അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ വേദന തിന്ന് നടന്ന കൊമ്പൻ്റെ ചികിത്സാ ദൗത്യത്തിൽ ഒന്നും രണ്ടും ഘട്ടങ്ങൾ വിജയകരമായി പൂർത്തിയാക്കി വനം വകുപ്പിന് കീഴിലുള്ള എലിഫൻ്റ് സ്ക്വാഡ്. ഗുരുതരാവസ്ഥയിലുള്ള കാട്ടു കൊമ്പനെ ഫോറസ്റ്റ് വകുപ്പിൻ്റെ ആംബുലൻസിൽ കോടനാട്ട് എത്തിച്ചു.ചികിത്സ ആരംഭിച്ചു. അനിമൽ ആംബുലൻസിൽ തടിയും കയറും ഉപയോഗിച്ച് തയാറാക്കിയ കരുത്തുറ്റ കൂട്ടിലേക്കു കുങ്കിയാനകളെ സഹായത്തോടെയാണ് ആനയെ കയറ്റിയത്. ആരോഗ്യം വീണ്ടെടുത്ത ആന തലയും ചെവിയും ചെറുതായി ഇളക്കി അനുസരണയോടെയാണ് ലോറിയിൽ നിന്നത്. മസ്തകത്തിൽ മുറിവേറ്റ ആനയെ ചികിത്സിക്കാനാണു മയക്കുവെടി വച്ചത്.
അതിരപ്പള്ളിയിൽനിന്ന് 25 കിലോമീറ്റർ ദൂരെയുള്ള അഭയാരണ്യത്തിൽ ഒരു മണിക്കൂർ കൊണ്ടാണ് ആനയെ ചികിത്സ നൽകുന്നിടത്തേക്ക് എത്തിച്ചത്.അതിരപ്പിള്ളി കാലടി പ്ലാൻ്റേഷൻ നിൽക്കുകയായിരുന്ന ആനയെ ഇന്ന് രാവിലെ 6.30ഓടെ ആനയെ മയക്കുവെടി വെക്കുകയായിരുന്നു. 15 മിനിറ്റിന് ശേഷം മയങ്ങി വീണ കൊമ്പനെ വെളളം തളിച്ച് ഉണർത്തിയ ശേഷം മൂന്ന് കുങ്കിയാനകളുടെ സഹായത്തോടെ ലോറിയിൽ കയറ്റുകയായിരുന്നു.
മസ്തകത്തിലെ മുറിവില്‍ നിന്നും പുഴു അരിച്ചിറങ്ങുന്ന ദയനീയ അവസ്ഥയിലാണ് കാട്ടാന. മുറിവിലേക്ക് ഇടവേളകളില്‍ മണ്ണ് വാരിയെറിയുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കുന്നുണ്ട്. മയങ്ങി വീണ ആനയുടെ മുറിവിൽ നിന്ന് പഴുപ്പ് നീക്കം ചെയ്തു, തുടർന്ന് മരുന്നുകളും വെച്ചു.ആനയെ പിടികൂടി ചികിത്സ നൽകാനുള്ള ചീഫ് വൈൽഡ്ലൈഫ് വാർഡൻ്റെ ഉത്തരവ് ഇന്ന് രാവിലെ പുറത്തിറങ്ങിയിരുന്നു. മുറിവേറ്റ കൊമ്പൻ രാവിലെ നനവുള്ള പ്രദേശത്താണ് ഉണ്ടായിരുന്നത്. ഇവിടെ നിന്നും കൊമ്പനെ മാറ്റാനുള്ള സജ്ജീകരണങ്ങളെല്ലാം തയ്യാറാക്കിയിരുന്നു. മസ്തകത്തിൽ പരിക്കേറ്റ കൊമ്പൻ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ജനവാസ മേഖലയിലെത്തിയിരുന്നു. അതിരപ്പള്ളി കാലടി പ്ലാൻ്റേഷൻ പതിനേഴാം എസ്റ്റേറ്റിലെ വെറ്റിലപ്പാറ ക്ഷേത്രത്തിന് സമീപമാണ് ആന എത്തിയത്.
മയക്കു വെടി ഏറ്റ ആനയെ ഏഴാറ്റുമുഖം ഗണപതിയെന്ന കാട്ടുകൊമ്പൻ താങ്ങി നിർത്തുന്ന കാഴ്ച ആരും പ്രതീക്ഷിക്കാത്ത സംഭവമായിരുന്നു. താങ്ങി നിർത്തുന്നതിനൊപ്പം തന്റെ തുമ്പികൈ ഉപയോഗിച്ച് മുറിവേറ്റ കൊമ്പനെ പിടിച്ചുനിർത്തുന്ന നിർത്തുന്ന രംഗവും എല്ലാവരും കണ്ടു. ഒടുവിൽ തൻറെ പിടിവിട്ടു ചേർത്തുപിടിച്ചുനിൽക്കുന്നതിനിടയിലാണ് മുറിവേറ്റ കൊമ്പൻ താഴേക്ക് വീണത്. അന്നിട്ടും മാറാതെ സമീപത്ത് തന്നെ ഗണപതി നിലയുറപ്പിച്ചിരുന്നു. ഒടുവിൽ പടക്കം പൊട്ടിച്ച് ആണ് കാട്ടാന അവിടെ നിന്ന് തുരുത്തുന്നതും, മറ്റുള്ളവർ വെടിയേറ്റ ആനയ്ക്ക് സമീപത്തേക്ക് പോയത്.
അതേസമയം അതിരപ്പള്ളിയിൽ മസ്തകത്തിൽ പരിക്കേറ്റ കാട്ടാനയ്ക്ക് ചികിത്സ നൽകുന്ന ദൗത്യം പൂർണ വിജയമെന്ന് പറയാനായിട്ടില്ലെന്ന് ഡോ. അരുൺ സക്കറിയ. ഒരു അടിയോളം ആഴത്തിലുള്ളതാണ് ആനയുടെ തലയിൽ കണ്ടെത്തിയ മുറിവെന്നും ആന ആരോഗ്യവാനായാൽ മാത്രമേ ദൗത്യം വിജയകരമാകുവെന്നും ഡോ. അരുൺ സക്കറിയ അറിയിച്ചു. ഒന്നര മാസത്തോളം ചികിത്സ വേണ്ടിവരും.