ഞരമ്പിൽ ചിത്രശലഭത്തിന്റെ അവശിഷ്ടങ്ങൾ കുത്തിവെച്ചതിനെ തുടർന്ന് ബ്രസീലിൽ കൗമാരക്കാരന് ദാരുണാന്ത്യം. സോഷ്യൽ മീഡിയ വൈറൽ ചലഞ്ച് ആണോ ഇതിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. 14 വയസുള്ള ഡേവി ന്യൂൺസ് മൊറേര ആണ് മരിച്ചത്. ചത്ത ശലഭത്തെ വെള്ളത്തിൽ കലർത്തി വലത് കാലിൽ കുത്തിവെക്കുകയായിരുന്നുവെന്ന് കുട്ടി ഡോക്ടർമാരോട് പറഞ്ഞിരുന്നു.
ശരീരത്തിൽ ചിത്രശലഭ അവശിഷ്ടങ്ങൾ കുത്തിവെച്ചതിന് ശേഷം ഡേവി ന്യൂൺസ് ഛർദ്ദിക്കാൻ തുടങ്ങി. പിന്നീട് നടക്കാൻ വയ്യാതായ ഡേവി ന്യൂൺസിന് വലതുകാലിൽ മുടന്തലും അനുഭവപ്പെട്ടു.
വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി വീട്ടുകാരോട് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നില്ല. കളിക്കുന്നതിനിടെ വീണ് പരിക്കേറ്റെന്നായിരുന്നു ഡേവി ന്യൂൺസ് വീട്ടുകാരോട് പറഞ്ഞത്. ഒടുവിൽ നില വഷളായപ്പോളാണ് താൻ വലതു കാലിൽ ചിത്രശലഭത്തിന്റെ അവശിഷ്ടങ്ങൾ കുത്തിവച്ചതായി ഡോക്ടറോട് കുട്ടി സമ്മതിച്ചത്. മരിച്ച ഒരു പൂമ്പാറ്റയെ വെള്ളത്തില്‍ കലർത്തിയ ശേഷം ആ വെള്ളം തന്റെ കാല് ഞരമ്പില്‍ കുത്തിവച്ചെന്നാണ് കുട്ടിപറഞ്ഞത്. മറ്റൊരു ആശുപത്രിയിലേക്ക് കുട്ടിയെ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഏഴു ദിവസം വേദന അനുഭവിച്ചു കിടന്നതിനുശേഷം ആണ് മരണം.
ഡേവി ന്യൂൺസ് തലയിണയ്ക്കടിയിൽ ഒളിപ്പിച്ച സിറിഞ്ച് കുട്ടിയുടെ പിതാവ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ചിത്രശലഭത്തിന്റെ ഇനം ഏതാണെന്ന് പൊലീസിന് കണ്ടെത്താൻ സാധിച്ചിട്ടില്ല. ചിത്രശലഭ അവശിഷ്ടങ്ങളിലെ വിഷവസ്തുക്കൾ മൂലമോ, സെപ്റ്റിക് ഷോക്ക് മൂലമോ ആകാം കുട്ടിയുടെ മരണം സംഭവിച്ചതെന്ന് ചിത്രശലഭ വിദഗ്ദ്ധനും സാവോ പോളോ സർവകലാശാലയിലെ സുവോളജി മ്യൂസിയത്തിന്റെ ഡയറക്ടറുമായ മാർസെലോ ഡുവാർട്ടെ പറയുന്നു. ഡേവി ന്യൂൺസ് മൊറേറയ്ക്ക് രക്തം കട്ടപിടിക്കുന്ന അവസ്ഥയും അലർജി പ്രശ്നങ്ങളും അനുഭവപ്പെട്ടിരുന്നു. കുത്തിവയ്പ്പിനിടെ രക്തധമനികളിലേക്ക് വായു കയറി രക്തം കട്ടിപിടിച്ചിരിക്കാം എന്നും സംശയമുണ്ട്. ബഹിയ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.രക്ത ധമനികളില്‍ രക്തം കട്ടപിടിക്കുന്ന അവസ്ഥയാണ് വിദ്യാര്‍ത്ഥിയുടെ പെട്ടെന്നുള്ള മരണത്തിന് കാരണമെന്നും അധികൃതര്‍ പറഞ്ഞു.
2024 ഏപ്രിലിൽ, രണ്ട് ദശലക്ഷം ഫോളോവേഴ്സുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ താമി എംസിക്ക് ഒരു വൈറൽ ചലഞ്ചിൽ പങ്കെടുത്തതിനെത്തുടർന്ന് നെക്രോസിസ് ബാധിച്ചിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, താമി ഒരു ഐസ് ബക്കറ്റിൽ ദീർഘനേരം നിന്നതായും, പിന്നാലെ കാലുകൾ കറുത്തതായും കണ്ടെത്തി. രക്തം കട്ടപിടിക്കുന്നതിനും ഗുരുതരമായ ടിഷ്യു കേടുപാടുകൾക്കും സാധ്യതയുണ്ടെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി, ഒരു മിനിറ്റ് കൂടി ഐസിൽ തുടർന്നിരുന്നെങ്കിൽ കൂടുതൽ ഗുരുതരമായി അത് മാറുമായിരുന്നു.