മൂന്നുപേരുടെ ചിത്രങ്ങൾ ലോകം കാണുന്നു,പക്ഷേ വിട്ടയക്കപ്പെടുന്ന എണ്ണത്തിൽ കൂടുതലുള്ള പാലസ്തീനികളുടെ മുഖങ്ങൾ അജ്ഞാതം...
![]() |
| ബന്ദികളെ റെഡ് ക്രോസിന് കൈമാറുന്നു |
സമാധാന കരാര്‍ നിലവില്‍ വന്നതോടെ ഗാസയില്‍ ആഘോഷങ്ങള്‍ തുടങ്ങി. ജനങ്ങള്‍ തെരുവിലിറങ്ങി ആഹ്ലാദ പ്രകടനം നടത്തുകയാണ്. ആദ്യ ദിവസം മോചിപ്പിക്കേണ്ട മൂന്ന് വനിത ബന്ദികളുടെ പട്ടിക ഹമാസ് പുറത്തുവിട്ടതോടെയാണ് 15 മാസം നീണ്ട യുദ്ധത്തിന് അവസാനമായിരിക്കുന്നത് , താൽക്കാലികമായെങ്കിലും!?.
അതേസമയം 471 ദിവസത്തെ തടവറവാസത്തിനും നരകയാതനയ്ക്കുമൊടുവിൽ അവർ മൂന്നുപേർ ജന്മനാട്ടിൽ തിരിച്ചെത്തി. ഹമാസ് മോചിപ്പിച്ച ഡോറോൻ സ്റ്റൈൻബ്രെച്ചർ, എമിലി ദമാരി, റോമി ഗോനെൻ എന്നിവരാണ്
ഇസ്രയേലിലെത്തിയത്.
ഹമാസ് റെഡ് ക്രോസിനു കൈമാറിയ യുവതികളെ ഇന്ത്യൻ സമയം ഞായറാഴ്ച രാത്രി 9.30 മണിയോടെയാണ് ഇസ്രയേൽ അതിർത്തിയിലെത്തിച്ചത്. തുടർന്ന് ടെൽ അവീവിലെത്തിച്ചു.
വെടിനിർത്തൽ - ബന്ദി കൈമാറ്റ കരാർ പ്രകാരം മൂന്ന് വനിതകളെ കൈമാറാനെത്തിയത് ഹമാസിന്റെ സായുധവിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ് അംഗങ്ങൾ. ബന്ദി കൈമാറ്റം നടക്കുന്ന സെൻട്രൽ ഗസ്സ സിറ്റിയിലെ സരായ സ്ക്വയറിൽ തടിച്ചുകൂടിയ ഫലസ്തീനികളുടെ ഇടയിലേക്ക് കാറുകളിൽ ആയുധങ്ങളേന്തിയാണ് അൽ ഖസ്സാം ബ്രിഗേഡ് അംഗങ്ങൾ എത്തിയത്.
നൂറുകണക്കിന് ഗസ്സക്കാർ ബന്ദികളുമായെത്തിയ വാഹനങ്ങൾക്ക് ചുറ്റുംകൂടി. കാറിൽനിന്ന് മൂന്ന് വനിത ബന്ദികൾ പുറത്തിറങ്ങി അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റിയുടെ വാഹനത്തിൽ കയറി. യുവതികൾ പൂർണ ആരോഗ്യവതികളാണെന്ന് റെഡ് ക്രോസ് ഉറപ്പുവരുത്തി. ബന്ദികളായ ഡോറൺ സ്റ്റെയിൻ ബ്രച്ചർ (31), ബ്രിട്ടീഷ്-ഇസ്രായേലി പൗരത്വമുള്ള എമിലി ദമാരി (28), റോമി ഗോനെൻ (24) എന്നിവരെയാണ് ഹമാസ് മോചിപ്പിച്ചത്.
തുടർന്ന്, ബന്ദികളാക്കിയിരുന്ന മൂന്ന് സ്ത്രീകളെ റെഡ് ക്രോസിന് ഔദ്യോഗികമായി കൈമാറിയതായി ഹമാസ് പ്രതിനിധി വാർത്ത ഏജൻസിയായ എ.എഫ്.പിയോട് പറഞ്ഞു.
