കോട്ടയത്തെ മീനച്ചിലാറിന്റെ തീരങ്ങളിൽ ശുദ്ധജല സൂചികയായ തുമ്പികളുടെ എണ്ണം അപകടകരമായ തോതിൽ കുറയുന്നതായി സർവേ റിപ്പോർട്ട്. കേരള വനംവകുപ്പ് ഫോറസ്ട്രി വിഭാഗവും ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസസും (ടൈസ്) ചേർന്ന് നടത്തിയ ഒൻപതാമത് മീനച്ചിൽ തുമ്പി സർവേയിലാണ് നിർണായകമായ കണ്ടെത്തൽ. കാലാവസ്ഥാ മാറ്റത്തിനൊപ്പം മീനച്ചിലാറിന്റെ തീരങ്ങളിൽ മലിനീകരണ തോത് ഉയർന്നത് തുമ്പികളുടെ എണ്ണം കുറയാനുള്ള കാരണമായി കരുതപ്പെടുന്നു.
മീനച്ചിലാറിന്റെ ആരംഭസ്ഥാനമായ മേലടുക്കം ഭാഗമൊഴികെ, മാർമല വെള്ളച്ചാട്ടം മുതൽ പതനസ്ഥാനമായ പഴുക്കാനിലക്കായൽ വരെ മലിനീകരണം ഗുരുതരമായി വർധിച്ചു. മാലിന്യത്തിന്റെ തോത് വർധിക്കുന്നതിനനുസരിച്ച് ശുദ്ധജലത്തിൽ മാത്രം മുട്ടയിട്ട് വളരുന്ന ഒട്ടേറെ തുമ്പി ഇനങ്ങൾ കുറഞ്ഞുവരികയോ അപ്രത്യക്ഷമാകുകയോ ചെയ്യുകയാണെന്നും സർവേയിൽ കണ്ടെത്തി.
ഈ വർഷം 18 കല്ലൻതുമ്പികളും (dragonfly) 19 സൂചിതുമ്പികളും (damselfly) ഉൾപ്പെടെ 37 ഇനം തുമ്പികളെയാണ് മീനച്ചിലാറിന്റെ തീരങ്ങളിൽ കണ്ടെത്താനായത്. മുൻവർഷങ്ങളിലേക്കാൾ ശരാശരി 10 ഇനങ്ങൾ കുറവാണിത്. സാധാരണ കൂടുതലായി കണ്ടുവന്നിരുന്ന കല്ലൻതുമ്പികളുടെ വൈവിധ്യമാണ് സൂചിതുമ്പികളെ അപേക്ഷിച്ച് സാരമായി കുറഞ്ഞത്.
പുള്ളിനിഴൽ തുമ്പിയെ (ബിഎഡ് റീഡ് ടെയ്ൽ) കിടങ്ങൂർ, തിരുവഞ്ചൂർ, തണലോരം എന്നിവിടങ്ങളിലും ചെങ്കറുപ്പൻ അരുവിയൻ (മലബാർ ടോറന്റ് ഡേറ്റ്) എന്ന ഇനത്തെ മേലടുക്കത്തും കാണാനായി. മേലടുക്കത്തൊഴികെ എല്ലായിടത്തും മലിനീകരണ സൂചകമായ ചങ്ങാതിതുമ്പികളെ വ്യാപകമായി കണ്ടു. ഇത്തവണ തുമ്പി സർവേയോടൊപ്പം മീനച്ചിലാറിന്റെ 16 ഇടങ്ങളിൽനിന്ന് വെള്ളത്തിൻറെ സാമ്പിളുകൾ ശേഖരിച്ച് കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യവും പഠന വിധേയമാക്കിയിരുന്നു.
ജല പരിസ്ഥിതിയുടെ വർധിച്ചുവരുന്ന നാശം തുമ്പികളെ മാത്രമല്ല, മനുഷ്യന്റെയും ജന്തുജാലങ്ങളുടെയും ആരോഗ്യത്തിനും ഗുരുതര ഭീഷണിയാണ് ഉയർത്തുന്നതെന്ന് സർവേയ്ക്ക് നേതൃത്വം നൽകിയ സോഷ്യൽ ഫോറസ്ട്രി വിഭാഗം അസി.കൺസർവേറ്റർ കെ ബി സുഭാഷ്, ടൈസ് പ്രസിഡന്റ് ഡോ.എബ്രഹാം സാമുവൽ കെ എന്നിവർ പറഞ്ഞു.
16 സ്ഥാപനങ്ങളിൽ നിന്നായി 60-ൽ അധികം വിദ്യാർഥികൾ സർവേയിൽ പങ്കെടുത്തു. ഡോ. പുന്നൻ കുര്യൻ, എം എൻ അജയകുമാർ, ശരത് ബാബു എൻ ബി, ടോണി ആന്റണി, അനൂപാ മാത്യൂസ്, എം തോമസ് യാക്കോബ്, ഡോ സരിതാ രാമചന്ദ്രൻ, മഞ്ജു മേരി, അമൃത വി രഘു, സുജിത്, ഗിരി കെ എം എന്നിവർ നേതൃത്വം നൽകി.
