മനുഷ്യന് വിശ്വസിക്കാനാവാത്ത പല കാഴ്ചകളും ചൊവ്വാ ദൗത്യത്തിനിടെ പര്യവേക്ഷണ വാഹനങ്ങളുടെ ക്യാമറയിൽ പതിയാറുണ്ട്. അത്തരം ഒരു കാഴ്ചയാണ് നാസയുടെ മാർസ് റെക്കനൈസൻസ് ഓർബിറ്റർ (എംആർഒ) പകർത്തിയത്. വിചിത്രമായ ആകൃതിയിലുള്ള മണൽകൂനകളുടെ ചിത്രമാണ് എംആർഒ പകർത്തിയത്. കാഴ്ചയിൽ മണ്ണിൽ വീണുകിടക്കുന്ന പയർ മണികളാണെന്നേ തോന്നൂ.
ഓർബിറ്ററിലെ ഹൈ റെസലൂഷൻ ഇമേജിങ് സയൻസ് എക്സ്പിരിമെന്റ് ക്യാമറ 2022 സെപ്റ്റംബറിലാണ് ഈ ചിത്രം പകർത്തിയത്. കഴിഞ്ഞ മാസമാണ് ഇത് പുറത്തുവിട്ടത്. ചൊവ്വയിൽ ദീർഘകാലം ജീവന് നിലനിൽക്കാൻ സാധിക്കുമോ എന്ന് പരിശോധിക്കാൻ ഇതുവഴി സാധിക്കും,.
ഇത്തരത്തിലുള്ള മൺകൂനകൾ ഭൂമിയിലും രൂപപ്പെടാറുണ്ടെങ്കിലും അവ നിരന്തരം മാറിക്കൊണ്ടിരിക്കാറുണ്ട്. എന്നാൽ ഒരു പയർ മണിയുടെ ആകൃതിയിലുള്ള ചൊവ്വയിലെ മൺകൂനകൾ നിശ്ചലമാണ്. ചൊവ്വയിലെ ശൈത്യകാലത്ത് കാർബൺ ഡൈ ഓക്സൈഡ് തണുത്തുറഞ്ഞ് ഈ മൺകൂനകളിൽ മൂടിയിട്ടുണ്ടെന്നാണ് നാസയുടെ നിരീക്ഷണം.
ശൈത്യകാലത്ത് ചൊവ്വയിലെ രാത്രികാല താപനില മൈനസ് 123 ഡിഗ്രിവരെ താഴാറുണ്ട്. മഞ്ഞ് വീഴ്ചയ്ക്കും തണുത്തുറയുന്നതിനും ഈ താപനില ധാരാളമാണ്. എന്നാൽ ഭൂമിയിലെ മഞ്ഞിൽ നിന്ന് വ്യത്യസ്തമായി ചൊവ്വയിൽ രണ്ട് രൂപത്തിലാണ് മഞ്ഞ് രൂപപ്പെടാറ്. ഒന്ന് ജലം തണുത്തുറഞ്ഞാണ് ഉണ്ടാവുന്നത്, കാർബൺ ഡൈ ഓക്സൈഡ് തണുത്തുറഞ്ഞാണ് മറ്റൊന്നുണ്ടാവുന്നത്.
ഈ മഞ്ഞ് മണൽകൂനയെ മൂടുകയും കാറ്റിൽ അവ പറന്നുയർന്ന് രൂപമാറ്റം സംഭവിക്കുന്നത് തടയുകയും ചെയ്യും. ഈ കാർബൺ ഡൈഓക്സൈഡ് മഞ്ഞിനെ കുറിച്ചുള്ള പഠനം ചൊവ്വയിലെ കാലാവസ്ഥ മനസിലാക്കുന്നതിന് പ്രധാനപ്പെട്ടതായാണ് നാസ പറയുന്നത്.
