന്മാറുകയായിരുന്നു. പിന്നീട് മൂന്ന് മണിക്കൂറോളം നീണ്ട അനിശ്ചിതത്വത്തിനു ശേഷമാണ് ബന്ദികളുടെ പേരുകൾ മധ്യസ്ഥരായ ഖത്തർ മുഖേന ഹമാസ് കൈമാറിയത്. പേരുകൾ കൈമാറുന്നതിൽ വൈകുന്നതിന് കാരണം സാങ്കേതിക പ്രശ്നം മാത്രമാണെന്ന് ഹമാസ് പറയുകയും ചെയ്തിരുന്നു.
അതേസമയം, 2023 ഒക്ടോബർ 7 മുതൽ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ മരണസംഖ്യ 46,913 ആയതായി ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം അറിയിച്ചു. 110,750 പേർക്കാണ് വിവിധ ആക്രമണങ്ങളിൽ പരിക്കേറ്റത്. ഗാസയിലെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ നിരവധിപേരുടെ മൃതദേഹം കണ്ടെടുക്കാൻ സാധിക്കാത്തതിനാൽ അവരുടെ എണ്ണം ഈ കണക്കുകളിൽ പെടുന്നില്ല.വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്നതിനു തൊട്ടുമുമ്പ് നടത്തി ആക്രമണത്തിൽ പത്തോളം പേർ കൊല്ലപ്പെട്ടതായാണ് വിവരം.
ഏറെക്കാലമായി കാത്തിരുന്ന വെടിനിർത്തൽ കരാർ ഇന്നാണ് ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നത്. 2023 ഒക്ടോബർ 7ന് ഇസ്രയേലിലെ കിബ്ബറ്റ്സിൽ നിന്ന് ഹമാസ് തട്ടിക്കൊണ്ടുപോയ ഡോറോൺ സ്റ്റെയിൻബ്രെച്ചർ (31), ബ്രിട്ടീഷ്-ഇസ്രയേൽ പൗരത്വമുള്ള എമിലി ഡമാരി (28), സൂപ്പർനോവ ഫെസ്റ്റിവലിൽ നിന്ന് തട്ടിക്കൊണ്ടുപോയ റോമി ഗൊണൻ (24) എന്നിവരാണ് ആദ്യം മോചിപ്പിക്കപ്പെടുക.
ഗാസയിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിനു പിന്നാലെ ഇസ്രയേൽ ദേശീയ സുരക്ഷാമന്ത്രിയും ഒറ്റ്സ്മ യെഹൂദിത് പാർട്ടി നേതാവുമായ ഇറ്റാമർ ബെൻ–ഗ്വിർ രാജിവച്ചു. ഗ്വിറിനൊപ്പം യെഹൂദിത് പാർട്ടിയുടെ മറ്റ് അംഗങ്ങളും രാജി സമർപ്പിച്ചിട്ടുണ്ട്. യഹൂദിത് പാർട്ടിക്ക് ആറ് അംഗങ്ങളാണുള്ളത്. ഇതോടെ ഇസ്രയേൽ പാർലമെന്റിൽ നെതന്യാഹു സർക്കാരിന്റെ ഭൂരിപക്ഷം 68ൽ നിന്ന് 62 ആയി കുറഞ്ഞിട്ടുണ്ട്. 61 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.
വെടിനിർത്തൽ കരാർ നിലവിൽ വന്നാൽ രാജിവച്ച് സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമെന്ന് ബെൻ ഗ്വിർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിലവിലെ കരാറിൽ ഭീകരവാദമാണ് വിജയിച്ചിട്ടുള്ളതെന്നും പിന്തുണ പിൻവലിക്കുന്നുവെങ്കിലും സർക്കാരിനെ പുറത്താക്കാൻ ശ്രമിക്കില്ലെന്നും ബെൻഗ്വിർ പറഞ്ഞു.
