കാനഡയെ യുഎസ്സിന്റെ 51-ാം സ്റ്റേറ്റ് ആക്കണമെന്ന ട്രംപിന്റെ ആവശ്യത്തിൽ പ്രതികരണവുമായി ജസ്റ്റിന് ട്രൂഡോ. "നോട്ട് എ സ്നോബോൾ ചാൻസ് ഇൻ ഹെൽ" എന്ന ഇംഗ്ലീഷ് പ്രയോഗം ഉപയോഗിച്ചായിരുന്നു ജസ്റ്റിന് ട്രൂഡോയുടെ മറുപടി. കാനഡ യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ ഭാഗമാകുമെന്നത് അസാധ്യമാണെന്നും അതിന് നേരിയ സാധ്യതപോലും ഇല്ലെന്നും ജസ്റ്റിന് ട്രൂഡോ പറഞ്ഞു. വ്യാപാരത്തിലും സുരക്ഷയിലും വലിയ പങ്കാളികളായി തുടരുന്നതിന്റെ ആനുകൂല്യം ഇരുരാജ്യങ്ങളിലേയും തൊഴിലാളികള്‍ക്കും ജനസമൂഹത്തിനും ലഭിക്കുമെന്നും ജസ്റ്റിന് ട്രൂഡോ എക്സിൽ കുറിച്ചു.ട്രംപിന്റെ അടുത്തയാളായ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സാമൂഹികമാധ്യമമായ എക്സിലൂടെയായിരുന്നു ട്രൂഡോയുടെ പ്രതികരണം എന്നതാണ് ഇതിൽ ഏറ്റവും വലിയ കാര്യം.
'കാനഡ യു.എസ്സിന്റെ ഭാഗമാകുന്നതിനുള്ള നേരിയ സാധ്യതപോലും ഇല്ല. വ്യാപാരത്തിലും സുരക്ഷയിലും വലിയ പങ്കാളികളായി തുടരുന്നതിന്റെ ആനുകൂല്യം ഇരുരാജ്യങ്ങളിലേയും തൊഴിലാളികൾക്കും ജനസമൂഹത്തിനും ലഭിക്കുന്നു.' -ജസ്റ്റിൻ ട്രൂഡോ പറഞ്ഞു.
'നോട്ട് എ സ്നോബോൾസ് ചാൻസ് ഇൻ ഹെൽ' (Not a snowball's chance in hell) എന്ന ഇംഗ്ലീഷ് ശൈലി ഉപയോഗിച്ചാണ് ട്രംപിന്റെ യു.എസ്-കാനഡ ലയന നിർദേശത്തിന് ട്രൂഡോ മറുപടി പറഞ്ഞത്. 'ഒരിക്കലും നടക്കാത്ത കാര്യം' എന്നാണ് ഇംഗ്ലീഷ് ഭാഷയിലെ ഈ ശൈലിയുടെ അർഥം.
പ്രധാനമന്ത്രിക്ക് പിന്നാലെ കനേഡിയൻ വിദേശകാര്യ മന്ത്രിയും ട്രംപിനെതിരെ രംഗത്തെത്തി. ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് മുന്നിൽ രാജ്യം മുട്ടുമടക്കില്ലെന്നാണ് വിദേശകാര്യമന്ത്രി മെലാനി ജോളി പറഞ്ഞത്. കാനഡയെ കുറിച്ച് ട്രംപിന് യാതൊരു ധാരണയുമില്ലെന്നും അവർ പറഞ്ഞു.
'ഞങ്ങളുടെ സമ്പദ്വ്യവസ്ഥ ശക്തമാണ്. ഞങ്ങളുടെ ജനങ്ങളും ശക്തരാണ്. ഭീഷണികൾക്ക് മുന്നിൽ ഞങ്ങൾ മുട്ടുമടക്കില്ല.' -കനേഡിയൻ വിദേശകാര്യമന്ത്രി എക്സിലൂടെ പറഞ്ഞു.
കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ രാജിക്കു പിന്നാലെയാണ് കാനഡയെ യുഎസ്സില്‍ ലയിപ്പിക്കണമെന്ന ആശയം ആവര്‍ത്തിച്ച് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയത്. നവംബര്‍ 5 ന് മാര്‍ എ ലാഗോയിലെ തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം ട്രൂഡോയുമായുള്ള കൂടിക്കാഴ്ച മുതല്‍ ട്രംപ് ഉന്നയിക്കുന്ന ആശയമാണ് കാനഡയെ യുഎസ് സംസ്ഥാനമാക്കുക എന്നത്. പിന്നീട് നിരവധി തവണ സോഷ്യല്‍മീഡിയ പോസ്റ്റുകളിലും ട്രംപ് ഇതേ ആശയം മുന്നോട്ടുവെച്ചിരുന്നു.
കാനഡയെ നിലനിര്‍ത്തുന്നതിനായി നല്കുന്ന സബ്സിഡിയും ഇടപാടുകളിലെ വ്യാപാരക്കമ്മിയും അമേരിക്കയ്ക്ക് താങ്ങാനാകുന്നതല്ലെന്നും കാനഡയിലെ നിരവധിയാളുകള്‍ യുഎസ് സംസ്ഥാനമാകുന്നതിനായി ആഗ്രഹിക്കുന്നവരാണെന്നുമാണ് ട്രംപിന്റെ വാദം. ഇത് മനസ്സിലാക്കിയാണ് ജസ്റ്റിന് ട്രൂഡോ രാജിവെച്ചതെന്നും ട്രംപ് തന്റെ സോഷ്യല്‍മീഡിയയിലൂടെ പറഞ്ഞിരുന്നു.