ഡോൾഫിൻ വിഭാഗത്തിലെ കൊലയാളിത്തിമിംഗിലങ്ങളായ ഫോൾസ് കില്ലർ വെയിലുകൾ കൂട്ടത്തോടെ ടാസ്മാനിയൻ തീരത്തടിഞ്ഞു. ടാസ്മാനിയയുടെ വടക്കുപടിഞ്ഞാറൻ തീരത്ത് അർതുർ നദിക്ക് സമീപമാണ് സംഭവം. തീരത്തടിഞ്ഞ 157 തിമിംഗിലങ്ങളുടെ നല്ലൊരു പങ്കും ചത്തു. ബാക്കിയുള്ളവയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പരാജയമായതോടെ തിമിംഗിലങ്ങളെ ദയാവധത്തിന് വിധേയമാക്കാനൊരുങ്ങുകയാണ് അധികൃതർ. ഓസ്ട്രേലിയയുടെ തെക്കൻ ദ്വീപ് ആണ് ടാസ്മാനിയ.
ബുധനാഴ്ച രാവിലെയോടെ ജീവനുള്ള 136 കൊലയാളിത്തിമിംഗിലങ്ങളെ കണ്ടെത്താൻ സാധിച്ചെങ്കിലും അധികംവൈകാതെ എണ്ണം 90 ആയി കുറഞ്ഞു. കൊലയാളിത്തിമിംഗിലങ്ങൾ കൂട്ടത്തോടെ തീരത്തടിഞ്ഞ ബീച്ചിലേക്ക് എത്താനുള്ള അസൗകര്യവും പ്രതികൂലമായ കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നുണ്ട്.കൊലയാളിത്തിമിംഗിലങ്ങൾ കൂട്ടത്തോടെ തീരത്തടിഞ്ഞതിന് പിന്നിലെ കാരണം വ്യക്തമല്ല.
രക്ഷപ്പെട്ട ഡോൾഫിനുകളെ രക്ഷപ്പെടുത്താൻ രക്ഷാസംഘം ശ്രമിച്ചെങ്കിലും, ഒരു ടണോളം ഭാരം വരുന്ന ഇവയെ തിരികെ കടലിലേക്ക് തിരികെ അയക്കാൻ സാധിക്കുന്നില്ല. അതിനാൽ, ജീവനുള്ളവയെ ദയാവധത്തിന് വിധേയരാക്കേണ്ടി വന്നേക്കുമെന്നാണ് അധികൃതർ പറയുന്നത്. ഓസ്ട്രേലിയൻ കടൽത്തീരങ്ങളിൽ ഈ ഇനം ഡോൾഫിനുകൾ വന്നടിയുന്നത് ഒരു സാധാരണ സംഭവമാണ്.
50 വർഷങ്ങൾക്കുശേഷമാണ് ടാസ്മാനിയൻ തീരത്ത് ഫോൾസ് കില്ലർ വെയിലുകൾ തീരത്തടിയുന്നത്. ഡോൾഫിൻ സ്പീഷിസുകളിലെ തന്നെ ലോകത്തിൽ ഏറ്റവും വലിപ്പമേറിയവയാണ് ഫോൾസ് കില്ലർ വെയിലുകൾ. ആറ് മീറ്ററോളം നീളംവെയ്ക്കുന്ന ഇവയ്ക്ക് ഒന്നരടൺവരെ ഭാരമുണ്ടാകും.
1974-ലാണ് ഫോൾസ് കില്ലർ വെയിലുകൾ ഏറ്റവുമൊടുവിലായി ടാസ്മാനിയൻ തീരത്തടിയുന്നത്. അന്ന് 160 കൊലയാളിത്തിമിംഗിലങ്ങളുടെ കൂട്ടമാണ് തീരത്തടിഞ്ഞത്. 2020-ൽ 470 പൈലറ്റ് വെയിലുകളും 2022-ൽ 200 പൈലറ്റ് വെയിലുകളും തീരത്തടിഞ്ഞിരുന്നു.വംശനാശ ഭീഷണി നേരിടുന്നതിന് അരികത്തായാണ് ഈ ഇനങ്ങളെ ഓസ്ട്രേലിയൻ സർക്കാർ കണക്കാക്കുന്നത്. ഈ ഡോൾഫിൻ വർഗ്ഗത്തിന് ശരിക്കും ശക്തമായ സാമൂഹിക ബന്ധങ്ങളുണ്ട്. വഴിതെറ്റിയ ഒരു ഡോൾഫിന് ബാക്കിയുള്ളവയെ കൂടി കരയിലേക്ക് എത്തിക്കാൻ കഴിയുമെന്നാണ് ബയോളജിസ്റ്റായ ക്രിസ് കാരിലോൺ ഇതേക്കുറിച്ച് പറയുന്നത്.