ചൈനയിൽ വ്യാപകമായി പടരുന്നതായി പറയുന്ന എച്ച്എംപിവി വൈറസ്(ഹ്യൂമൻ മെറ്റന്യൂമോ വൈറസ്) ഇന്ത്യയിൽ സ്ഥിരീകരിച്ചു. ബെംഗളൂരുവിൽ മൂന്നുമാസം പ്രായമുള്ള കുട്ടിക്കും എട്ടുമാസം പ്രായമുള്ള കുട്ടിക്കും ആണ് വൈറസ് സ്ഥിരീകരിച്ചത്. കുട്ടികൾക്കു വിദേശയാത്രാ പശ്ചാത്തലമില്ല. പരിശോധനയിൽ കുട്ടികൾ പോസിറ്റീവ് ആണെന്നു തെളിഞ്ഞതായി കർണാടക ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. വിവരം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ കർണാടക സർക്കാർ അറിയിച്ചു. ഇന്ത്യയിൽ ആദ്യമായാണ് എച്ച്എംപിവി സ്ഥിരീകരിക്കുന്നത്.
മൂന്ന് മാസം പ്രായമുള്ള കുട്ടി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. എട്ടുമാസം പ്രായമുള്ള കുട്ടി സുഖംപ്രാപിച്ച് വരികയാണെന്നും അധികൃതര്‍ പറഞ്ഞു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) പതിവ് നിരീക്ഷണത്തിലാണ് HMPV കേസുകള്‍ തിരിച്ചറിഞ്ഞതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.അതേസമയം, വൈറസ് കാര്യമായി ബാധിക്കുക രോഗ പ്രതിരോധ ശേഷി കുറവുളള കുട്ടികളെയും പ്രായമുള്ളവരെയുമാണ് . പനി, തുമ്മൽ ചുമ, ജലദോഷം, എന്നിവയാണ് എച്ച് എം പിവിയുടെ ലക്ഷണങ്ങൾ. ഈ വൈറസ് 2001 മുതൽ പല രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഇത്ര വ്യാപകമായി പടർന്നുപിടിച്ചിരുന്നില്ല. എച്ച്എംപിവിക്ക് പ്രത്യേക മരുന്നോ വാക്സീനോ ഇല്ല. ലക്ഷണങ്ങൾ അനുസരിച്ചുള്ള ചികിത്സ മാത്രമാണ് ഉള്ളത്.
ചൈനയിൽ രോഗബാധ വർധിക്കുന്നതായി വാർത്താ ഏജൻസികളാണ് റിപ്പോർട്ട് ചെയ്തത്. ചൈനയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെന്നു സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ടായെങ്കിലും അധികൃതർ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. ഇൻഫ്ലുവൻസ എ, മൈകോപ്ലാസ്മ ന്യുമോണിയ, കോവിഡ് തുടങ്ങിയവയും പടർന്നു പിടിക്കുന്നതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കുട്ടികളെയും പ്രായമുള്ളവരെയുമാണ് ഈ വൈറസ് കാര്യമായി ബാധിക്കുന്നതെന്നാണു വിവരം. ഫ്ലൂ ആയോ ചുമ, ജലദോഷം, പനി, തുമ്മൽ എന്നിങ്ങനെയോ ആദ്യം ശരീരത്തിൽ കയറുന്ന വൈറസ് രോഗപ്രതിരോധശേഷി കുറവുള്ളവരിൽ പിന്നീട് ബ്രോങ്കൈറ്റിസ്, ന്യുമോണിയ എന്നിവയിലേക്കു കടക്കുമെന്നാണ് ആരോഗ്യമേഖലയിലുള്ളവർ പറയുന്നത്.