ഫലസ്തീൻ മാധ്യമങ്ങളടക്കം മേഖലയിലെ വിവിധ ടെലിവിഷൻ ചാനലുകൾ ഇതിന്റെ ദൃശ്യങ്ങൾ സംപ്രേക്ഷണം ചെയ്തു. എക്സിലൂടെയും ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. മുമ്പ് ഇസ്രയേലി തടവുകാരെ മോചിപ്പിച്ചപ്പോൾ ബന്ദി കൈമാറ്റ ദൃശ്യങ്ങൾ ഹമാസ് ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു.
ഗാസ സ്ക്വയറിലെത്തി റെഡ്ക്രോസ് ഉദ്യോഗസ്ഥരാണ് യുവതികളെ ഏറ്റുവാങ്ങിയത്. തുടർന്ന് നെറ്റ്സരിം ഇടനാഴിയിൽവച്ച് റെഡ്ക്രോസ് സംഘം ഇവരെ ഇസ്രയേൽ സൈന്യത്തെ ഏൽപ്പിക്കുകയായിരുന്നു. ഇവരുടെ ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ലെന്ന് റെഡ്ക്രോസ് അറിയിച്ചതായി ഇസ്രയേൽ വൃത്തങ്ങളെ ഉദ്ധരിച്ച് ദ് ജറുസലം പോസ്റ്റ് റിപ്പോർട്ട് ചെയ്തു. സൈന്യത്തിന്റെ ഹെലികോപ്റ്ററിൽ ടെൽ അവീവിലെ ഷെബ മെഡിക്കൽ സെന്ററിലെത്തിച്ച മൂന്നുപേരെയും പരിശോധനകൾക്ക് വിധേയരാക്കി. ഇസ്രയേൽ–ഗാസ അതിർത്തിയിലെത്തിയ യുവതികളെ സ്വീകരിക്കാൻ അവരുടെ അമ്മമാരും എത്തിയിരുന്നു.
റോമി ഗോനെൻ :
2023 ഒക്ടോബർ 7ന് നോവ സംഗീതോത്സവത്തിൽ നിന്ന് ഹമാസ് തോക്കുധാരികൾ തട്ടിക്കൊണ്ടു പോകുമ്പോൾ നർത്തകിയായ റോമി ഗോനെന്‍ 23 വയസായിരുന്നു. കൈയ്യിൽ വെടിയേറ്റ് വീഴുന്നതിന് മുമ്പ് നിരവധി സുഹൃത്തുക്കളോടൊപ്പം ഹമാസ് തോക്കുധാരികളിൽ നിന്ന് മണിക്കൂറുകളോളം ഗോനെൻ ഒളിച്ചു കഴിയുകയായിരുന്നു.
ഇതിനിടയിൽ അവസാനമായി അവൾ കുടുംബത്തോട് ഫോണിൽ സംസാരിക്കവെ "ഞാൻ ഇന്ന് മരിച്ചു പോയേക്കാം" എന്നും പറഞ്ഞിരുന്നു. "അവൾ ജീവിച്ചിരിപ്പുണ്ട്, നമുക്ക് അവളെ കൊണ്ടുപോകാം," എന്ന് ഹമാസ് സൈനികർ അറബിയിൽ പറയുന്നതും കുടുംബം ഫോണിലൂടെ കേട്ടിരുന്നു. പിന്നീട് റോമി ഗോനെൻ്റെ ഫോൺ ഗാസ മുനമ്പിലെ ഒരു സ്ഥലത്ത് നിന്നും കണ്ടെത്തിയിരുന്നു.
ഡോറൺ സ്റ്റെയിൻബ്രെച്ചർ :
ഹമാസ് തോക്കുധാരികൾ തട്ടിക്കൊണ്ടു പോകുമ്പോൾ 30 വയസ്സുള്ള വെറ്ററിനറി നഴ്സായിരുന്നു സ്റ്റെയിൻബ്രേച്ചർ. കിബ്ബട്ട്സ് കഫാർ ആസയിലെ വീട്ടിൽ നിന്നാണ് ഹമാസ് സൈനികർ ഇവരെ ഗാസയിലേക്ക് തട്ടിക്കൊണ്ടുപോയത്. ആക്രമണം ആരംഭിച്ച് ഏതാനും മണിക്കൂറുകൾക്ക് ശേഷം താൻ ഭയന്നിരിപ്പാണെന്നും തോക്കുധാരികൾ തൻ്റെ കെട്ടിടത്തിൽ എത്തിയെന്നും അവൾ മാതാപിതാക്കളെ ഫോണിലൂടെ അറിയിച്ചിരുന്നു. അവസാനമായി ഡോറൺ അവളുടെ സുഹൃത്തുക്കൾക്ക് അയച്ച ശബ്ദ സന്ദേശത്തിൽ, "ഹമാസുകാർ ഇവിടെയെത്തി, ഞാൻ അവരുടെ പിടിയിലാണ്," എന്നാണ് പറഞ്ഞിരുന്നത്.
