രാവിലെ 7.20 ഓടെ പൊലീസ് സംഘം പൊളിച്ച് പരിശോധന തുടങ്ങിയത്
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ദുരൂഹസാഹചര്യത്തിൽ 'സമാധിയായി'എന്നു പറയുന്ന, മണിയൻ എന്ന ഗോപൻ സ്വാമി മരിച്ചോ, മരിച്ചെങ്കിൽ എങ്ങനെ എന്ന് കണ്ടെത്താൻ വിവാദ കല്ലറ പൊലീസ് സാന്നിധ്യത്തിൽ തുറന്നു. കല്ലറക്കകത്ത് ഇരിക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തി.
കോടതി ഇടപെടലിന്റെ തുടർച്ചയായാണ് ഇന്ന് പുലർച്ചെ തന്നെ കല്ലറ പൊളിച്ച് പരിശോധന നടത്താൻ ജില്ല ഭരണകൂടം തീരുമാനിച്ചത്. പൊലീസ്, ഫോറൻസിക് സർജൻമാർ, ആംബുലൻസ്, പരാതിക്കാരൻ എന്നിവരുടെ സാന്നിധ്യത്തിലാണ് കല്ലറ തുറന്നത്. ഗോപന്റെ ഭാര്യയും മക്കളും സമീപത്തെ വീട്ടിൽ ഉണ്ടെങ്കിലും പുറത്തിറങ്ങിയില്ല. ഇന്നലെ രാത്രിയും, വ്യാഴാഴ്ച പുലർച്ചെയും സമാധി സ്ഥലത്ത് മകൻ രാജസേനൻ പൂജ നടത്തിയിരുന്നു.രാജസേനൻ കല്ലറയ്ക്ക് അരികിലെത്തി വിളക്ക് കൊളുത്തുന്നതും പൂജകൾ ചെയ്യുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
പിതാവിനെ സമാധി ഇരുത്തിയപ്പോള്‍ കല്ലറയ്ക്കുള്ളില്‍ പൂജയ്ക്കുള്ള സുഗന്ധദ്രവ്യങ്ങള്‍ നിറച്ചിരുന്നതായി മക്കള്‍ അവകാശപ്പെട്ടിരുന്നു. ഇത് ശരിവെയ്ക്കുന്ന രീതിയില്‍ കല്ലറയില്‍നിന്ന് ഇവയും കണ്ടെത്തിയിട്ടുണ്ട്. ഒരാഴ്ചത്തെ പഴക്കമുള്ളതിനാല്‍ തല ഒഴികെയുള്ള ശരീരഭാഗങ്ങള്‍ ജീര്‍ണിച്ചിട്ടുണ്ട്. മൃതദേഹത്തിന്റെ അരയ്ക്കു താഴേക്ക് നന്നായി ജീർണിച്ചിട്ടുണ്ട്.വായ തുറന്ന നിലയിലാണ്. വായ്ക്കുള്ളില്‍ ഭസ്തവും പൂജാദ്രവ്യങ്ങളും നിറച്ചിട്ടുണ്ട്. മൃതദേഹം പുറത്തെടുത്താലുടന്‍ പോസ്റ്റ്മോർട്ടം നടപടികള്‍ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിലൂടെ മരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും.
രണ്ട് 2 ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം സ്ഥലത്തുണ്ട്. ജില്ലാ ഭരണകൂടമാണു കാര്യങ്ങൾ ഏകോപിപ്പിക്കുന്നത്. രാവിലെതന്നെ കല്ലറയിലേക്കുള്ള വഴി അടയ്ക്കുകയും പൊതുജനങ്ങള്‍ക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്തിരുന്നു. കല്ലറ ടാര്‍പോളിന്‍ ഉപയോഗിച്ച് മറയ്ക്കുകയും ചെയ്തു. ആർഡിഒ എത്തിയതിനു പിന്നാലേയാണ് കല്ലറ പൊളിക്കാന്‍ തുടങ്ങിയത്. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്ത് എത്തിയിരുന്നു.
നേരത്തെ ചുമട്ടുതൊഴിലാളിയായിരുന്ന ഗോപൻ ബി.എം.എസ് പ്രവർത്തകനായിരുന്നു. നാലുവർഷം മുമ്പാണ് ചുമട്ടുതൊഴിൽ ഒഴിവാക്കിയത്. പിന്നീട് തമിഴ്നാട്ടിൽ പോയാണ് സന്യാസിയായത്.
കല്ലറ പരിശോധിക്കാനുള്ള ആർഡിഒയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഇന്നലെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ിത് കോടതി അംഗീകരിച്ചില്ല. മരണസര്‍ട്ടിഫിക്കറ്റ് ഇല്ല എങ്കില്‍ അസ്വാഭാവിക മരണമായി കണക്കാക്കേണ്ടി വരുമെന്ന് കോടതി അറിയിച്ചു. ഇത് കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പോലീസോ സർക്കാരോ നടത്തുന്നത്. അതിലിടപെടാന്‍ കോടതിക്ക് ആവില്ലെന്ന് വ്യക്തമാക്കി. തുടർന്നാണ് ഇന്നു പുലർച്ചെതന്നെ വൻ പൊലീസ് സന്നാഹം ഗോപന്റെ വീട്ടിലെത്തിയതും ഭരണകൂടം കല്ലറ പൊളിക്കാന്‍ ആരംഭിച്ചതും.
