സമാധി വിവാദത്തെ തുടർന്നു നെയ്യാറ്റിൻകരയിൽ കല്ലറ തുറന്നു പുറത്തെടുത്ത ഗോപന്റെ മൃതദേഹം സംസ്കരിച്ചു. ഇന്നലെ പൊളിച്ച കല്ലറയ്ക്കു പകരം പുതിയ കല്ലറ തീർത്തായിരുന്നു ചടങ്ങുകൾ. സന്യാസിമാരുടെ സാന്നിധ്യത്തിൽ നടത്തിയ ചടങ്ങിൽ ഗോപന്റെ രണ്ട് മക്കളും പങ്കെടുത്തു. നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് നാമജപയാത്ര ആയാണു മൃതദേഹം വീട്ടിലേക്കു കൊണ്ടുവന്നത്. സംസ്കാര ചടങ്ങിൽ വിഷ്ണുപുരം ചന്ദ്രശേഖരൻ അടക്കമുള്ള ഹിന്ദു സംഘടന നേതാക്കളും പങ്കെടുത്തു.
നാമജപയാത്രയോടെയാണ് മൃതദേഹം വീട്ടിൽ എത്തിച്ചത്. തുടർന്ന് മതാചാര്യന്മാരുടെ സാന്നിധ്യത്തിൽ മൃതദേഹം സംസ്കരിക്കുകയായിരുന്നു. ഇതിനായി പുതിയ സമാധി സ്ഥലം ഒരുക്കിയിയിരുന്നു. മൃതദേഹം പുറത്തെടുക്കാനായി പൊളിച്ച കല്ലറക്ക് സമീപം ഇഷ്ടിക കൊണ്ടാണ് 'ഋഷിപീഠം' എന്ന പേരിൽ പുതിയ സംസ്കാര സ്ഥലം ഒരുക്കിയത്. സംസ്കാര ചടങ്ങിനായി വീടിനു മുന്നിൽ പന്തൽ ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. നിരവധി പേരാണ് എത്തിച്ചേർന്നത്.
പോസ്റ്റുമോർട്ടത്തിന് ശേഷം ഉച്ചയ്ക്ക് രണ്ടു മണിയോടെ മൃതദേഹം നാമജപയാത്രയായി സംസ്കരിക്കുന്ന സ്ഥലത്തേക്ക് കൊണ്ടുവരാൻ തുടങ്ങിയത്. പൂർണമായ ഹൈന്ദവാചാര പ്രകാരമുള്ള സമാധിയായിട്ടായിരുന്നു സംസ്കാരം നടന്നത്.വൈകിട്ട് ആറോടെയാണ് സംസ്കാരചടങ്ങുകൾ പൂർത്തിയായത്. നാലുമണിയോടെ ചടങ്ങുകൾ ആരംഭിച്ചിരുന്നു.ചെങ്കൽ ക്ഷേത്ര മഠാധിപതി മഹേശ്വരാനന്ദ സരസ്വതിയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ പൂർത്തിയാക്കിയത്.