എമിലി ദാമാരി :
ബ്രിട്ടീഷ്-ഇസ്രയേൽ വംശജയായ ദമാരിയെ (28) കിബ്ബട്ട്സ് കഫാർ ആസയിലെ വീട്ടിൽ നിന്നാണ് ഹമാസ് സൈന്യം തട്ടിക്കൊണ്ടുപോയത്. ഹമാസ് സേന പിടികൂടുമ്പോൾ അവളുടെ കൈയിൽ വെടിയേറ്റിരുന്നു. മൂർച്ചയേറിയ ആയുധങ്ങൾ കൊണ്ട് അവളുടെ കാലിൽ മുറിവേറ്റിരുന്നു. എമിലിയുടെ സ്വന്തം കാറിൻ്റെ പിന്നിൽ അവളെ കണ്ണുകെട്ടി ഇരുത്തിയാണ് ഹമാസുകാർ ഗാസയിലേക്ക് കടത്തിക്കൊണ്ടു പോയതെന്നും അവളുടെ അമ്മ മൊഴി നൽകിയിരുന്നു. ലണ്ടനിൽ വളർന്ന എമിലി ദാമാരി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ടോട്ടനം ഹോട്സ്പറിൻ്റെ കടുത്ത ആരാധികയാണ്.
അതേസമയം, ഞായറാഴ്ച ഇസ്രയേൽ തടവിൽ നിന്ന് മോചിതരായ 90 പലസ്തീൻ തടവുകാരിൽ 69 സ്ത്രീകളും 21 കൗമാരക്കാരായ ആൺകുട്ടികളും ഉൾപ്പെടുന്നുവെന്ന് ഹമാസ് പ്രിസണേഴ്സ് മീഡിയ ഓഫീസ് അറിയിച്ചു. ഇവരിൽ 76 പേരെ വെസ്റ്റ് ബാങ്കിൽ നിന്നും 14 പേരെ ജറുസലേമിൽ നിന്നും മോചിപ്പിക്കും.
പാലസ്തീനികളുടെ മോചനവും, നാശനഷ്ടങ്ങള്‍ക്കിടയിലും, വെടിനിര്‍ത്തല്‍ പ്രഖ്യാപനം സന്തോഷത്തിന്റെ നിമിഷങ്ങള്‍ക്ക് വഴിമാറി. തെക്കന്‍ നഗരമായ ഖാന് യൂനിസില്‍, ജനക്കൂട്ടം തെരുവുകളില്‍ ഒത്തുകൂടി. ജനക്കൂട്ടം നൃത്തം ചെയ്യുകയും മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. നൂറുകണക്കിനാളുകള്‍ താള മേളങ്ങളോടെ പലസ്തീന് പതാകകള്‍ വീശിയും മുദ്രാവാക്യം വിളികളുമായി ഒത്തുകൂടി. ഗാസയുടെ തെക്കേ അറ്റത്തുള്ള നഗരമായ റാഫയില്‍, വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് ആളുകള്‍ കൂട്ടത്തോടെ മടങ്ങാന്‍ തുടങ്ങി. ആക്രമണത്തില്‍ തകര്‍ന്ന കോണ്‍ക്രീറ്റ് കൂമ്പാരങ്ങള്‍ക്ക് മുന്പില് പലരും വിതുമ്പുന്നത് കാണാമായിരുന്നു. തകര്‍ന്ന കെട്ടിടങ്ങളുടെ അസ്ഥികൂടങ്ങളാണ് എങ്ങും കാണാനാകുന്നത്.

