2020- ൽ ഇതുപോലൊരു ജനുവരി മാസത്തിലാണ് ചൈനയിലെ വുഹാനിൽ നിന്നൊരു വൈറസ് ലോകമാകെ പടരുന്നത്. കൊറോണ. അഞ്ച് വർഷങ്ങൾക്കിപ്പുറം വീണ്ടും ഒരു വൈറസ് ചൈനയെ വിറപ്പിക്കുന്നുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. പേര് ഹ്യൂമൻ മെറ്റാന്യൂമോവൈറസ്,അഥവാ HMPV.
ആശുപത്രികളിൽ മാസ്ക് ധരിച്ച് ചികിത്സയ്ക്കെത്തുന്ന രോഗികളുടെ വീഡിയോകൾ സോഷ്യൽമീഡിയയിൽ നേരത്തേ പ്രചരിച്ചു തുടങ്ങിയിരുന്നു. അന്നു മുതൽ ലോകം ജാഗ്രതയോടെ ചൈനയിലേക്ക് ഒരു കണ്ണു തുറന്നു വച്ചിരുന്നു. ചൈനയിൽ ഇൻഫ്ളുവൻസ എ, ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ്, കോവിഡ് 19 എന്നീ രോ?ഗങ്ങൾ പടരുന്നുവെന്ന വിവരങ്ങൾ ചില എക്സ് ഹാൻഡിലുകൾ പുറത്തുവിട്ടു.
ചൈനയിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുവെന്ന് വാർത്തയുണ്ടെങ്കിലും ചൈനയോ ലോകാരോഗ്യ സംഘടനയോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ വീഡിയോകൾ വ്യാപകമായി പ്രചരിക്കുകയും, ലോകം ആശങ്കയിലാകുകയും ചെയ്തതോടെ ചൈനാ വിദേശകാര്യവക്താവ് മാവോനിങ്ങിന്റെ പ്രസ്താവനയെത്തി. ശൈത്യകാലത്ത് സാധാരണ കാണുന്ന ശ്വാസകോശ സംബന്ധമായ അണുബാധ രാജ്യത്ത് പടരുന്നുണ്ട്. അതിന് രോഗതീവ്രത കുറവാണ്. രോഗാവസ്ഥ അത്ര കാര്യമാക്കേണ്ടതില്ലെന്നും യാത്രകൾക്കടക്കം ചൈന സുരക്ഷിതമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മാത്രമല്ല മുൻവർഷങ്ങളെ അപേക്ഷിച്ച് രോഗങ്ങളുടെ തീവ്രത ചൈനയിൽ കുറവാണെന്നും അദ്ദേഹം പറയുന്നു.
ചൈനയുടെ വടക്കൻ പ്രവിശ്യയിലാണ് കൂടുതൽ കേസുകളും റിപ്പോർട്ട് ചെയ്യുന്നത്. അതും 14 വയസിന് താഴെ പ്രായമുള്ള കുട്ടികളിൽ. കോവിഡിന് സമാനമായി ശ്വസനേന്ദ്രിയ സംവിധാനങ്ങളെ ബാധിക്കുന്ന അണുബാധയാണ് എച്ച്.എം.പി.വി. എന്നാണ് ഔദ്യോഗിക വിശദീകരണം.വിദേശികൾക്ക് ചൈനയിലേക്കുള്ള യാത്ര സുരക്ഷിതമാണ്. രാജ്യത്തെ പൗരൻമാരെടെയും ചൈനയിലേക്കെത്തുന്ന വിദേശികളുടെയും ആരോഗ്യത്തെക്കുറിച്ച് ശ്രദ്ധിക്കുന്നുണ്ടെന്ന ഉറപ്പും ചൈനീസ് സർക്കാർ നൽകി.